ബഹ്റൈനിലെ വിവാഹ റജിസ്ട്രേഷൻ; ലഹരി ഉപയോഗം പരിശോധിക്കാൻ ആലോചന
Mail This Article
മനാമ ∙ ബഹ്‌റൈനിൽ നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാൻ ഇനി മുതൽ ലഹരി ഉപയോഗം, മാനസിക നില എന്നിവയും പരിശോധിക്കണമെന്ന് ആവശ്യം. നിലവിലുള്ള ആരോഗ്യ പരിശോധനകൾക്ക് പുറമെയാണിത്. പാർലമെന്‍റിൽ നാഷനൽ സ്ട്രാറ്റജിക് ബ്ലോക്ക് പ്രസിഡന്‍റും എംപിയുമായ അഹമ്മദ് അൽ സലൂം ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് ശുപാർശ സമർപ്പിച്ചു.
നിലവിൽ വിവാഹത്തിന് മുൻപ് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, ക്ഷയ രോഗ നിർണങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. പുതിയ ശുപാർശ ബഹ്‌റൈനിൽ വച്ച് വിവാഹിതരാകുന്ന വിദേശ പൗരന്മാർക്കും ബാധകമാകും. വിവാഹത്തിന് മുൻപ് നിർബന്ധിത ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്‌റൈൻ.
പാരമ്പര്യ രോഗങ്ങളും അരിവാൾ രോഗം പോലുള്ളയവും തലമുറകളിലേക്ക് പടരാതിരിക്കാനും ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് രാജ്യത്ത് ഇത്തരം ഒരു 'പ്രീ മാരിയേജ്' ടെസ്റ്റ് നിയമം കൊണ്ടുവന്നത്. പങ്കാളികൾ കൃത്യമായ ആരോഗ്യ വിവരങ്ങൾ അറിയുന്നത് തീർച്ചയായും പരസ്പര ഐക്യം നിലനിർത്താനും വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് അഹമ്മദ് അൽ സലൂം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയും അടുത്തിടെ വിവാഹത്തിനു മുൻപുള്ള പരിശോധനകൾ നിയമപരമാക്കിയിരുന്നു.