ഒമാന്‍ കടലിലെ കപ്പല്‍ അപകടം; ഒരാള്‍ മരിച്ചു, ഇന്ത്യക്കാരുള്‍പ്പെടെ ഒൻപത് പേരെ രക്ഷപ്പെടുത്തി
Mail This Article
മസ്‌കത്ത് ∙ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം തീരത്തോട് ചേര്‍ന്ന് എണ്ണക്കപ്പല്‍ അപകടത്തില്‍ പ്പെട്ട സംഭവത്തില്‍ ഒരാള്‍ മരിച്ചതായും ഒൻപത് പേരെ രക്ഷപ്പെടുത്തിയതായും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
എട്ട് ഇന്ത്യക്കാരുള്‍പ്പെടെ ഒൻപത് പേരെ രക്ഷപ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയും നേരത്തെ അറിയിച്ചിരുന്നു. ശ്രീലങ്കന്‍ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാള്‍. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്ററിന് കീഴില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാവികസേനയും പങ്കുചേര്‍ന്നിട്ടുണ്ട്. ഐഎന്‍എസ് തേജും വ്യോമനിരീക്ഷണത്തിന് പി81 വിമാനമാണ് രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ളത്. മറിഞ്ഞ ഓയില്‍ ടാങ്കറില്‍നിന്ന് വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ദുകം വിലായത്തിലെ റാസ് മദ്‌റാക്കയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായാണ് കപ്പല്‍ അപകടത്തില്‍പ്പെ ട്ടത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും ഉള്‍പ്പെടെ 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.