വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത: കാർ വിപണിയിൽ ‘രാജാവാകുന്നതിന്’ ദുബായ്
Mail This Article
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് ദുബായിൽ നിർമിക്കുന്നു. ഇതുസംബന്ധിച്ച പങ്കാളിത്ത കരാറിൽ ഡിപി വേൾഡും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു. 2 കോടി ചതുരശ്ര അടി വിസ്തീർണത്തിലായിക്കും കാർ മാർക്കറ്റ് പണിയുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോക വാഹന പ്രേമികളുടെയും കമ്പനികളുടെയും മുഖ്യ ആകർഷണമാകും ദുബായ്.
ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാന മന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് മക്തൂമിന്റെ സാന്നിധ്യത്തിൽ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹാജിരിയും ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹ്മദ് ബിൻ സുലായമും ഒപ്പുവച്ചു. എമിറേറ്റിന്റെ സമഗ്ര സാമ്പത്തിക വികസന പദ്ധതിയായ ദുബായ് സാമ്പത്തിക അജൻഡ ഡി33യുടെ ഭാഗമായാണ് കാർ മാർക്കറ്റ് നിർമിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി.
കാർ മാർക്കറ്റിൽ നൂതന സർക്കാർ, ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ഡിപി വേൾഡ് ശൃംഖല വഴി ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതോടെ ലോകത്തിലെ പ്രധാന കാർ വിപണിയായി ദുബായ് മാറും. ഓട്ടമോട്ടീവ് രംഗത്തെ ആഗോള പ്രധാന സമ്മേളനങ്ങളും പരിപാടികൾക്കും ആതിഥ്യം വഹിക്കാനും കാർ മാർക്കറ്റിൽ സൗകര്യമുണ്ടാകും. പ്രമുഖ വാഹന നിർമാതാക്കളെയും നിക്ഷേപകരെയും ദുബായിലേക്ക് ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ദുബായ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും 2033ൽ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാനുമാണ് ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു.
∙ കാർ മുതൽ ബാങ്ക് വായ്പ വരെ
ലോക വിപണിയിലെ ആഢംബ കാറുകൾ മുതൽ സാധാരണക്കാർക്ക് താങ്ങാവുന്ന കാറുകൾ വരെ ഇവിടെ ലഭ്യമാകും. എല്ലാ തരം കാറുകളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന വിപണി ഉപഭോക്താക്കൾക്കും ഗുണംചെയ്യും. സ്പെയർ പാർട്സുകൾ, അറ്റകുറ്റപ്പണി, റജിസ്ട്രേഷൻ, ബാങ്ക് വായ്പ തുടങ്ങി വാഹനം വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകുന്നതായിരിക്കും കാർ മാർക്കറ്റ്. കാറുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ തേടി വിവിധ ഇടങ്ങളിൽ അലയേണ്ട. ആഗോള കാർ നിർമാതാക്കളെയും വിതരണക്കാരെയും നിക്ഷേപകരെയും ദുബായിലേക്ക് ആകർഷിക്കുന്നതോടെ ഒട്ടേറെ പേർക്ക് തൊഴിലും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. പുനർ കയറ്റുമതി മേഖലയും സജീവമാകും.