അവധി കഴിഞ്ഞ് മലയാളി കുടുംബം കുവൈത്തിലെത്തിയത് വൈകിട്ട് അഞ്ചിന്; മൂന്ന് മണിക്കൂറിനുള്ളിൽ അപകടം
Mail This Article
കുവൈത്ത് സിറ്റി∙ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു ദുരന്ത വാർത്തയാണ് കുവൈത്തിൽ നിന്ന് ഇന്ന് കേരളം കേട്ടത്. അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് മരിച്ചത് നാലാംഗ മലയാളി കുടുംബമാണ്. തീപിടിത്ത അപകടങ്ങൾ ഇല്ലാതാക്കാൻ ജാഗ്രതപാലിക്കണമെന്ന് അഗ്നിശമന സേനാ മുന്നറിയിപ്പ് ആവർത്തിക്കുമ്പോഴും അപകടങ്ങൾ തുടർക്കഥയാകുന്നതാണ് കുവൈത്തിലെ സാഹചര്യം.
അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മരിച്ച തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യൂമുളയ്ക്കൽ (38) ഭാര്യ ലിനി എബ്രഹാം (35) മക്കളായ ഐറിൻ (13) ഐസക് (7) എന്നിവർ മരിച്ചവർ അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് കുവൈത്തിൽ മടങ്ങിയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ വിമാനതാവളത്തിൽ എത്തിയ ഇവർ അബ്ബാസിയയിലെ താമസസ്ഥലത്ത് എത്തി ഉറങ്ങാൻ കിടന്നതായിരുന്നു. അവധി കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ ക്ഷീണത്തിലും ആലസ്യത്തിലും ഉറങ്ങാൻ കിടന്നതായിരിക്കും അച്ഛനും അമ്മയും രണ്ട് കുരുന്നുകളും അടങ്ങുന്ന ആ കുടുംബം. നാട്ടിൽ മഴയുടെ കുളിരിൽ നിന്ന് കുവൈത്തിലെ ചുട്ടു പൊള്ളുന്ന വേനലിലേക്ക് വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആ ദുരന്തം സംഭവിച്ചത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
വീട്ടിനകത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീ ശ്രദ്ധയിൽ പെട്ട പരിസരവാസികൾ വിളിച്ചതനുസരിച്ചാണ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയത് അഗ്നി ശമന ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത് .നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു .
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണമടഞ്ഞ മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണു. മകൻ ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ .ഇതെ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്. മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ഇപ്പോൾ മോർച്ചറിയിൽ ആണുള്ളത് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.