ദുബായിൽ ജ്വല്ലറിയിൽ നിന്ന് തട്ടിയത് 8 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം; ഇന്ത്യക്കാരനടക്കം 3 പേർക്ക് തടവ്
Mail This Article
ദുബായ് ∙ ജ്വല്ലറി കമ്പനിയിൽ നിന്ന് 8 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച കേസിൽ ഒന്നാംപ്രതി ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് തടവും നാടുകടത്തലും ശിക്ഷ. ഈജിപ്ത് സ്വദേശികളായ സഹോദരന്മാരാണ് മറ്റു രണ്ടുപേര്‍. 2023 സെപ്റ്റംബർ 28 ന് ദുബായ് ദെയ്റ നായിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നും രണ്ടും പ്രതികൾ ജോലി ചെയ്തിരുന്ന ജ്വല്ലറി കമ്പനിയിൽ നിന്ന് 8,24,604.17 ദിർഹം തട്ടിയെടുത്തതായി ദുബായ് ക്രിമിനൽ കോടതിയി പറഞ്ഞു. രഹസ്യമായി ഒരു ജ്വല്ലറി വർക് ഷോപ് സ്ഥാപിച്ചും കമ്പനിയുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായും കണ്ടെത്തിയിരുന്നു.
ആദ്യ രണ്ട് പ്രതികൾ മോഷ്ടിച്ച പണത്തിൽ നിന്ന്, രാജ്യം വിട്ട മൂന്നാം പ്രതിക്ക് 2,36,823 ദിർഹം നൽകിയിരുന്നു. 35 കാരനായ ഇന്ത്യക്കാരനാണ് ഒന്നാം പ്രതി. കമ്പനിയുടെ സമ്മതമില്ലാതെ ഒരു രഹസ്യ സ്വർണപ്പണിശാല സ്ഥാപിക്കുകയും ജ്വല്ലറിയുടെ പേരിൽ 10 തൊഴിലാളികളെ നിയമിക്കുകയും സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്ന് ശമ്പളം നൽകുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
തൊഴിൽ കരാറുകളിൽ മാറ്റം വരുത്താനും സ്വന്തം പ്രതിമാസ ശമ്പളം 10,000 ദിർഹത്തിൽ നിന്ന് 50,000 ദിർഹമായി വർധിപ്പിക്കാനും പ്രതികൾ പ്രവർത്തിച്ചു. രണ്ടാം പ്രതി 47 കാരനായ ഈജിപ്ഷ്യൻ പൗരൻ മൂന്നാം പ്രതിയും സഹോദരനുമായ 41 കാരന് കമ്പനിയിൽ ജോലി ഏർപ്പാടാക്കി. സഹോദരന്റെ ശമ്പളം 3,500 ദിർഹമായി നിശ്ചയിച്ചെങ്കിലും വേതന സംരക്ഷണത്തിൻ്റെ മറവിൽ പ്രതിമാസം 25,000 ദിർഹം അധികമായി അയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 15 ലക്ഷം ദിർഹം കടം വാങ്ങിയാണ് മൂന്നാം പ്രതി രാജ്യം വിട്ടത്.
സ്വർണത്തൊഴിലാളികൾ സംശയം പ്രകടിപ്പിച്ചത് വഴിത്തിരിവായി
വിലകൂട്ടി സ്വർണം വാങ്ങുന്നത് പോലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് 2023 മേയിൽ കുറ്റകൃത്യം പുറത്തായതെന്ന് ജ്വല്ലറി കമ്പനിയുടെ പങ്കാളികളിലൊരാളുടെ പ്രതിനിധി പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം അനധികൃത ജ്വല്ലറി വർക് ഷോപ് കണ്ടെത്തുകയും പാർട്ണറെ വിവരം അറിയിക്കുകയും ചെയ്തു.
ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഇവർക്ക് 8,24,604.17 ദിർഹം പിഴ ചുമത്തി. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. രാജ്യം വിട്ട മൂന്നാം പ്രതിക്ക് അയാളുടെ അഭാവത്തിൽ ഒരു മാസത്തെ തടവും 236,823 ദിർഹം പിഴയും വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇയാളെയും നാടുകടത്തും.