അബായയുടെ ഡിസൈൻ കോപ്പിയടിച്ചു; യുവ സംരംഭകയ്ക്ക് എതിരെ നടപടിയുമായി കോടതി
Mail This Article
മനാമ∙ സ്വന്തം സ്‌ഥാപനത്തിൽ താൻ നിർമിക്കുന്ന സ്ത്രീകൾ ധരിക്കുന്ന അബായയുടെ ഡിസൈൻ പകർത്തി ഓൺലൈൻ വഴി മറ്റൊരു യുവ സംരംഭക വിൽപന നടത്തുന്നതായി ആരോപിച്ച് കേസ് നൽകിയ 60 വയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ബഹ്‌റൈൻ കോടതിയാണ് വസ്ത്ര ഡിസൈൻ പകർപ്പവകാശം ലഘിച്ചതിന് 250 ദിനാർ പിഴ നൽകാൻ ഉത്തരവിട്ടത്. ഡിസൈൻ പകർത്തി വിൽപ്പന നടത്തിയത് 20 വയസ്സുകാരിയായ വനിതയാണ്. അവരുടെ പ്രവൃത്തികൾ മൂലമുണ്ടായ ധാർമ്മിക നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി മുതിർന്ന ഡിസൈനർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
അബായകൾ സ്വന്തമായി രൂപകൽപന ചെയ്യുകയും സമൂഹ മാധ്യമത്തിലൂടെ വിൽപന നടത്തുകയുമായിരുന്നു 60 വയസ്സുകാരിയായ സംരംഭക. അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിനിന്നാണ് യുവ സംരംഭക അബായ യുടെ ചിത്രങ്ങൾ പകർത്തി അവ തന്‍റേതായി അവതരിപ്പിച്ച് വിൽപന നടത്തിയതെന്ന് അഭിഭാഷക പറഞ്ഞു. ഡിസൈനുകൾ മോഷണം പോയതിനാൽ തന്റെ കക്ഷിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും , അത് അവരുടെ ഏക വരുമാന സ്രോതസ്സായിരുന്നുവെന്നും അഭിഭാഷക വാദിച്ചു.തുടർന്നാണ് ആശയവിനിമയ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷൻ യുവ സംരംഭകയ്‌ക്കെതിരെ പിഴ ചുമത്തിയത്.
നിയമ ലംഘനത്തിന്‍റെ വൈകാരിക ആഘാതം കോടതി അംഗീകരിച്ചു, അബായ ഡിസൈൻ പകർത്തി വിറ്റതിലെ അനൗചിത്യവും തെറ്റും മുതിർന്ന ഡിസൈനറുടെ വൈകാരിക പ്രയാസത്തിനും സാമ്പത്തിക നഷ്ടത്തിനും കോടതി ഊന്നൽ നൽകിയാണ് വിധി പ്രസ്താവിച്ചതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.