ADVERTISEMENT

ദുബായ് ∙ പരമ്പരാഗത അറബ് വസ്ത്രമായ അബായ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ? എന്നാൽ അതും യാഥാർഥ്യമായിരിക്കുന്നു. ഇന്ത്യൻ യുവതിയായ ഫൗസിയ സഹൂറാണ് 22 ചക്രങ്ങളുള്ള ട്രക്ക് ഓടിച്ച് ചരിത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. ഹെവി ലൈസൻസ് നേടുന്ന രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ യുവതിയാണിവർ.

∙ കൂൾ ഹിജാബി യുവതി
ഭീമാകാരമായ വാഹനത്തിന് പിന്നിലെ കൂൾ ഹിജാബി പെൺകുട്ടി എന്നാണ് ഫൗസിയയെ വിശേഷിപ്പിക്കുന്നത്. യുഎഇയിൽ ഹെവി വെഹിക്കിൾ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ഫൗസിയ. ലൈസൻസ് നേടുന്ന പ്രക്രിയയിൽ തനിക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ലെന്ന് ഫൗസിയ പറയുന്നു. എന്നിട്ടും ഇവർ ആദ്യ ശ്രമത്തിൽ തന്നെ ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ചു. കുടുംബത്തിലെ ഏക സന്തതിയാണ് ഫൗസിയ. എങ്കിലും തന്റെ കുടുംബമാണ് അവളുടെ ഏറ്റവും വലിയ പിന്തുണയെന്ന് ഈ യുവതി പറയുന്നു. ഒരു പുരുഷ കേന്ദ്രീകൃത ജോലി ഏറ്റെടുക്കാനും ലക്ഷക്കണക്കിന് പുരുഷന്മാർക്കിടയിൽ തലയുയർത്തി നിൽക്കാനുമുള്ള ഫൗസിയയുടെ കഴിവിൽ എല്ലാവർക്കും വിശ്വാസമായിരുന്നു.

ഫൗസിയ ജനിക്കുന്നതിന് മുന്‍പേ പിതാവ് മരിച്ചതിനാൽ വീട്ടിലെ പുരുഷാംഗത്തെ പോലെയായിരുന്നു വളർന്നത്. കഴിഞ്ഞ റമസാനിൽ മാതാവും മരിച്ചു. അതുവരെ മാതാവിനെ പരിപാലിച്ചതിന്റെ സംതൃപ്തിയുണ്ട്. ഞാൻ എന്റെ മമ്മിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, കഠിനമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന അവരുടെ മകളായി  എന്നെത്തന്നെ കണക്കാക്കി. മമ്മി മരിച്ചപ്പോൾ ഞാൻ എന്നെത്തന്നെ ഓഫ് ചെയ്തു. പക്ഷേ എനിക്ക് നേടാൻ ഒരു ലക്ഷ്യമുണ്ടെന്ന് പിന്നീട് മനസ്സിലായി - അതാണ് സ്ത്രീ ശാക്തീകരണം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും ഭാരിച്ച ജോലി ചെയ്യാൻ കഴിയുമെന്ന് ലോകത്തെ അറിയിക്കണമെന്നായിരുന്നു ആഗ്രഹം. കൊമേഴ്സിലും ബിസിനസ്സിലും ബിരുദം നേടിയിട്ടുള്ള ഫൗസിയ പറഞ്ഞു.

ഫൗസിയ സഹൂർ. Image Credits: Instagram/fz_vlogger
ഫൗസിയ സഹൂർ. Image Credits: Instagram/fz_vlogger

∙ ഫൗസിയയുടെ ജീവിതത്തിലെ ഒരു ദിവസം
2013-ൽ ആദ്യമായി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് നേടിയ ഫൗസിയ ഒൻപത് വർഷത്തിന് ശേഷം ഹെവി വാഹനങ്ങൾ ഓടിക്കുന്ന ലൈസൻസ് സ്വന്തമാക്കാൻ തീരുമാനിച്ചു. നേത്ര പരിശോധനയും ശാരീരിക പരിശോധനയും നടത്തി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം അത്ഭുതത്തോടെയായിരുന്നു ഈ യുവതിയെ നോക്കിക്കണ്ടത്. തന്റെ പ്രവൃത്തി പരിചയത്തിൽ, ആദ്യമായി ഒരു സ്ത്രീ ടെസ്റ്റിനായി വന്നതെന്നായിരുന്നു ഒരു ഉദ്യോഗസ്ഥയുടെ വാക്കുകൾ.

ലൈസൻസ് നേടിയ ഉടൻ തന്നെ ഫുജൈറയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൗസിയക്ക് ജോലി ലഭിച്ചു. ഒരിടത്ത് നിന്ന് മറ്റൊന്നിലേക്ക് മണലും കല്ലും കൊണ്ടുപോകുകയായിരുന്നു ചുമതല. ഡബിൾ, ട്രിപ്പിൾ ആക്‌സൽ ട്രക്കുകൾ കൈകാര്യം ചെയ്യുന്നതിൽ  വൈദഗ്ധ്യം നേടിയതിനാൽ റോഡിലെ തടസ്സങ്ങൾ ഒരു പ്രശ്‌നമല്ലായിരുന്നുവെന്ന് ഫൗസിയ പറയുന്നു. ദുബായിലെ ജബൽ അലിയിൽ നിന്ന് അൽ ഖുദ്രയിലേയ്ക്കാണ് ഇതുവരെ ഓടിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര.  ജോലി ആസ്വദിക്കുമ്പോൾതന്നെ കൂറ്റൻ ചക്രങ്ങളുള്ള വാഹനം കൈകാര്യം ചെയ്യുന്നത് വലിയ ഉത്തരവാദിത്തത്തോടെയാണെന്നും തിരിച്ചറിയുന്നു.

ഒരു കാർ ഓടിക്കുന്നത് ഒരു ട്രക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാറോടിക്കുമ്പോൾ റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാണ്. എന്നാൽ നിങ്ങൾ ഒരു ട്രക്കിൽ ആണെങ്കിൽ സുരക്ഷിതരായിരിക്കാനും ചുറ്റുമുള്ള ആളുകളെ സുരക്ഷിതരാക്കാനുമുള്ള ഉത്തരവാദിത്തം ഉണ്ട്. അതുകൊണ്ടാണ് ഫൗസിയ തന്റെ യാത്രകൾക്ക് മുൻപും ട്രക്കോടിക്കുമ്പോഴും എല്ലാ മുൻകരുതലുകളും എടുക്കുന്നത്. ട്രക്ക് ഡ്രൈവർമാർ എപ്പോഴും ജാഗ്രത പാലിക്കുകയും വാഹനത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഡീസൽ, വെള്ളം, ചോർച്ച, ടയർ മർദ്ദം തുടങ്ങിയ പ്രധാന ഘടകങ്ങൾ പരിശോധിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

∙ യുഎഇയിൽ സ്ത്രീകളെ ശാക്തീകരണം ശക്തം
തന്റെ ജോലിയിൽ കണ്ടെത്തുന്ന സന്തോഷം പങ്കിടാൻ ഇടവേളകളിൽ ഫൗസിയ വീഡിയോകളും റീലുകളും നിർമിക്കാറുണ്ട്. തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലും ആരംഭിച്ചു. ഇത്രയും വലിയ വാഹനങ്ങൾ ഓടിക്കുന്നത് കണ്ട് പലരും ആശ്ചര്യപ്പെടുമ്പോൾ, ട്രോളന്മാരും രംഗപ്രവേശം ചെയ്യുന്നുണ്ട്.  ഇത്തരമൊരു ജോലി സ്ത്രീകൾക്കുള്ളതല്ലെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഫൗസിയയുടെ ചുണ്ടിൽ പുഞ്ചിരിയൂറുന്നു. അതേസമയം, എല്ലാ കോണുകളിൽ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണക്ക് നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുന്നു.

യുഎഇ സ്ത്രീകൾക്ക് മുൻഗണന നൽകുകയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് കാണുമ്പോൾ എല്ലായ്‌പ്പോഴും താൻ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവളാകാൻ പ്രചോദനമാകാറുണ്ടെന്ന് ഈ യുവതി പറയുന്നു. തന്റെ ജീവിതത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിലൂടെ മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഡ്രൈവിങ് മേഖലയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com