ADVERTISEMENT

ദുബായ് ∙ ഒറ്റശ്വാസത്തിൽ ആഴക്കടലിലേക്ക് ഊളിയിട്ട് കയ്യിൽ മുറുകെ പിടിച്ച കുന്തം ഭീമൻ മത്സ്യങ്ങൾക്ക് നേരെ ഒരൊറ്റയേറ്. അതാ കുന്തമുനയേറ്റ് പിടഞ്ഞ മത്സ്യം കടലിനടിയിലെ ഗുഹയിലേക്ക് നീങ്ങുന്നു. അതിന് പിന്നാലെ ചെന്ന സരീറിന് പെട്ടെന്നായിരുന്നു ബോധം പോയത്. പിന്നീടൊന്നും ഓർമയില്ല. ബോധം വന്നപ്പോൾ കരയിൽ കിടക്കുന്നു. ചുറ്റും ആരെല്ലാമോ. കുന്തം ഉപയോഗിച്ചുള്ള മീൻ പിടിത്ത(സ്പിയർഫിഷിങ്)ത്തിന് കേമനായ സരീർ സൈഫുദ്ദീൻ എന്ന യുവാവ് ആഴക്കടലിൽ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകനായത് രാജകുടുംബാംഗം. യുഎഇയിലെ മികച്ച ഫ്രീഡൈവിങ് വിദഗ്ധരിൽ ഒരാൾ കൂടിയായ സരീർ മരണത്തോടടുത്തപ്പോഴാണ് രാജകുടുംബാംഗത്തിന്‍റെ സമയോചിത ഇടപെടലിലൂടെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയത്.

∙ഒറ്റശ്വാസത്തിൽ ആഴക്കടലിലേക്ക്
സ്കൂബ ഉപകരണങ്ങൾ ഉപയോഗിക്കാത്ത സാങ്കേതികതയാണ് ഫ്രീ ഡൈവിങ്. പകരം അവർ കഴിയുന്നിടത്തോളം ശ്വാസം അടക്കിപ്പിടിച്ചു സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. മുത്ത് വാരാനുള്ള പുരാതന ഡൈവിങ് പാരമ്പര്യത്തിൽ ഈ വിദ്യ ഉപയോഗിച്ചിരുന്നു. കരയിൽ നിന്ന് കിലോമീറ്ററുകൾ അകലെ സുഹൃത്തുക്കളോടൊപ്പം ഡൈവിങ് നടത്തുന്നതിനിടെ സരീറിന് ബോധം നഷ്ടപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ യുവാവിനെ ദുബായ് തീരത്ത് നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൂൺ ഐലൻഡിലെ ഏറ്റവും അടുത്തുള്ള കരയിലേയ്ക്ക് കൊണ്ടുപോയി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതിനാൽ സരീർ അർധബോധാവസ്ഥയിലായിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ ദുബായിലെ രാജകുടുംബത്തിലെ ഒരു അംഗം സമീപത്തുണ്ടായിരുന്നു, രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ തന്‍റെ സ്വകാര്യ ഡോക്ടറെയും മെഡിക്കൽ ടീമിനെയും അയച്ചു.

മൂൺ ഐലൻഡിലെ സുരക്ഷാ സംഘം രാജകുടുംബാംഗവുമായി ബന്ധപ്പെട്ടു. തുടർന്ന് ദുബായ് പൊലീസ് മെഡിക്കൽ ടീം ഹെലികോപ്റ്ററിൽ എത്തുന്നതുവരെ സരീറിന് അടിയന്തര സഹായം നൽകി. രാജകീയ മെഡിക്കൽ സംഘം പെട്ടെന്ന് എത്തിയതാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മൂൺ ഐലൻഡിൽ നിന്ന് ദുബായ് പൊലീസ് ഹെലികോപ്റ്ററിലാണ് സരീറിനെ ആശുപത്രിയിലെത്തിച്ചത്. രാജകുടുംബം, ദുബായ് പൊലീസ്, മൂൺ ഐലൻഡിലെ സുരക്ഷാ ഉദ്യോഗസ്ഥർ, സുഹൃത്തുക്കൾ, റാഷിദ് ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ പരിചരണത്തിന് സരീർ നന്ദി പറഞ്ഞു. ദുബായ് പൊലീസിന്‍റെ പ്രതികരണ സമയം അവിശ്വസനീയമായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കടൽത്തീരത്ത് ഒരാളെ എത്തിക്കുക എന്നത് സാധ്യമാകുമെന്ന് ഞാൻ കരുതിയില്ല.

∙ ആഴക്കടലിൽ നിന്ന് ജീവിതത്തിലേക്ക് 'രാജകീയ' മടക്കം
സരീറിനെ സുഖം പ്രാപിക്കാൻ സഹായിച്ച ഒരു ടീം അംഗം അദ്ദേഹം ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് പറഞ്ഞത്. സരീറിന്‍റെ ശ്വാസകോശത്തിൽ ധാരാളം വെള്ളം പ്രവേശിച്ചിരുന്നു. ഇതുമൂലം ശ്വാസതടസ്സം നേരിട്ടു. റാഷിദ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി കെയർ സ്പെഷ്യലിസ്റ്റ് അൽമിർ സ്മജ്ലോവിച്ച് പറഞ്ഞു. അദ്ദേഹത്തിന് വൈദ്യസഹായം ലഭിക്കുകയും 48 മണിക്കൂറിലേറെ ഉറങ്ങുകയും ചെയ്തു. വളരെ അപകടകരമായ ഡൈവിങ് ആണ് സരീർ നടത്തിയത്. കുന്തമുപയോഗിച്ചുള്ള മത്സ്യബന്ധനത്തിൽ 20 മീറ്റർ ആഴത്തിൽ മുങ്ങുന്നത് വിനോദമായി കണക്കാക്കുകയും താരതമ്യേന സുരക്ഷിതവുമാണ്.

ആർക്കും അത് ചെയ്യാൻ കഴിയുന്നു. എന്നാൽ 40 മീറ്ററിന് അടുത്തോ അതിൽ കൂടുതലോ ഉള്ള ആഴത്തിൽ ഒറ്റ ശ്വാസത്തിൽ അത്രയും ആഴത്തിൽ വേട്ടയാടാൻ കഴിയുന്ന ആളുകൾ ലോകത്ത് വളരെ കുറവാണ്. ദുബായിലെ സരിർ അവരിൽ ഒരാളാണ്. ഒറ്റ ഷോട്ടിൽ രണ്ട് മത്സ്യങ്ങളെ കുന്തമെറിഞ്ഞതിന് ശേഷം 32 മീറ്ററിൽ മൂന്ന് മിനിറ്റ് ശ്വാസം പിടിച്ചപ്പോൾ ലക്ഷ്യം കണ്ടു. അതേ സമയം വെള്ളത്തിനടിയിലുള്ള ഗുഹയ്ക്കുള്ളിൽ കയറിയ വലിയ മീനിനെ വീണ്ടെടുക്കാനും അദ്ദേഹം ശ്രമിച്ചെങ്കിലും അവശനാകുകയായിരുന്നു. അധികം താമസിയാതെ സരീറിനെ ആശുപത്രിയിൽ ഡിസ്ചാർജ് ചെതെങ്കിലും ദ്രാവകങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറത്തേക്ക് പൂർണ്ണമായും പുറത്തുവരാൻ ഒരുപാട് ദിവസങ്ങൾ എടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

English Summary:

Royal Family Saves The Life Of a UAE Diver After He Nearly Drowns; Here’s What Happened!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com