ADVERTISEMENT

കുവൈത്ത് സിറ്റി ∙ വയറിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലത്ത് വീട്ടിലെ എസി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വില്ലന്മാരാകാം. അതിന് ഉദാഹരണമാണ് കുവൈത്തിൽ മലയാളി കുടുംബത്തിന്റെ മരണം. മുൻപെങ്ങും ഇല്ലാത്തവിധമുള്ള ചൂടാണ് ഗൾഫിൽ‌ അനുഭവപ്പെടുന്നത്. എസി ഉപയോഗം പാരമ്യത്തിലെത്തിയ സമയമാണിത്. 

എസി നിർമാണം ചൂട് അനുസരിച്ച്
ഓരോ രാജ്യത്തെയും അന്തരീക്ഷ താപനില അനുസരിച്ചാണ് എസികൾ സ്ഥാപിക്കുന്നത്. 52 ഡിഗ്രിയിലധികം ചൂടുള്ള രാജ്യങ്ങളുടെ പട്ടികയായ ടി4ൽ ആണ് കുവൈത്ത് ഉൾപ്പെടുന്നത്. ടി4 രാജ്യങ്ങൾക്കുള്ള എസിയും അതിന്റെ അനുബന്ധ ഉപകരണങ്ങളും ആ രാജ്യത്തെ താപനില അനുസരിച്ചു നിർമിക്കുന്നതാണ്. 46 ഡിഗ്രി ചൂടുള്ള രാജ്യങ്ങളുടെ പട്ടികയായ ടി3ൽ ആണ് യുഎഇ. 35 ഡിഗ്രി ചൂടുള്ള ടി1 രാജ്യങ്ങളിലാണ് ഇന്ത്യ. പുറത്തെ ചൂടും അകത്തെ ചൂടും ഒരു പോലെ താങ്ങാൻ കഴിയുന്ന തരത്തിലാണ് എസികൾ നിർമിക്കുന്നതെങ്കിലും അതിന്റെ അനുബന്ധ വയറുകൾക്ക് നിലവാരം ഇല്ലെങ്കിൽ അപകടം ഉണ്ടാകാം.

ആളിക്കത്തിക്കും വാതകം ആർ32 
ഇപ്പോൾ ചൂട് കൂടുതലായതിനാൽ മുറി തണുപ്പിക്കുന്നതിന് എസി ഓവർലോഡ് എടുക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ വയറുകളിൽ സ്പാർക്കിന് സാധ്യതയുണ്ട്. എസിയിൽ ഉപയോഗിക്കുന്ന വാതകം ആർ32 റഫ്രിജറന്റ് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ തീപിടിത്ത സാധ്യത കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

ചില എസി കമ്പനികൾ ഇപ്പോഴും ആർ32 വാതകമാണ് ഉപയോഗിക്കുന്നത്. അപകടമുണ്ടായ വീട്ടിലെ എസിയിൽ ആർ32 ആണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. തീ ആളിക്കത്തിക്കാൻ ശേഷിയുള്ളതാണ് ആർ32. തീപിടിത്ത സാധ്യത കുറവുള്ള ആർ 410എ റഫ്രിജറന്റിലേക്ക് ഇപ്പോൾ പല കമ്പനികളും മാറിയിട്ടുണ്ട്. എസിയുടെ പുറത്തെ യൂണിറ്റ് കനത്ത ചൂടിനെ അതിജീവിക്കാൻ ശേഷിയുള്ളവയാണെന്നും വിദഗ്ധർ പറയുന്നു. എന്നാൽ, അപകടമുണ്ടാക്കുന്നത് കൂടുതലും വയറിങ്ങുകളാണ്.

ഭയം വേണ്ട, മുൻകരുതൽ മതി 
ഗൾഫ് രാജ്യങ്ങളിൽ മധ്യവേനൽ അവധിയായതിനാൽ 45 ദിവസം വരെ വീടുകൾ അടച്ചിട്ടു നാട്ടിലേക്കു പോകുന്നവരാണ് പ്രവാസികൾ. മടങ്ങിയെത്തുമ്പോൾ സ്വന്തം വീടുകളിൽ തന്നെ അപകടം പതിയിരിക്കുന്നത് പ്രവാസികളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. പരമാവധി മുൻകരുതലുകൾ സ്വീകരിക്കുക എന്നതു മാത്രമാണ് പോംവഴി. അതിൽ ഏറ്റവും പ്രധാനം വീട്ടിലെ വയറിങ്ങിന്റെ നിലവാരം പരിശോധിക്കുക എന്നതാണ്. ഇതിന് അംഗീകൃത ഇലക്ട്രീഷന്മാരുടെ സഹായം തേടാം. 

വൈദ്യുതോപകരണങ്ങൾ സുരക്ഷിതമെന്ന് ഉറപ്പാക്കാം
അവധിക്കു നാട്ടിൽ പോകുന്നവർ വീട്ടിലെ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്തു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. തിരികെ എത്തുമ്പോൾ സമീപമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കണം. കഴിയുമെങ്കിൽ പകൽ സമയത്തു വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണം. രാത്രിയിലാണ് തിരിച്ചെത്തുന്നതെങ്കിൽ എല്ലാ ഉപകരണങ്ങളും കൃത്യമായ പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ.

English Summary:

Heat: Expatriates are afraid of fire - Air Conditioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com