ADVERTISEMENT

അൽ ബാഹ ∙ കുളിരും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയും പ്രകൃതിരമണിയതയും ആസ്വദിക്കാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് തെക്കുപടിഞ്ഞാറൻ പ്രദേശത്തെ അൽ ബാഹ. മഴയും കാറ്റും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നിൻചരുവുകളിലൂടെ ഒഴുകിയിറങ്ങുന്ന അരുവികളും തോടുകളും പൂത്തുലഞ്ഞു വിലസുന്ന ചെടികളും മരങ്ങളും കൃഷിയിടങ്ങളും വാഴത്തോപ്പുകളുമൊക്കെ  മലയാളികൾക്ക് കേരളത്തിന്റെ  പ്രകൃതിരമണീയതയുടെ നിമിഷങ്ങളാണ് സമ്മാനിക്കുക.

വേനൽ ചൂടിന്റെ വറുതിയിൽ നിന്ന് തണുപ്പുള്ള സുഖശീതളിമയിലേക്ക് ഓടിയെത്താൻ സ്വദേശികളും വിദേശികളുമായ സഞ്ചാരപ്രിയർക്ക് എറെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. സൗദിയുടെ മറ്റു പ്രദേശങ്ങളിലൊക്കെ കനത്ത വേനൽ ചൂടിൽ അമരുമ്പോൾ മലമ്പ്രദേശങ്ങളിലാകെ മഴയും തണുപ്പും നിറഞ്ഞ് ഏറെ ആകർഷണീയമാണ്. അൽ ബാഹയുടെ കുന്നിൽ ചരുവുകളിൽ  അപ്പൂപ്പൻതാടി പോലെ വെളുവെളുത്ത  മൂടൽ മഞ്ഞ് വന്നു പൊതിയുന്ന കാഴ്ചയും തണുപ്പിൽ അലിഞ്ഞു ചേരാനാവുന്ന അനുഭവമാണ് നൽകുന്നത്. 

al-bahah-attracts-tourists4
അൽ ബാഹയുടെ കുന്നിൽ ചരുവുകളിൽ അപ്പൂപ്പൻതാടി പോലെ വെളുവെളുത്ത മൂടൽ മഞ്ഞ് വന്നു പൊതിയുന്നു. Image Credit: X/SPA

വേനൽക്കാലമെത്തുന്നതോടെ ഇവിടെ നിരവധി പരിപാടികളാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത്. 20 ദിവസം നീണ്ടു നിൽക്കുന്ന അൽ ദാർ ഫെസ്റ്റിവലാണ് ഏറെ ശ്രദ്ധേയം. തണുപ്പ് തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്തും ടൂറിസം സാധ്യതകളെ കൂടുതൽ ആകർഷമാക്കുന്നതിനുമാണ് മുൻ വർഷം അൽ ദാർ ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ പ്രദേശത്തിന്റെ   പൈതൃകവും പാരമ്പര്യവും സമന്വയിപ്പിച്ചാണ് മേളയൊരുക്കുന്നത്. നിരവധി വൈവിധ്യമാർന്ന പരിപാടികളും ദൃശ്യകലാ പ്രദർശനങ്ങളും ഈ ദിവസങ്ങളിൽ സഞ്ചാരികൾക്കായി ഒരുക്കും.  ചരിത്ര പൈതൃകത്തിൽ നിന്നും ഉടലെടുത്ത പലതരം വിനോദ, സാംസ്കാരിക പ്രവർത്തനങ്ങൾ കാണുവാനും പങ്കെടുക്കാനും അതിലെല്ലാം ഭാഗമാവാനും ഇവിടെ എത്തുന്ന സഞ്ചാരികൾക്കു കഴിയും. അതിലൂടെ അൽ ബാഹയുടെ ടൂറിസം സാധ്യതകളെ പരിപോപഷിപ്പിക്കാനും ഇന്നാടിന്റെ പാരമ്പര്യ പൈതൃകങ്ങളെ അടുത്തറിയാനും കഴിയും.

Image Credit: SPA
20 ദിവസം നീണ്ടു നിൽക്കുന്ന അൽ ദാർ ഫെസ്റ്റിവലാണ് ഏറെ ശ്രദ്ധേയം. Image Credit: X/SPA

അൽ ബഹ മേഖലയിൽ നിന്നുള്ള നാടൻ റൊട്ടി വിദഗ്ധമായി തയാറാക്കുന്ന പാചകകല അൽ-മൂസ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന രണ്ടാമത്തെ ദാർ ഫെസ്റ്റിവലിലേക്ക് സന്ദർശകരെയും നാട്ടുകാരേയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. കനലിൽ ചൂട്ടെടുക്കുന്ന 'മുഖാന' എന്ന വിളിക്കുന്ന ഗോതമ്പുകൊണ്ടുള്ള അപ്പം പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ആതിഥ്യമര്യാദയുടെ അടയാളമായി ഏറ്റവും വലിയ അപ്പം ഉണ്ടാക്കുന്നതിൽ പല നാട്ടുകാരും മത്സരിക്കുന്നത് പതിവാണ്.

ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്ത് നിരവധി സ്വകാര്യ റിസോർട്ടുകളടക്കം പ്രവർത്തിക്കുന്നുണ്ട്. ഒട്ടുമിക്ക റിസോർട്ടുകളും മലമടക്കുകളിൽ നിന്നും കളകളം ഒഴുകിയിറങ്ങുന്ന അരുവികളുടെയും നീർച്ചോലകളുടെയും കാഴ്ചയുമായി പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലാണെന്നതാണ് ഏറെ ആകർഷണീയമാകുന്നത്. നിരവധി കൃഷിയിടങ്ങളും പുന്തോട്ടകൃഷിക്കുമൊക്കെ പ്രസിദ്ധമായ ഇവിടെ ചരിത്രസ്നേഹികൾക്കായി എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പൈതൃതക പുരാണ കോട്ടകളും വീടുകളുമുള്ള ധീഐൻ വില്ലേജിന്റെ കാഴ്ചകളുമുണ്ട്. പ്രകൃതി നീ എത്ര മനോഹരി എന്നാവും അൽ ബാഹയിലെത്തുന്ന ഒരോ സഞ്ചാരിയും മടങ്ങുമ്പോൾ പറയുക.

English Summary:

Al Bahah Attracts Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com