ഓസോൺ പാളികളുടെ സംരക്ഷണം; എസിയിലെ ഫ്രിയോൺ വാതകം ഒഴിവാക്കണമെന്ന് റഷാദ് അൽ ഹാരിരി
Mail This Article
റിയാദ് ∙ വേനൽ കനത്തതോടെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എയർ കണ്ടീഷനറുകളിൽ നിന്നും പുറം തള്ളുന്ന വാതകങ്ങൾ ഓസോൺ പാളിക്ക് ദോഷകരമാണെന അവസ്ഥയിൽ ബദൽ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താനാവുമോ എന്നു പരിഗണിക്കുകയാണ് രാജ്യത്തെ വിദഗ്ധർ. ഓസോൺ പാളിക്ക് കേടുപാടുകൾ വരുത്തുകയും ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യുന്ന ഫ്രിയോൺ വാതകത്തിന് രാസ ഗുണങ്ങളുണ്ടെന്ന് നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് കൺട്രോളിലെ പരിസ്ഥിതി സംരക്ഷണ വിദഗ്ധൻ എഞ്ചിനീയർ റഷാദ് അൽ ഹാരിരി പറഞ്ഞു.
ഫ്രിയോണിനെ ഒഴിവാക്കാനും ഓസോൺ പാളിക്ക് കേടുപാടുകൾ വരുത്താത്ത പരിസ്ഥിതി സൗഹൃദ വാതകങ്ങൾ പകരം വയ്ക്കാനും രാജ്യാന്തര കരാറുകളുടെ ചട്ടക്കൂടിനുള്ളിൽ രാജ്യത്തിന് പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിയാദിൽ നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് കൺട്രോൾ നടത്തിയ ഒരു ശിൽപശാലയുടെ ഭാഗമായാണ് അദ്ദേഹം സംസാരിച്ചത്.
എച്ച്സിഎഫ്‌സി-22 വാതകം ഒഴിവാക്കി എച്ച്എഫ്സി-134 വാതകം പോലെയുള്ള മറ്റ് വാതകങ്ങൾ ഉപയോഗിച്ച് ഫ്രിയോൺ വാതകം ഒഴിവാക്കാനും അതേ ഗുണനിലവാരവും ഫലപ്രാപ്തിയും ഉറപ്പുനൽകുന്ന മറ്റ് വാതകങ്ങളിലേക്ക് മാറാനും തൊണ്ണൂറുകൾ മുതൽ രാജ്യം പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്ന കരാറുകളിലൊന്നായ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള 'വിയന്ന കൺവെൻഷൻ' ഓസോൺ പാളി സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 1987 ൽ ഓസോൺ പാളിക്ക് കേടുപാടുകൾ കണ്ടെത്തുകയും ഭൂമിയെ സംരക്ഷിക്കുന്നതിനായി അതിനുള്ള പ്രധാന പങ്ക് ദുർബലമാണെന്ന് കാണിക്കുകയും ചെയ്തപ്പോഴാണ് ഇത് സ്ഥാപിതമായത്.
റഫ്രിജറേഷൻ, എയർ കണ്ടീഷനിങ് അഗ്നിശമന ഉപകരണങ്ങൾ, താപ ഇൻസുലേഷൻ സാമഗ്രികൾ എന്നിവയിലും മറ്റും ഉപയോഗിക്കുന്ന മനുഷ്യനിർമിത രാസവസ്തുക്കളായ ഓസോൺ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ വിയന്ന കൺവെൻഷൻ ലക്ഷ്യമിടുന്നു. ഇത്തരം പദാർത്ഥങ്ങളുടെ ഉപഭോഗം കുറയ്ക്കാനും മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാനും കൺവെൻഷൻ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുപിടിച്ച ക്ലോറിൻ, കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ എന്നിവയുടെ വ്യത്യസ്ത അനുപാതങ്ങൾ ഉൾക്കൊള്ളുന്ന ജൈവ രാസ സംയുക്തങ്ങളായ ക്ലോറോഫ്ലൂറോകാർബണുകളുടെ (സിഎഫ്‌സി) വ്യാപാര നാമമാണ് ഫ്രിയോൺ വാതകം. സിഎഫ്‌സി, സിഎഫ്‌സി-12 എന്നിവ ഈ സംയുക്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അവ പ്രാഥമികമായി ഫോം പ്ലാസ്റ്റിക്കുകളുടെ നിർമാണത്തിലും ശീതികരണ സംവിധാനങ്ങളിലും, റഫ്രിജറേറ്റർ ഉപകരണങ്ങളിലെ ഒരു റഫ്രിജറന്റായും ഉപയോഗിക്കുന്നു.
ഫ്രിയോൺ വാതകം വായുവിലേക്ക് വിടുകയാണെങ്കിൽ ഓസോൺ പാളിയിൽ വിനാശകരമായ ഫലങ്ങൾ ഉണ്ടാകും. വീടുകളിലെ എയർകണ്ടീഷനറുകൾ, വാഹനങ്ങളിലുള്ള ശീതികരണഉപകരണങ്ങൾ, മറ്റ് ശീതീകരണികൾ എന്നിവയിൽ നിന്ന് പുറംതള്ളുന്ന ഫ്രീയോൺ വാതകം, ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലേക്ക് ഉയരാൻ തുടങ്ങുന്നു. ഇത് ആദ്യം ട്രോപോസ്ഫിയറിലേക്ക് തുളച്ചുകയറുന്നു. അത് ഭൂമിയോട് ഏറ്റവും അടുത്തുള്ള പാളിയാണ്. പിന്നീട് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നതിനും അവ ഭൂമിയിൽ എത്തുന്നത് തടയുന്നതിനും സഹായിക്കുന്ന ഓസോൺ പാളി ഉൾപ്പെടുന്ന സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തുന്നു.
താപനില ഉയരുമ്പോൾ, ഫ്രിയോൺ വാതകം ക്ലോറിൻ, ഫ്ലൂറിൻ എന്നിവയായി വിഘടിക്കാൻ തുടങ്ങും. തുടർന്ന് ക്ലോറിൻ, ഫ്ലൂറിൻ ആറ്റങ്ങൾ ഓസോൺ പാളിയെ ഓക്സിജനാക്കി മാറ്റാൻ തുടങ്ങുന്നു, ഇത് ഓസോൺ പാളിയെ നശിപ്പിക്കുകയും വിള്ളൽ വീഴ്ത്തുകയും ചെയ്യുന്നു. കൂടാതെ വലിയ അളവിൽ ദോഷകരമായ സൂര്യരശ്മികൾ ഭൂമിയിലേക്ക് കടന്നു വരുന്നതിന് അനുവദിക്കുന്നു. ഇത് വിവിധ ത്വക് രോഗങ്ങൾ, പ്രത്യേകിച്ച് ത്വക്ക് അർബുദം, നേത്രരോഗങ്ങൾ, കോശവിഭജനത്തിന് കാരണമാകുന്ന ഡിഎൻഎയിലെ തകരാറുകൾ, ഭൂമിയുടെ താപനിലയിലെ വർധനവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയ്ക്കും മറ്റ് പല ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു.