കുഴഞ്ഞുവീണത് പിതാവിന്റെ കൈകളിലേക്ക്; പിന്നീട് ഉണർന്നില്ല, വിഗ്ഗോ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ 5 പേർക്ക്
Mail This Article
ദുബായ് ∙ പെട്ടെന്നൊരുദിവസം കുഴഞ്ഞുവീണ് കോമയിലായിപ്പോയ ഫ്രഞ്ച് കുടുംബത്തിലെ 17കാരന്റെ അവയവങ്ങൾ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർക്ക്. രണ്ട് വർഷം മുൻപായിരുന്നു കുടുംബത്തെ ആജീവനാന്തം ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനി നതാലി ഗ്രാൽ സോറൻസിന്റെ മകൻ വിഗ്ഗോ സോറൻസനാണ് വീട്ടിൽ ഭർത്താവിന്റെ കൈകളിൽ കുഴഞ്ഞുവീണത്. തുടർന്ന് കോമയിലാവുകയായിരുന്നു. പിന്നീടൊരിക്കലും അവൻ ഉണർന്നില്ല. ആ നിമിഷം ഒരു അമ്മയെന്ന നിലയിൽ എല്ലാം അവസാനിച്ചുവെന്ന് തനിക്കറിയാമായിരുന്നുവെന്ന് നതാലി പറയുന്നു. മകനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും ഭേദമായില്ലെങ്കിലും തന്റെ മകൻ വിഗ്ഗോ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന് ഒാർത്തപ്പോൾ നതാലി ആശ്വാസം കണ്ടെത്തി. അങ്ങനെയാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറായത്. ശ്വാസകോശം, വൃക്കകൾ, ഹൃദയം, കരൾ എന്നിവ ദാനം ചെയ്തു. ഹൃദയം 27 കാരിയായ സൗദി വനിതയാണ് സ്വീകരിച്ചത്. എന്നാൽ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
യുഎഇയുടെ അവയവദാന പരിപാടിയായ "ഹയാത്തി"ലൂടെയായിരുന്നു നടപടികൾ പൂര്‍ത്തിയാക്കിയത്. ഡാനിഷ്-ഫ്രഞ്ച് വേരുകളുള്ള വിഗ്ഗോ എമിറേറ്റ്സ് ഗോൾഫ് ഫെഡറേഷൻ ഓർഡർ ഓഫ് മെറിറ്റിന്റെ ചാംപ്യനായിരുന്നു. കിങ് ഹമദ് ട്രോഫി, ആറാമത് അമച്വർ, ദുബായ് ഗോൾഫ് ട്രോഫി എന്നിവ നേടിയ ടീമിലും അംഗമായിരുന്നു. ജെംസ് വെല്ലിങ് ടൺ അക്കാദമിയിലെ വിദ്യാർഥിയായ കൗമാരക്കാരൻ സ്കോളർഷിപ്പിൽ യുഎസിലേക്ക് പോകാൻ തയാറെടുക്കുകയുമായിരുന്നു. ഇതിനായി കുടുംബം മികച്ച കോളജുകൾ പരിശോധിക്കുന്നതിനിടെയിലായിരുന്നു അവനെ മരണം തട്ടിയെടുത്തത്.
∙എന്താണ് വിഗ്ഗോയ്ക്ക് സംഭവിച്ചത്?
2022 ജനുവരിയിലായിരുന്നു സംഭവം. ഇടത് കൈയിലും ചുണ്ടുകളിലും മരവിപ്പ് അനുഭവപ്പെടുകയും തുടർന്ന് പിതാവിന്റെ കൈകളിൽ ബോധരഹിതനായി വീഴുകയും ചെയ്തു. തിരിച്ചുവരാൻ കഴിയാത്ത കോമയിലേക്ക് പോയി. വിഗ്ഗോയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. തുടർന്നായിരുന്നു അബുദാബിയിൽ നിന്നുള്ള ഒരു സംഘം അവയവദാന അപേക്ഷയുമായി കുടുംബത്തെ ബന്ധപ്പെട്ടത്. ഞങ്ങൾക്ക് അത് പരിഗണിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും ഭർത്താവും പരസ്പരം ആലോചിച്ചു, മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഒരാൾ മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെടുമ്പോൾ അവസാനമായിരിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു. അവയവദാനം മനുഷ്യസ്നേഹത്തിന്റെ ആഴത്തിലുള്ള പ്രകടനമാണ്. അതിനാൽ, എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്ന ചോദ്യം മുന്നിലുയർന്നു.
∙മറ്റുള്ളവർക്ക് പുതു 'ഹയാത്ത്'
ഹയാത്ത് എന്ന അറബിക് വാക്കിന് അർഥം 'ജീവൻ' എന്നാണ്. മറ്റൊരാൾക്ക് നൽകാവുന്ന വിലമതിക്കാനാകാത്ത സമ്മാനം. അതാണ് നതാലിയുടെ തീരുമാനത്തിലൂടെ ഉണ്ടായത്. ഇപ്പോൾ അവരുടെ ഒരേയൊരു ലക്ഷ്യം കൂടുതൽ ജീവൻ രക്ഷിക്കുക എന്നതാണ്. കൂടുതൽ ആളുകളെ അവയവ ദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുക, ദാതാക്കളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുക–അവയവദാനത്തിന്റെ യുഎഇയിലെ അംബാസഡറാണ് നതാലി.
എന്റെ പോഡ്‌കാസ്റ്റുകളും മറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമുകളും കാരണം എന്നെ കാണാൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് കുട്ടികളെ നഷ്ടപ്പെട്ട അമ്മമാർ. ചില ആളുകൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുന്നു, ചിലർ കരയുന്നു. മറ്റുള്ളവർക്ക് സാന്ത്വനം പകരുക എന്നത് മതം, വംശം,വേദന, നിഷേധം, കോപം എന്നിവയെ മറികടക്കുന്നു. അവർ എന്റെ മുന്നിൽ മണിക്കൂറുകളോളം കരയുന്നു. ഏതൊരു രക്ഷിതാവിനും സംഭവിക്കാവുന്ന ഏറ്റവും മോശമായ അവസ്ഥയാണിത്. വിഗ്ഗോയുടെ കഥ പങ്കിടുന്നത് ഭാവിയിലെ ദാതാക്കളുടെ കുടുംബങ്ങൾക്കും വെയിറ്റിങ് ലിസ്റ്റിലുള്ള രോഗികൾക്കും പ്രതീക്ഷ നൽകുന്നു. ഒരു പ്രധാന ദൗത്യവുമായി വിഗ്ഗോ എന്നെ വിട്ടുപോയി. ഞാൻ സമാധാനത്തിലാണ്, ഖേദമില്ല. അവന്റെ കഥ ജീവൻ രക്ഷിക്കാനുള്ള പ്രചോദനമാണ്. നിസ്വാർത്ഥമായ ഒരൊറ്റ പ്രവൃത്തി ലോകത്തെ മാറ്റിമറിക്കും. ഞങ്ങൾ ജീവൻ മാത്രമല്ല സ്വീകർത്താവിന് ചുറ്റുമുള്ള കുടുംബത്തെയും രക്ഷിക്കുന്നു. വേദനയിൽ നിന്ന് പോസിറ്റീവായ എന്തോ ഒന്ന് പുറത്തുവരുന്നു–ദീർഘകാലമായി ദുബായിൽ ജീവിക്കുന്ന നതാലി പറഞ്ഞു.
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അവയവദാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പേജിൽ വിഗ്ഗോയുടെ കുടുംബത്തിൽ നിന്നുള്ള ഒരു സാക്ഷ്യപത്രം ഉൾക്കൊള്ളുന്നു. ഈ മഹത്തായ ലക്ഷ്യത്തിൽ അവന്റെ മാതാപിതാക്കൾ എങ്ങനെ മുൻനിരയിൽ ഉണ്ടായിരുന്നുവെന്ന് അത് കാണിക്കുന്നു.
∙വിഗ്ഗോ എന്ന ‘യോദ്ധാവ്’
രാജ്യത്ത് അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും കുറിച്ച് അവബോധം വളർത്തുന്നതിനായി മറ്റ് നിരവധി സംരംഭങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഡാനിഷിൽ വിഗ്ഗോ എന്നാൽ ‘യോദ്ധാവ്’ എന്നാണർഥം. വിഗ്ഗോ പോകുമ്പോൾ യുഎഇയുടെ ഹയാത്ത് പ്രോഗ്രാം അപൂർണ രൂപത്തിലായിരുന്നു. എങ്കിലും വർഷങ്ങളായി പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്നതിനിടയിൽ നൂതനവും ഫലപ്രദവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആശുപത്രി ജീവനക്കാർക്ക് പരിശീലനവും നടത്തി ഈ പ്രോഗ്രാം അതിന്റെ പ്രവർത്തനങ്ങൾ ഗണ്യമായി വിപുലീകരിച്ചു. ഇത്തരം സെൻസിറ്റീവായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നഴ്‌സുമാരെ പ്രാവീണ്യമുള്ളവരാക്കാൻ ഹയാത്ത് പതിവായി ശിൽപശാലകളും സംഘടിപ്പിക്കാറുണ്ട്. അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിച്ചുകൊണ്ട് പരിപാടി രാജ്യത്ത് ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞു.