കുവൈത്ത് തീപിടിത്തം; മൃതദേഹങ്ങൾ ഇന്ന് നാട്ടിൽ എത്തിക്കും
Mail This Article
കുവൈത്ത് സിറ്റി ∙ അബാസിയയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ തലവടി മുളയ്ക്കലെ നാലംഗ മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ ഇന്ന് രാത്രി പത്തുമണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കേരളത്തിലേക്ക് കൊണ്ട് പോകും. ഉച്ചക്ക് ഒരുമണിക്ക് സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിനു വെക്കും. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ ശനിയാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു.
താലൂക്കിൽ തലവടി പഞ്ചായത്ത് നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം, മക്കളായ ഐറീൻ, ഐസക് എന്നിവരാണ് താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. ഷോർട് സർക്യൂട്ടുമൂലം ഉണ്ടായ തീയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണം. നാട്ടിൽ നിന്നും വെക്കേഷൻ കഴിഞ്ഞു തിരികെയെത്തി മണിക്കൂറുകൾക്കുള്ളിലാണ് ദുരന്തം സംഭവിച്ചത്. അബ്ബാസിയയിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു .സുഹൃത്തിന്‍റെ ഫ്‌ളാറ്റിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ സ്വന്തം ഫ്‌ളാറ്റിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു നാലംഗ കുടുംബം.
∙ 'വിളിച്ചുണർത്തിയിരുന്നു പക്ഷെ ..."
രണ്ടാം നിലയിലെ ഫ്‌ളാറ്റിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടയുടനെ എല്ലാ ഫ്‌ളാറ്റുകളിലും ചെന്നു ആളുകളെ വിളിച്ച് പുറത്തിറങ്ങാൻ നിർദേശിച്ചതായി തുടക്കത്തിൽ രക്ഷ പ്രവർത്തനത്തിനുണ്ടായിരുന്ന സാമൂഹ്യപ്രവർത്തകർ പറഞ്ഞു. മാത്യുവിന്‍റെ മുറിയിലും തട്ടി വിളിച്ചിരുന്നു. ഉറക്കത്തിൽ നിന്നെഴുന്നേറ്റ മാത്യു മുറി തുറന്നതായും പെട്ടെന്ന് തന്നെ കുട്ടികളെ വിളിക്കാനോ മറ്റോ വീണ്ടും അകത്തേക്ക് പോവുകയാണുണ്ടായത് എന്നും ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. വൈദ്യുതി നിലച്ചതിനാൽ അപ്പാർട്മെന്‍റിലെ ലിഫ്റ്റ് പ്രവർത്തിച്ചിരുന്നില്ല. രാത്രി ആളുകൾ ഉറങ്ങുന്നതിനു മുൻപായതിനാലാണ് അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞതെന്നും അല്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു എന്നുമാണ് കെട്ടിടത്തിലെ താമസക്കാർ നടുക്കത്തോടെ പങ്കുവെച്ചത്.
മക്കളുടെ സ്‌കൂൾ അവധിക്ക് എല്ലാ വർഷത്തെയും പോലെ ഇത്തവണയും നാട്ടിലേക്ക് വിമാനം കയറിയ മാത്യുവും കുടുംബവും നാല്പതു ദിവസത്തോളം നാട്ടിൽ ചെലവഴിച്ചാണ് വെള്ളിയാഴ്ച കുവൈത്തിൽ തിരിച്ചെത്തിയത്. ആരോഗ്യമന്ത്രാലയത്തിനു കീഴിൽ അദാൻ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരിയായ ലിനി എബ്രഹാം ഞായറാഴ്ച ജോലിക്ക് കയറാനുള്ളതായിരുന്നു, റോയിറ്റേസിൽ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ് മാത്യു. ഐറിനും ഐസക്കും ഭവൻസ് സ്‌കൂൾ വിദ്യാർഥികളും.
മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും അതി ദാരുണമായ വേർപാടിൽ കുവൈറ്റ് ഓഐസിസി നാഷനൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി എന്നിവർ കുവൈത്ത് ഓഐസിസി ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു ഓഐസിസി കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.