സൗദിയിൽ കണ്ടെത്തിയത് രണ്ടു കോടി ഔൺസിന്റെ സ്വർണശേഖരം; വൻ തൊഴിൽ സാധ്യത: വെളിപ്പെടുത്തൽ
Mail This Article
ജിദ്ദ ∙ ഒരു കോടി മുതല്‍ രണ്ടു കോടി ഔണ്‍സ് വരെ സ്വര്‍ണശേഖരം സൗദിയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി സിഇഒ ബോബ് വില്‍റ്റിന്റെ വെളിപ്പെടുത്തൽ. സ്വര്‍ണ ഉല്‍പാദന മേഖലയില്‍ വലിയ അവസരങ്ങളാണ് രാജ്യത്ത് വരാനിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മആദിന്‍ കമ്പനിക്ക് വലിയ പ്രവര്‍ത്തന അടിത്തറയുണ്ടെന്നും ബോബ് വിൽറ്റിൻ അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതിയുടെ പ്രവർത്തനത്തിലേക്ക് കമ്പനി രംഗത്തിറങ്ങി. ഭാവിയില്‍ കൂടുതല്‍ സ്വര്‍ണ ശേഖരങ്ങള്‍ കണ്ടെത്താനാകുമെന്നും ശക്തവും ചലനാത്മകവുമായ ഖനന മേഖലയില്‍ പ്രകൃതി വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഈ പദ്ധതികള്‍ 50,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.
എണ്ണക്കും വാതകത്തിനും ശേഷം, സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ സ്തംഭമായി ധാതുവിഭവ, ഖനന മേഖലയെ പരിവര്‍ത്തിപ്പിക്കാനാണ് മആദിന്‍ കമ്പനി ആഗ്രഹിക്കുന്നത്. രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. രാജ്യത്തിന്റെ താഴേതട്ടിലുള്ള വികസന പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതിന് ഒരു സംയോജിത പര്യവേക്ഷണ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. സൗദിയില്‍ ഫോസ്‌ഫേറ്റ് അടക്കം രണ്ടു ട്രില്യൻ ഡോളറിന്റെ ധാതുവിഭവ ശേഖരങ്ങളുണ്ടെന്നാണ് നിലവില്‍ കണക്കാക്കുന്നത്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് രാസവള, ബോക്‌സൈറ്റ് നിര്‍മാണ, കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ബോക്‌സൈറ്റ് ആണ് അലൂമിനിയമാക്കി മാറ്റുന്നത്. ബോക്‌സൈറ്റിന് ഒരു സമ്പൂര്‍ണ മൂല്യശൃംഖലയുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ടിന്നുകള്‍ നിര്‍മിക്കുന്നവര്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും ഇതിലൂടെ സേവനം ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കി.
2002-ല്‍ മആദിന്‍ കമ്പനി ഫോസ്‌ഫേറ്റ് പദ്ധതി ആരംഭിച്ചപ്പോള്‍ ഫോസ്‌ഫേറ്റ് വളങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട അമേരിക്കന്‍ കമ്പനിയായ മൊസൈക്കുമായി കരാറിലൊപ്പിട്ടു. ആഗോള തലത്തിൽ അറിയപ്പെടാനും സാങ്കേതികവിദ്യ, ഭാവിയുടെ ഭാഗമാകല്‍ എന്നിവയില്‍ താല്‍പര്യമുള്ള യുവാക്കള്‍ക്ക് മആദിന്‍ കമ്പനിയില്‍ തൊഴിലവസരങ്ങളുണ്ട്.
കമ്പനിയുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അടുത്ത ദശകത്തില്‍ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കേണ്ടി വരും. ഇതോടൊപ്പം യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നിരവധി പരിശീലന പ്രോഗ്രാമുകളും നടപ്പാക്കുമെന്ന് ബോബ് വില്‍റ്റ് പറഞ്ഞു.