ADVERTISEMENT

അബുദാബി ∙ പ്രതിരോധ, സുരക്ഷാ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ – യുഎഇ ധാരണ. സംയുക്ത പ്രതിരോധ സഹകരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ധാരണയിലെത്തിയത്. സംയുക്ത സൈനിക പരിശീലനം, സൈനികാഭ്യാസം, പ്രതിരോധ വ്യവസായിക സഹകരണം എന്നിവയും ചർച്ച ചെയ്തു. പ്രാദേശിക സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് പ്രതിരോധ വ്യവസായിക സഹകരണം ലക്ഷ്യമാക്കുന്നത്. പ്രതിരോധ, സുരക്ഷാ രംഗത്തെ വിദഗ്ധരുടെ കൈമാറ്റം, ഗവേഷണം, വികസനം എന്നിവ ഉൾപ്പെടെ കൂടുതൽ മേഖലകളിലെ സഹകരണ സാധ്യതകളും ചർച്ച ചെയ്തു. 

പ്രാദേശിക സുരക്ഷ, പ്രത്യേകിച്ച് സമുദ്ര സുരക്ഷാ മേഖലയിൽ ഉയർന്നു വരുന്ന വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം വിലപ്പെട്ടതാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളുടെയും അറിവും അനുഭവങ്ങളും പ്രയോജനപ്പെടുത്തും. സംയുക്ത പരിശീലനവും വിദഗ്ധരുടെ കൈമാറ്റവും പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രാലയം, സായുധ സേന, അബുദാബിയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് ജമാൽ ഇബ്രാഹിം മുഹമ്മദ് അൽമസ്റൂഖിയാണ് യുഎഇ സംഘത്തിനു നേതൃത്വം നൽകിയത്. യുഎഇ പ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അലി അബ്ദുല്ല അൽ അഹമ്മദുമായും വിവിധ വകുപ്പ് മേധാവികളുമായും അമിതാഭ് പ്രസാദ് ചർച്ച നടത്തി.

English Summary:

India And UAE Strengthen Defense Ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com