അബുദാബി വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആരോഗ്യസേവനവുമായി ബുർജീൽ ക്ലിനിക്
Mail This Article
അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ 24/7 ക്ലിനിക് തുറന്ന് പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും മികച്ച വൈദ്യസഹായം ഉടനടി ലഭ്യമാക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബുർജീൽ എയർപോർട്ട് ക്ലിനിക് യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. ലോകോത്തര ഗതാഗത കേന്ദ്രമായ സായിദ് രാജ്യാന്തര വിമാനത്താവളത്തിന് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ സ്വാഗതം ചെയ്യാനുള്ള ശേഷിയുണ്ട്.
എയർപോർട്ടിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി എന്നിവർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ സജ്ജമാണ് ക്ലിനിക്. കൂടുതൽ സങ്കീർണമായ കേസുകൾ ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ബുർജീലിന്റെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യും.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ പരിചരിക്കുന്നതിലൂടെ യുഎഇ വാഗ്ദാനം ചെയ്യുന്ന ലോകോത്തര ചികിത്സാ സാധ്യതകൾ പങ്കുവയ്ക്കാനാണ് ശ്രമമെന്ന് ബുർജീൽ സിഇഒ ജോൺ സുനിൽ പറഞ്ഞു. പൊതു ആരോഗ്യ സേവങ്ങൾക്ക് പുറമെ വാക്സിനേഷൻ സഹായവും ക്ലിനിക് ലഭ്യമാക്കും. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവർ യാത്രക്കാർക്കും ക്ലിനിക്ക് സഹായകരമാകും.