'നിർത്തിയിട്ട വാഹനം പോലും മുകളിലേക്ക് നീങ്ങും'; നിഗൂഢം സലാലയിലെ ഗ്രാവിറ്റി പോയിന്റ്; പ്രതിഭാസത്തിന്റെ ചുരുൾ തേടി വിദഗ്ധർ
Mail This Article
മസ്കത്ത് ∙ സലാലയിലെ ഗ്രാവിറ്റി പോയിന്റ് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. അതുല്യമായ ആകര്‍ഷണവും വിസ്മയിപ്പിക്കുന്ന അനുഭവവുമാണ് ഈ പ്രദേശത്തെ വേറിട്ടതാകുന്നത്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും എന്നും അദ്ഭുതം സമ്മാനിക്കുന്നതാണ്.
സലാല ആന്റി ഗ്രാവിറ്റി പോയിന്റ് എന്നും ഇതറിയപ്പെടുന്നുണ്ട്. മിര്ബാത് വിലായതിലെ അഖബ ഹാശിര്‍ റോഡിലാണ് ഗ്രാവിറ്റി പോയിന്റ് സ്ഥിതി ചെയ്യുന്നത്. സലാല നഗരത്തില്‍ നിന്ന് 60 കിലോമീറ്ററാണ് ഇവിടേക്ക്. സഞ്ചാരികള്‍ക്ക് ഈ അസാധാരണ അനുഭവമുണ്ടാകാന്‍ 14 കിമീ ദൂരത്തില്‍ ഒബ്സ്റ്റക്കിള്‍ ഹാശിര്‍ റോഡിലേക്ക് വഴി നിര്‍മിച്ചിട്ടുണ്ട്. 100 മീറ്റര്‍ ദൂരമാണ് കാന്തിക പ്രതിഭാസമുണ്ടാകുക.
ഇവിടുത്തെ അനുഭവം ആസ്വദിക്കാന്‍, കാര്‍ ഡ്രൈവർമാർ എന്ജിന് ഓഫാക്കുകയും ഗിയര്‍ ന്യൂട്രലില്‍ ആക്കുകയും ബ്രേക്കുകള്‍ ഒഴിവാക്കുകയും ചെയ്യും. കുന്നിന് ചെരിവുള്ള ഭാഗങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ സാധാരണ ഗതിയില്‍ വാഹനം താഴേക്ക് ഉരുളും. എന്നാല്‍, ഇവിടെ ഭൂഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ വാഹനം മുകളിലേക്ക് നീങ്ങും. വാഹനം തനിയെ നീങ്ങുന്ന പ്രതീതിയാണുണ്ടാകുക. ഭൂഗുരുത്വാകര്‍ഷണം കാരണമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം താഴേക്ക് നീങ്ങുക. ഇവിടെ സാധാരണ ഭൂഗുരുത്വാകര്‍ഷണ നിയമത്തിന് നേരെ എതിരായി പ്രവര്‍ത്തിക്കുന്നു. അത്യധികം വിസ്മയിപ്പിക്കുന്നതും നിഗൂഢവുമാണ് ഈ അനുഭവം.
ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയത കണ്ടെത്താൻ പലരും പരിശ്രമിച്ചിട്ടുണ്ട്. പ്രകൃതി നിയമം കാരണമുള്ള യഥാര്‍ഥ പ്രതിഭാസമാണ് ഇതെന്ന് ചിലര്‍ പറയുമ്പോള്‍, ചുറ്റുപാടുമുള്ള കുന്നുകള്‍ കാരണമുള്ള തോന്നലോ കാഴ്ചാ പ്രശ്നമോ ആണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. കാന്ത കുന്ന് എന്നറിയപ്പെടുന്ന പ്രദേശവും ചുറ്റുപാടുമായതിനാല് ഇത് ഒരു തരം കാഴ്ചാ മാന്ത്രികത മനുഷ്യരിലുണ്ടാക്കും. റോഡിലുള്ള വസ്തു താഴെ നിന്ന് മുകളിലേക്ക് നീങ്ങുന്നതായി മനുഷ്യര്‍ വിശ്വസിക്കുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും ഈ പ്രതിഭാസത്തിന്റെ ചുരുള്‍ അഴിക്കണമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്.