മൂന്നു ഹൃദയങ്ങൾക്കായി ആകാശത്തിലെയും ഭൂമിയിലെയും വഴികൾ തുറന്ന് റിയാദ്; നന്മയ്ക്ക് ‘സല്യൂട്ടമായി’ ലോകം
Mail This Article
റിയാദ് ∙ മൂന്നു ഹൃദയങ്ങൾക്കായി വഴികളെല്ലാം തുറന്നുവെച്ചിരിക്കുകയായിരുന്നു ഇന്നലെ റിയാദിലെ കിങ് ഫൈസല്‍ ഹോസ്പിറ്റല്‍ ആൻഡ് റിസേര്‍ച്ച് സെന്‍റര്‍. മൂന്നു വഴിക്കെത്തിയ മൂന്നു ഹൃദയങ്ങൾ മൂന്നു മനുഷ്യരിൽ തുന്നിച്ചേർത്ത് അവരെ ജീവിതത്തിന്‍റെ പുതുവഴിയിലേക്ക് കിങ് ഫൈസൽ ആശുപത്രി നയിച്ചു. ഒരു ഹൃദയം എത്തിയത് അബുദാബിയിൽ നിന്നായിരുന്നു. മറ്റൊന്ന് ജിദ്ദയിൽനിന്നും. മൂന്നാമത്തെ ഹൃദയം എത്തിയത് റിയാദിൽനിന്ന്.
കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങള്‍ എയര്‍ ആംബുലന്‍സില്‍ അബുദാബിയിലും ജിദ്ദയിലും എത്തിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളില്‍ നിന്നുള്ള ഹൃദയങ്ങള്‍ നീക്കം ചെയ്ത് റിയാദിലെത്തിച്ചത്. ഇതേ സമയം മറ്റൊരു മെഡിക്കല്‍ സംഘം റിയാദില്‍ നാഷനല്‍ ഗാര്‍ഡിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി മസ്തിഷ്ക മരണം സംഭവിച്ച മറ്റൊരു രോഗിയുടെ ഹൃദയവും നീക്കം ചെയ്ത് കിങ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചു.
ജിദ്ദയിൽനിന്നും അബുദാബിയിൽനിന്നും പ്രത്യേക വിമാനത്തിലായിരുന്നു ഹൃദയം കൊണ്ടുവന്നത്. വിമാനത്താവളത്തിൽനിന്ന് ആശുപത്രി വരെ മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹൃദയം വഹിച്ചുള്ള ആംബുലൻസ് കുതിച്ചു. റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയവും പൊലീസ് അകമ്പടിയോടെ ആശുപത്രിയിലെത്തി.
ഹൃദയപേശികള്‍ക്ക് ബലഹീനത ബാധിച്ച ഒമ്പതു വയസ്സുകാരിയിലാണ് ഹൃദയങ്ങളില്‍ ഒന്ന് മാറ്റിവെച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ കൃത്രിമ പമ്പ് ഘടിപ്പിച്ചാണ് ബാലികയുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ പമ്പിനെ പൂര്‍ണമായും ആശ്രയിക്കാന്‍ കഴിയാത്തതിനാല്‍ ഹൃദയദാതാവിനെ കാത്ത് ബാലിക ആശുപത്രിയില്‍ കഴിയുകയായിരുന്നു. സൗദി സെന്‍റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷനും യു.എ.ഇയിലെ നാഷനല്‍ പ്രോഗ്രാം ഫോര്‍ ഡൊണേഷന്‍ ആൻഡ് ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആൻഡ് ടിഷ്യുവും (ഹയാത്ത്) ചേർന്നാണ് പെൺകുട്ടിക്ക് പൊരുത്തപ്പെടുന്ന ദാതാവിനെ കണ്ടെത്തിയത്. കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലെവ്‌ലാൻഡ് ക്ലിനിക്കിലെത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച രോഗിയില്‍ നിന്ന് ഹൃദയം നീക്കം ചെയ്ത് റിയാദിലെത്തിച്ചു. കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. സുഹൈര്‍ അല്‍ഹലീസിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
കിങ് ഫൈസല്‍ ആശുപത്രിയില്‍ നിന്നുള്ള മറ്റൊരു മെഡിക്കല്‍ സംഘം ജിദ്ദയില്‍ നാഷനല്‍ ഗാര്‍ഡിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി മസ്തിഷ്ക മരണം സംഭവിച്ച രോഗിയില്‍ നിന്നുള്ള ഹൃദയം വ്യോമമാര്‍ഗം റിയാദിലെത്തിച്ച് നാല്‍പതുകാരനായ രോഗിക്കാണ് വച്ചുപിടിപ്പിച്ചത്. കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയോതെറാസിക് സര്‍ജനും കിങ് ഫൈസല്‍ ആശുപത്രിയിലെ ഹൃദയമാറ്റിവെക്കല്‍ പ്രോഗ്രാം തലവനുമായ ഡോ. ഫറാസ് ഖലീലിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.
41 വയസ്സുകാരനായ രോഗിക്കാണ് മൂന്നാമത്തെ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഗ്രേഡ് നാല് ഹൃദയസ്തംഭനം അനുഭവപ്പെട്ട രോഗിക്ക് ഒരു വര്‍ഷം മുമ്പ് കൃത്രിമ പമ്പ് പിടിപ്പിച്ചിരുന്നു. റിയാദില്‍ നാഷനൽ ഗാര്‍ഡിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് ഇദ്ദേഹത്തിൽ തുന്നിച്ചേർത്തത്. ഡോ. ഫറാസ് ഖലീലിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിജയകരമായി ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
മധ്യപൗരസ്ത്യദേശത്തെയും ആഫ്രിക്കയിലെയും ഒന്നാമെത്തയും ആഗോള തലത്തില്‍ ഇരുപതാമെത്തെയും മികച്ച ആശുപത്രിയായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആൻഡ് റിസേര്‍ച്ച് സെന്‍ററിന്‍റെ തൊപ്പിയിലെ പൊൻതൂവലാണ് പുതിയ നേട്ടം.