മഴ തുണയായി; ഇൗന്തപ്പഴ വിളവേറും, പ്രതീക്ഷയോടെ ഷാർജയിലെ മലയാളികളുടെ വിപണി
Mail This Article
ഷാർജ ∙ ഏപ്രിൽ രണ്ടാം വാരത്തിൽ തകർത്തു പെയ്ത മഴ തുണയായത് യുഎഇയിലെ ഇൗന്തപ്പഴ കർഷകർക്ക്. കായ്ച്ചു തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ലഭിച്ച മഴ ഇൗന്തപ്പനകൾക്ക് ഉന്മേഷം പകരുകയും വിളവ് വർധിക്കാൻ കാരണമാകുകയും ചെയ്തു. ഇതനുസരിച്ച് ഇപ്രാവശ്യം വിപണിയിൽ കൂടുതൽ ഇൗന്തപ്പഴമെത്തുകയും വില കുറച്ച് നൽകാൻ കഴിഞ്ഞാല്‍ കച്ചവടം വർധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഷാർജ സൂഖ് അൽ ജുബൈൽ മാർക്കറ്റിലെ മലയാളി വ്യാപാരികൾ. മുൻ വർഷങ്ങളിൽ കടുത്ത വേനൽക്കാലത്ത് ഇൗന്തപ്പനകൾക്ക് വെള്ളമെത്തിക്കാൻ വലിയൊരു ശതമാനം കർഷകർക്കും സാധിക്കാത്തതിനൽ വിള കുറഞ്ഞുപോകാറുണ്ടായിരുന്നു. അബുദാബി, അൽ െഎൻ, ദുബായിലെ അൽ ഖവാനീജ് എന്നിവിടങ്ങളിലാണ് യുഎഇയിൽ കാര്യമായ ഇൗന്തപ്പനത്തോട്ടങ്ങളുള്ളത്.
'മരുഭൂമിയുടെ അപ്പം'
വേനൽ കടുക്കുമ്പോഴാണ് ഇൗന്തപ്പഴം നന്നായി പഴുക്കുക. വിള കൂടിയതോടെ അൽ ജുബൈൽ മാർക്കറ്റിൽ വാർഷിക ഇൗന്തപ്പഴോത്സവവും ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 'മരുഭൂമിയുടെ അപ്പം' തേടി ആളുകൾ എത്തിത്തുടങ്ങി. വൈവിധ്യമാർന്ന ഇൗന്തപ്പഴങ്ങളാൽ സമൃദ്ധമാണ് അൽ ജുബൈലിലെ വിപണി. മലയാളികളുടെ പത്ത് കടകളാണ് ഇവിടെയുള്ളത്. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ലുലു, ഖുലാസ്, ഖനീജ് എന്നീ സ്വാദിഷ്ടമായ ഇൗന്തപ്പഴങ്ങൾ കൂടാതെ, ഒമാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് അറബികളുടെ ഇഷ്ടവിഭവമെത്തുന്നു. ഒമാനിൽ നിന്നാണ് ആദ്യം ഇൗന്തപ്പഴമെത്തിയത്. എന്നാൽ, ഏറ്റവും കൂടുതൽ എത്തുന്നത് സൗദിയിൽ നിന്നും. നഗാർ എന്ന സ്വാദേറിയ ഒമാനി ഇൗന്തപ്പഴത്തിന് യുഎഇയിൽ ആവശ്യക്കാരേറെ. ഇതിന് വിലയും ഇത്തിരി കൂടും. ബര്‍ഹി, ബൂമആന്‍, മക്തൂമി, ജബ്‌രി, ഹിലാലി, ഫറദ്, റസീസ്, ഖദ്‌റാവി, ശീഷി, നബ്തസൈഫ്, സുല്‍ത്താന, ഖനൈസി, മജ്ദൂല്‍, അന്‍ബറത്തുല്‍ മദീന, ഗുമാൻ, നഖാൽ, ഷകിരി, റൊട്ടോന, െഎൻ ബഗർ, ഹലാവി തുടങ്ങിയവയാണ് ഔഷധഗുണങ്ങളുള്ള മറ്റു പ്രധാന ഈന്തപ്പഴ വര്‍ഗം.
സീസൺ തുടങ്ങുന്ന കാലത്ത് കിലോ ഗ്രാമിന് 100 ദിർഹത്തോളം വാങ്ങുന്ന ഇൗന്തപ്പഴം ഒടുവിൽ 15 ദിർഹത്തിനും നൽകുന്നു. യുഎഇ ലിവ ഇൗന്തപ്പഴോത്സവത്തിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട, അൽ െഎന്‍, അബുദാബി തോട്ടങ്ങളിലായി ഉത്പാദിപ്പിക്കുന്ന ഉമ്മുദഹൻ എന്ന ഇൗന്തപ്പഴത്തിന് ലേലത്തിൽ കിലോയ്ക്ക് 2500 ദിർഹം വരെ ലഭിക്കാറുണ്ട്. കാണാൻ ചെറുതെങ്കിലും വളരെ രുചി സമ്മാനിക്കുന്ന ഇൗന്തപ്പഴമാണിതെന്ന് സൂഖ് അൽ ജുബൈൽ മാർക്കറ്റിലെ വ്യാപാരി കണ്ണൂർ മട്ടന്നൂർ സ്വദേശി സുലൈമാൻ മനോരമ ഒാൺലൈനോട് പറഞ്ഞു. സ്വദേശികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ഇൗ ഇൗന്തപ്പഴമാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനാണ് ഇവർ ഇവ വൻതുക നൽകി കൊണ്ടുപോകുന്നത്. ആവശ്യക്കാർക്ക് പാഴ്സലായി എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ഇതര അറബ് രാജ്യങ്ങളിൽ നിന്നും ആവശ്യക്കാരെത്തുന്നു. മലയാളികൾ അടക്കമുള്ള വിദേശികള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാനായി വാങ്ങാറുള്ളത് മുഴുവനും പഴുക്കാത്ത ഇൗന്തപ്പഴമാണ്. ഇൗന്തപ്പഴ അനുബന്ധ ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെ. ഇൗന്തപ്പഴ ഹലുവ, കേക്ക്, ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവ ഇവിടെ മിതമായ നിരക്കിൽ ലഭ്യമാണ്.
∙അന്ന് ഏറെ വിയർപ്പൊഴുക്കി; ഇന്ന് ശീതീകരണിയുടെ തണുപ്പിൽ
കേന്ദ്രീകൃത എസിയുള്ള സൂഖ് അൽ ജുബൈൽ മാർക്കറ്റ് സ്ഥാപിക്കുന്നതിന് മുൻപ് ജുബൈൽ ബസ് സ്റ്റേഷനടുത്തെ പഴം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന് ഷാർജ മുനിസിപ്പാലിറ്റി നിർമിച്ച താത്കാലിക ഇൗന്തപ്പഴ വിപണിയിലായിരുന്നു ഇൗന്തപ്പഴോത്സവം നടന്നിരുന്നത്. ശീതീകരണി ഘടിപ്പിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ തുണി കൊണ്ട് നിർമിച്ച ടെന്റുകളിൽ ഫാൻ ഉപയോഗിച്ച് പലരും ചൂടിനെ അകറ്റാൻ പാഴ് ശ്രമം നടത്തി. തുറന്ന ടെന്റായതിനാൽ അകത്തേയ്ക്ക് ചൂട് അടിച്ചുകയറിക്കൊണ്ടിരിക്കുമായിരുന്നത് പലരെയും പ്രയാസത്തിലാക്കി. പഴം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ഇൗന്തപ്പഴ മാർക്കറ്റ് അധികൃതർ പൊളിച്ചു നീക്കി താത്കാലിക മാർക്കറ്റ് പണിത് നൽകുകയായിരുന്നു. പഴം പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്കാണ് ഇൗന്തപ്പഴം, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ വിറ്റഴിക്കാൻ താത്കാലിക വിപണി ഒരുക്കിയത്. നേരത്തെ 28 കടകളുണ്ടായിരുന്നുവെങ്കിലും പിന്നീടത് 22 എണ്ണമായി ചുരുങ്ങി. വരുമാനവും കച്ചവടവും തമ്മിൽ ഒത്തു പോകാത്തതിനാൽ ഇപ്പോൾ സൂഖ് അൽ ജുബൈലിൽ പത്ത് കടകളേയുള്ളൂ. വ്യാപാരികളെ കൂടാതെ, ഒരു കടയിൽ ചുരുങ്ങിയത് അഞ്ച് ജോലിക്കാരുമുണ്ട്. നേരത്തെ മലയാളികളായിരുന്നെങ്കിലും ഇപ്പോൾ ഇവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. നിത്യേന 500 കിലോ ഗ്രാം വീതം ഒാരോ കടയിലും വിറ്റുപോകുന്നതായി ഇൗ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന സുലൈമാൻ പറയുന്നു.