ADVERTISEMENT

ദോഹ ∙ ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷനൽ ലൈബ്രറി. ആർക്കിടെക്ചർ  മേഖലയില്‍ ലോകപ്രശസ്തമായ ആർക്കിടെക്ചർ  ഡൈജസ്റ്റിന്റെ മിഡിലീസ്റ്റ് വിഭാഗമാണ് ലോകത്തെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടിക തയ്യാറാക്കിയത്. 17 മനോഹര ലൈബ്രറികളുടെ പട്ടികയിലാണ് ഖത്തർ നാഷനൽ ലൈബ്രറി നാലാം സ്ഥാനം കരസ്ഥമാക്കിയത്.

വിഖ്യാത ഡച്ച് ആര്‍ക്കിടെക്റ്റ് രെം കൂല്‍ഹാസാണ് ഖത്തർ നാഷനൽ ലൈബ്രറി രൂപകൽപന ചെയ്തത്. രണ്ട് കടലാസ് കഷണം മടക്കിയുണ്ടാക്കിയ ഷെൽ പോലുള്ള ഘടന ഒറ്റ നോട്ടത്തിൽ തന്നെ ഹൃദ്യവും ഏറെ ആകർഷണീയവമാണ്. 15 ലക്ഷത്തിലധികം പുസ്തകങ്ങൾ ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ സ്ഥിതി ചെയ്യുന്ന സ്ട്രാഹോവ് മൊണാസ്ട്രിയാണ് ഏറ്റവും മനോഹരമായ ലൈബ്രറി. അയർലൻഡിലെ  ട്രിനിറ്റി കോളജിന്റെ പഴയ ലൈബ്രറി, ബ്രസീലിലെ റിയോ ഡി ജനീറോയിലെ റോയൽ പോർച്ചുഗീസ് കാബിനറ്റ് ഓഫ് റീഡിങ് എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലെ രാംപൂരിലെ റാസ ലൈബ്രറി 12-ാം സ്ഥാനത്തുണ്ട്. 

കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ നീണ്ട ശേഖരം ഉൾപ്പെടെ ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ഖത്തർ നാഷനൽ ലൈബ്രറിയിൽ വിപുലമായ സൗകര്യങ്ങളുമുണ്ട്. പ്രത്യേക ഗവേഷണ സൗകര്യങ്ങൾ, പുസ്തകങ്ങളുടെ പ്രദർശനത്തിനായി സജ്ജീകരിച്ച സ്ഥലങ്ങൾ, വിശാലമായ വായനശാല, പൈതൃക ലൈബ്രറി  തുടങ്ങിയവ ഖത്തർ നാഷനൽ ലൈബ്രറിയുടെ സവിശേഷതകളാണ്. പൈതൃക ലൈബ്രറിയിൽ അറബ്, ഇസ്ലാമിക സംസ്കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളുടെ ശേഖരങ്ങൾ തന്നെയുണ്ട്. 2018 ഏപ്രില്‍ പതിനാറിനാണ് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ലൈബ്രറി രാജ്യത്തിന് സമര്‍പ്പിച്ചത്. 

English Summary:

Qatar National Library Recognised Among World’s Most Beautiful Libraries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com