റോഡ് കോഡുമായി സൗദി റോഡ് അതോറിറ്റി
Mail This Article
റിയാദ്∙ റോഡിലും, പാതയോരങ്ങളിലും നടപ്പാതകളിലുമൊക്കെ മഞ്ഞ, കറുപ്പ് നിറങ്ങളിലുള്ള പെയിന്റിങ് അടയാളപ്പെടുത്തുന്ന റോഡ് കോഡ് വ്യക്തമാക്കി സൗദി റോഡ് അതോറിറ്റി. സൗദിയിലെങ്ങും റോഡ് മാനദണ്ഡങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യവുമായാണ് റോഡ് കളർ കോഡിങ് സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞ കറുപ്പ് നിറങ്ങൾ ഇടവിട്ട് അടയാളപ്പെടുത്തിയത് അർത്ഥമാക്കുന്നത് പാർക്കിങ് നിരോധനം എന്നാണ്. വെള്ള, കറുപ്പ് ഇടവിട്ട് റോഡ് വശങ്ങളിൽ അടയാളപ്പെടുത്തിയിടത്ത് പാർക്കിങ് അനുവദിക്കപ്പെട്ടിരിക്കുന്നു. റോഡ് വശങ്ങളിൽ ചുമപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് എമർജൻസി സർവ്വീസ് വാഹനങ്ങൾക്ക് എന്നാണ് . നീലയും കറുപ്പും ഇടവിട്ട് അടയാളപ്പെടുത്തിയ പാതയോരങ്ങൾ പണം അടച്ചുള്ള പെയ്ഡ് പാർക്കിങ് ഇടങ്ങളാണെന്നും സൂചിപ്പിക്കുന്നു.
സൗദിയിലെ റോഡ് ശൃംഖലയുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത വർധിപ്പിക്കുന്നതിനും വേണ്ടി ഒരു സൂപ്പർവൈസറി, റെഗുലേറ്ററി ബോഡി എന്ന നിലയിലുള്ള തങ്ങളുടെ പങ്ക് അടിസ്ഥാനമാക്കിയാണ് അതോറിറ്റി സൗദി റോഡ് കോഡ് ആരംഭിച്ചത്