ADVERTISEMENT

ദോഹ ∙ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനെ കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിന് കുറിച്ചും പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി ഖത്തർ അമീർ ചർച്ച നടത്തി. 

സാമ്പത്തികം, വ്യാപാരം, സാ​ങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദബന്ധം ദൃഢമാക്കാനുമുള്ള അടുത്ത ഘട്ടത്തിനായി താൻ ഉറ്റുനോക്കുന്നതായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എക്സിൽ കുറിച്ചു. പോളിഷ് തലസ്ഥാനമായ വാർസോവിൽ പ്രസിഡന്റ് ആൻഡ്രെജ് ദുഡയുടെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായ വരവേൽപാണ് ഖത്തർ അമീറിന് നൽകിയത്. ഗസ്സയിലെയും യുക്രെയ്നിലെയും വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രതിനിധി സംഘത്തിൽ അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ്  മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു. 

Image Credit : Qatar News Agency
Image Credit : Qatar News Agency

സ്വീകരണത്തിന് നന്ദി പറഞ്ഞ അമീർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും നിക്ഷേപം,  പ്രകൃതി വാതകം,  സാമ്പത്തിക മേഖലകളിൽ സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും പറഞ്ഞു. ഖത്തറും പോളണ്ടും തമ്മിൽ കഴിഞ്ഞ വർഷം 4.8 ബില്യൻ റിയാലിന്റെ വ്യാപാരമാണ് നടന്നത്. ഖത്തർ പോളണ്ടിലേക്ക് 3.9 ബില്യൻ റിയാലിന്റെ കയറ്റുമതിയും പോളണ്ടിൽനിന്ന് 897 ദശലക്ഷം റിയാലിന്റെ ഇറക്കുമതിയും നടത്തി. ഇറക്കുമതി പ്രധാനമായും മെമ്മറി സ്റ്റോറേജ് യൂനിറ്റ് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളാണ്. കയറ്റുമതി കാര്യമായി പെട്രോളിയം ഉൽപന്നങ്ങൾ തന്നെ. കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടി​ക്കായി ബുധനാഴ്ചയാണ് ഖത്തർ അമീർ ദോഹയിൽനിന്ന് തിരിച്ചത്. വ്യാഴാഴ്ച അവിടെനിന്നുമാണ് അദ്ദേഹം പോളണ്ടിലേക്ക് പോയത്.

English Summary:

Amir of Qatar returned from Poland after his visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com