ഖത്തർ - ഇന്ത്യ വ്യാപാരം : സംയുക്ത സമിതി യോഗം ചേർന്നു
Mail This Article
ദോഹ ∙ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപര, വാണിജ്യ ബന്ധം ശക്തമാക്കുന്നതിനുള്ള സംയുക്ത സമിതി യോഗം ദോഹയിൽ ചേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ലക്ഷ്യം വെച്ചാണ് സംയുക്ത വർക്കിങ് ഗ്രൂപ്പിന്‍റെ ആദ്യ യോഗം കഴിഞ്ഞ ദിവസം ദോഹയിൽ നടന്നത്. വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ വ്യാപാര - സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണത്തെ കുറിച്ച് യോഗം ചർച്ച ചെയ്തതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളർച്ചയിൽ സ്വകാര്യ സംരംഭകരെ എങ്ങനെ പങ്കാളികളാകാം എന്നതും യോഗത്തിൽ ചർച്ചയായി.
ഇന്ത്യ, ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്, കഴിഞ്ഞ വർഷം മൊത്തം ഉഭയകക്ഷി വ്യാപാരം 13.5 ബില്യൻ ഡോളറിലെത്തി. പൂർണ ഉടമസ്ഥതയിൽ ഉള്ളതോ സംയുക്ത സംരംഭങ്ങളായോ 20,000-ത്തിലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഖത്തറിനും ഇന്ത്യക്കും ഇടയിൽ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സംയുക്ത സമിതി രൂപീകരിച്ചത്. പ്രധാന വ്യാപാര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും സാമ്പത്തികവും സാങ്കേതികവുമായ സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ സമിതി ശ്രമിക്കുന്നുണ്ട്.
കൂടാതെ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കി, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് സേവനങ്ങൾ, ട്രാൻസിറ്റ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി ഉഭയകക്ഷി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിൽ സംയുകത സമിതി സുപ്രധാന പങ്ക് വഹിക്കും.