കുവൈത്ത് തീപിടിത്തം; നാടുണർന്നത് ദുരന്തവാർത്ത കേട്ട്, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
Mail This Article
കുവൈത്ത് സിറ്റി/ എടത്വ∙ തലവടി മുളയ്ക്കലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചെന്ന ദുരന്തവാർത്ത കേട്ടാണ് ഇന്നലെ തലവടി ഗ്രാമം ഞെട്ടിയുണർന്നത്. മാത്യൂസും കുടുംബവും അവധിക്കു ശേഷം തിരികെ ജോലിസ്ഥലത്തേക്കു മടങ്ങുന്നതിനു മുൻപ് സ്വന്തം ഇടവക പള്ളിയായ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിലെത്തി (കുഴിപ്പള്ളി) ആരാധനയിൽ പങ്കെടുത്തിരുന്നു. ഞായർ രാവിലെ ആരാധനയിൽ പങ്കെടുത്ത്, ഇടവക അംഗങ്ങളോടും പള്ളി വികാരിയോടും യാത്ര പറഞ്ഞാണു മടങ്ങിയത്.
15 വർഷത്തിലേറെയായി മാത്യൂസ് വർഗീസും കുടുംബവും കുവൈത്തിലാണ്. ഇന്നലെ ഉച്ചയോടെ തന്നെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണു ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ മരിച്ച നീരേറ്റുപുറം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അടിയന്തര ഇടപെടൽ നടത്തി.
∙ റേച്ചൽ തോമസിനെ തേടിയെത്തിയത് എത്തിയതു മകന്റെയും കുടുംബത്തിന്റെയും മരണവാർത്ത
ആലപ്പുഴ ∙ ‘അമ്മേ, ഞങ്ങൾ സുരക്ഷിതരായി ഇങ്ങെത്തി’ എന്നു വിളിച്ചുപറയുന്നത് കേൾക്കാൻ കാത്തിരുന്ന നീരേറ്റുപുറം മുളയ്ക്കൽ റേച്ചൽ തോമസിനെ തേടിയെത്തിയത് എത്തിയതു മകന്റെയും കുടുംബത്തിന്റെയും മരണവാർത്ത. ഒന്നര മാസത്തെ അവധി കഴിഞ്ഞു ജോലിസ്ഥലമായ കുവൈത്തിലേക്കു മടങ്ങിയ ടിഎംടി സ്കൂളിനു സമീപം മുളയ്ക്കൽ വീട്ടിൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ, ഭാര്യ ലിനി ഏലിയാമ്മ, മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ്, നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ എന്നിവരാണു കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചു മരിച്ചത്.
അവധിക്കു ശേഷം വെള്ളി പുലർച്ചെ ഒന്നോടെയാണു നീരേറ്റുപുറത്തെ വീട്ടിൽ നിന്നു മാത്യൂസും കുടുംബവും യാത്ര തിരിച്ചത്. 8 മണിക്കുള്ള വിമാനത്തിൽ കയറാനായി പുലർച്ചെ അഞ്ചോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വെള്ളി രാത്രിയേ ഫ്ലാറ്റിൽ എത്തൂ എന്നും ശനി രാവിലെ വിളിക്കാമെന്നുമാണു മാത്യൂസ് പറഞ്ഞിരുന്നത്. എന്നാൽ ആ വിളിക്കു മുൻപ് അപകടമുണ്ടായി.
രാത്രിയോടെ കുവൈത്തിൽ എത്തിയ മാത്യൂസും കുടുംബവും ഫ്ലാറ്റിൽ എത്തി താമസിച്ചെങ്കിലും ഇവർ എത്തിയ വിവരം ആരും അറിഞ്ഞിരുന്നില്ല. തീപിടിത്തം ഉണ്ടായതോടെ മറ്റു ഫ്ലാറ്റുകളിലെ ആളുകളെ ഒഴിപ്പിച്ചെങ്കിലും ഇവരെ ആരും തിരഞ്ഞില്ല. ഇതാണു ദുരന്തത്തിനു കാരണമായതെന്നു ബന്ധുക്കൾ പറയുന്നു.
അപകടമുണ്ടായ വിവരം ബന്ധുക്കൾ അറിഞ്ഞെങ്കിലും അമ്മ റേച്ചലിനെ അറിയിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാൽ കൂടുതൽ ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ റേച്ചൽ സംഭവമറിഞ്ഞു. ഒരു ദിവസം മുൻപുവരെ തന്റെ കൈകളിൽ പിടിച്ചു നടന്നിരുന്ന കൊച്ചുമക്കളും മകനും മരുമകളും മരിച്ചെന്നറിഞ്ഞതോടെ റേച്ചൽ സ്തംഭിച്ചുപോയി. ക്രിസ്മസ് അവധിക്കു മക്കൾ നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാനായി നാലുപേരുടെയും ചെരിപ്പുകൾ വീട്ടിൽ ഒരു മൂലയിൽ കരുതി വച്ചിരുന്നു.