വനവത്കരണം നേട്ടമായി; സൗദിയിൽ പൊടിക്കാറ്റ് 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയിൽ പൊടിക്കാറ്റ് 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 90% വരെയാണ് കുറവ് രേഖപ്പെടുത്തിയത്. ഈ സംഭവവികാസത്തിന് കാരണം സൗദി ഗ്രീൻ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി നടപ്പാക്കിയ വനവൽക്കരണം, സസ്യപുനരധിവാസം, കൃത്രിമ മഴ എന്നിവയാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. ഈ സംരംഭം ജീവിത നിലവാരം മെച്ചപ്പെടുത്താനും വരും തലമുറകൾക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.
കണക്കുകളും അനുപാതങ്ങളും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്ന് വെതർ ആൻഡ് ക്ലൈമറ്റ് അസോസിയേഷൻ, എൻവയണ്‍മെന്‍റൽ അസോസിയേഷൻ ആൻഡ് കോംപാറ്റ് ഡെസർട്ടിഫിക്കേഷൻ സ്ഥാപകനായ അൽവലീദ് അൽനാജിം പറഞ്ഞു. ഭാവി തലമുറയുടെ പ്രയോജനത്തിനായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളെ നേരിടാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ദേശീയ ഉദ്യമമാണ് സൗദി ഗ്രീൻ ഇനീഷ്യേറ്റീവ്.
ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ലക്ഷ്യം കൈവരിക്കാനും ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സുസ്ഥിര വളർച്ച വേഗത്തിലാക്കാനും 70,000 കോടിയിലേറെ റിയാല്‍ മുതൽമുടക്ക് വരുന്ന 77 വ്യത്യസ്ത പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. സൗദി അറേബ്യയിലെ പൊടിക്കാറ്റിന്‍റെ നിരക്ക് ഗണ്യമായി കുറയുന്നത് സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ചട്ടക്കൂടിനുള്ളിൽ നടത്തിയ ശ്രമങ്ങളുടെ വിജയത്തിന്‍റെ തെളിവാണെന്ന് അൽനാജിം കൂട്ടിച്ചേർത്തു. ഈ പോസിറ്റീവ് ഫലങ്ങൾ പരിസ്ഥിതി സംരക്ഷിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ ശ്രമങ്ങൾ തുടരുന്നതിലൂടെ സൗദി അറേബ്യയുടെ പാരിസ്ഥിതിക ഭാവി കൂടുതൽ തിളക്കമാർന്നതാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.