ജിസിസി റെയിൽവേ; ജനൈബിയയിൽ 17 പ്രോപ്പർട്ടികൾ ഏറ്റെടുക്കും
Mail This Article
മനാമ ∙ ജിസിസി റെയിൽ നിർമാണത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ജനൈബിയ പ്രദേശത്ത് 17 പ്രോപ്പർട്ടികൾ ഏറ്റെടുക്കും. തീരുമാനങ്ങൾ പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി എൻജിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക് ആണ് ഇക്കാര്യം അറിയിച്ചത്.
ജിസിസി രാജ്യങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന സംയോജിത പദ്ധതിയാണ് ജിസിസി റെയിൽ പദ്ധതി. പദ്ധതി എല്ലാ ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുകയും റോഡ്, വ്യോമ, കടൽ ഗതാഗതത്തിന് ബദൽ മാർഗം നൽകുകയും ചെയ്യും. ഇത് പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പ്രാദേശിക വ്യാപാരം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ജിസിസിയുടെയും അയൽരാജ്യങ്ങളുടെയും ദേശീയ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും.
ബഹ്‌റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കും. നിർദിഷ്ട കിംങ് ഹമദ് ഇന്റർനാഷനല്‍ സ്റ്റേഷനും സൗദി അറേബ്യയിലെ ദമാം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കും
രാംലി പ്രദേശത്താണ് ഏറ്റവും കൂടുതൽ സ്‌ഥലം ഏറ്റെടുക്കൽ നടക്കുന്നത്, നുവൈദ്രത്തും മുഹറഖും തൊട്ടുപിന്നിൽ. രാംലി, സൗത്ത് നുവൈദ്‌റാത്ത്, ജുർദാബ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്കായുള്ള വിശദമായ പദ്ധതികൾ വികസിപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. കൂടാതെ, മുഹറഖ് ഗവർണറേറ്റിലെ നഗര നവീകരണ പദ്ധതികൾക്കായും സ്വത്തുക്കൾ ഏറ്റെടുത്തിട്ടുണ്ട്.