കഴിഞ്ഞ വർഷം യുഎഇയിൽ തീപിടിച്ചത് 1,396 വാഹനങ്ങൾക്ക്; വേനൽക്കാലത്തു വേണം കരുതൽ
Mail This Article
അബുദാബി ∙ വേനൽക്കാലങ്ങളിൽ വാഹനം സുരക്ഷിതമാക്കാൻ 6 മാർഗനിർദേശങ്ങളുമായി അബുദാബി പൊലീസ്. എൻജിൻ ഓയിൽ, വെള്ളം എന്നിവയുടെ അളവ് പരിശോധിക്കുക, വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക, കടുത്ത ചൂടിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ സ്റ്റിയറിങ് വീൽ തണുത്ത ശേഷം യാത്ര പുറപ്പെടുക, ടയറിൽ മതിയായ അളവിൽ വായു ഉണ്ടെന്ന് പരിശോധിക്കുക, കാലഹരണപ്പെടാത്തതും ഗതാഗതയോഗ്യവുമായ ടയറാണെന്ന് ഉറപ്പാക്കുക, കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമായ ഉപകരണങ്ങൾ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക, തണലുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
കഴിഞ്ഞ വർഷം മൊത്തം 1,396 വാഹനങ്ങൾക്ക് തീപിടിച്ചു. ഇതിൽ 326 എണ്ണം ദുബായിലായിരുന്നു. അബുദാബി 264, ഷാർജ 231, അൽഐൻ 195, റാസൽഖൈമ 102, അജ്മാൻ 109, ഫുജൈറ 85, ഉമ്മുൽഖുവൈൻ 31, അൽ ദഫ്ര 45 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ തീപിടിത്തങ്ങൾ. പൊതുജന ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം അഭ്യർഥിച്ച പൊലീസ് വിവരങ്ങൾ 800 2626 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.