ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് ഒരു വയസ്സ് ; ഗൾഫിലെ ഭരണാധികാരികളുമായി എന്നും സ്നേഹബന്ധം പുലർത്തിയ നേതാവ്
Mail This Article
ദുബായ് ∙ ഗൾഫിലെ ഭരണാധികാരികളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ഗൾഫിലെ ഏത് രാജ്യത്ത് എത്തിയാലും അവിടുത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. സൗമ്യനായ ഉമ്മൻചാണ്ടിയെ എല്ലാവരും അകമഴിഞ്ഞ് ഇഷ്ടപ്പെട്ടതായും പ്രവാസികൾ സ്മരിക്കുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായി ഉമ്മൻ ചാണ്ടി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ മജ്‌ലിസിൽ സ്നേഹോഷ്മള സ്വീകരണമാണ് ഉമ്മൻചാണ്ടിക്ക് നൽകിയത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി മനാമയിലും ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി എം.എ. യൂസഫലിയോടൊപ്പമായിരുന്നു സന്ദർശനം. ഇതര ഗൾഫ് രാജ്യങ്ങളിലെത്തിയാലും അവിടുത്തെ ഭരണാധികാരികളെ കാണാനും പറ്റുമെങ്കിൽ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കെഎംസിസിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ രക്തദാന ക്യാംപ് ഉൾപ്പെടെയുള്ള അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ.