ട്രാവൽ ഏജൻസിയുടെ മറവിൽ ഗൾഫിലും സിംഗപ്പൂരിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; പാലാ സ്വദേശികൾ തട്ടിയത് 4 കോടി!
Mail This Article
ആലപ്പുഴ ∙ ട്രാവൽ ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഭവത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷന് സമീപത്തുള്ള സ്കൈലൈൻ എന്റർപ്രൈസസ് ഉടമ ആലപ്പുഴ നഗരസഭ വെള്ളക്കിണർ വാർഡിൽ പുന്നയ്ക്കൽ പുരയിടത്തിൽ നൗഷാദിനെ സൗത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ വൈക്കം ഉല്ലല പുത്തൻതറ അരവിന്ദനാണ് (56) ഇന്നലെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഗൾഫിലും സിംഗപ്പൂരിലും തൊഴിൽ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള ഒട്ടേറെപ്പേരിൽ നിന്നും ഇരുവരും ചേർന്ന് പണം വാങ്ങിയതായി പൊലീസ് പറഞ്ഞു. ഒട്ടേറെ പരാതികളാണ് സ്ഥാപനത്തിനെതിരെ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ സ്ഥാപനം സൗത്ത് പൊലീസ് പൂട്ടിയിരുന്നു.
∙ വിദേശജോലി വാഗ്ദാനം ചെയ്ത് 4 കോടി തട്ടിയെന്ന് പരാതി
തൊടുപുഴ ∙ വിദേശജോലി വാഗ്ദാനം ചെയ്ത് 125ൽ ഏറെ ആളുകളിൽനിന്നായി 4 കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി. കരിങ്കുന്നം, പാലാ സ്വദേശികളുടെ നേതൃത്വത്തിലാണു തട്ടിപ്പ് നടത്തിയതെന്നു പരാതിയിൽ പറയുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന എആർ കൺസൽറ്റൻസി എന്ന സ്ഥാപനം വഴിയാണു തട്ടിപ്പ് നടന്നതെന്നും ഇസ്രയേൽ, കാനഡ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. തട്ടിപ്പിനിരയായവർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. 21ന് തൊടുപുഴയിൽ കൺവൻഷനും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തും.