വിമാനത്താവളങ്ങളിൽ അനധികൃത സർവീസ്; സൗദിയിൽ 1,100 പേര് അറസ്റ്റിൽ
Mail This Article
റിയാദ് ∙ വിമാനത്താവളങ്ങളിൽ അനധികൃതമായി സർവീസ് നടത്തിയ ടാക്സിക്കാരെ അധികൃതർ പിടികൂടി. വിവിധ വിമാനത്താവളങ്ങളിൽ ടാക്സി സേവന ലൈസെൻസ് ഇല്ലാതെ യാത്രക്കാരെ കയറ്റിയതിന് 1,100 പേരെയാണ് പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം പിടികൂടിയത്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി കർശന പരിശോധന നടത്തുകയാണ്. വിമാനത്താവളങ്ങളിൽ അനധികൃത ടാക്സി സർവീസ് നടത്തുന്നതും ലൈസെൻസ് ഇല്ലാതെ ആളുകളെ കയറ്റുന്നതിനും 5000 റിയാൽ പിഴ നൽകേണ്ടി വരുമെന്നും കൂടാതെ നിയമം ലംഘിക്കുന്ന വാഹനം കണ്ടു കെട്ടുമെന്നും ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
കള്ള ടാക്സി കുറയ്ക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗത ഓപ്ഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ പ്രയോജനം വർധിപ്പിക്കുക എന്നിവയാണ് പരിശോധനയിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സ്ഥിരം ടാക്സി കാരിയറുകളുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിക്കുക, ഗുണഭോക്താക്കൾക്ക് ലഭ്യമായ വിവിധ ഗതാഗത ഓപ്ഷനുകൾ അവതരിപ്പിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
എല്ലാ യാത്രക്കാർക്കും സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിന് പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.