ADVERTISEMENT

ദോഹ ∙ ഖത്തറിലെ പാർപ്പിട മേഖലകളിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വില്ലകളിലും താമസ കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഗുണകരമാവില്ലെന്ന് ഖത്തർ ചേംബർ ഓഫ് കോമേഴ്സ്  അഭിപ്രായപ്പെട്ടു.

വിദ്യാലയങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത കെട്ടിടങ്ങളിലല്ലാതെ  പ്രവർത്തിച്ചുവരുന്ന  സ്വകാര്യ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അടച്ചുപൂട്ടാനുള്ള  വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനം  ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്  പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ഫസ്റ്റ് വൈസ് ചെയർമാനും ചേംബർ വിദ്യാഭ്യാസ സമിതി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി പറഞ്ഞു.  

ദശലക്ഷക്കണക്കിന് റിയാൽ  നിക്ഷേപമുള്ള  മേഖലയാണ് ഇത്. വർഷങ്ങളായി തുടർന്നുപോരുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഈ മേഖലയിൽ നിക്ഷേപം ഇറക്കിയവരെ പ്രതികൂലമായി ബാധിക്കും.  കൂടാതെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളിലും ആശങ്ക ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.  

ഈ വിദ്യാലയങ്ങൾ സാമ്പത്തികമായി ഇടത്തരം നിലവാരം പുലർത്തുന്നവരാണ് മുഖ്യമായും ആശ്രയിക്കുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇത്തരം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നുണ്ട്.  ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ സ്കൂളുകളിൽ ജോലി ചെയ്യുന്നത്. വർഷങ്ങളായി ഖത്തറിലെ വിവിധ സർക്കാർ ഏജൻസികളിൽ നിന്നും എല്ലാ അംഗീകാരങ്ങളും നേടിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കൂടാതെ പല സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര വിദ്യാഭ്യാസ ഏജൻസികളിൽ നിന്നു പോലും അംഗീകാരങ്ങളും പ്രശംസയും ലഭിച്ചിട്ടുണ്ട്

വില്ലകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾഖത്തർ  റെഗുലേറ്ററി, അക്കാദമിക്  നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നിടത്തോളം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഈ വിഷയത്തിൽ മന്ത്രാലയം പുനരാലോചന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയിലും 2030 വിഷന്റെ ഭാഗമായുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും ഇത്തരം സ്ഥാപനങ്ങൾ വലിയ പങ്കുവയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Qatar Chamber Discusses Ramifications of Closure of Schools in Villas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com