മന്ത്രിയായി സ്ഥാനമേറ്റ ഷെയ്ഖ് ഹംദാൻ പ്രതിരോധ മന്ത്രാലയത്തിൽ
Mail This Article
ദുബായ് ∙ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ദുബായ് കിരീടാവകാശിയും പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് എത്തി. ഏറ്റവും കാര്യക്ഷമതയും കരുത്തുമുള്ളതാണ് രാജ്യത്തെ സായുധസേനയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സ്ഥാപിച്ച മന്ത്രാലയത്തിന് ഇന്നു കാണുന്ന പ്രൗഢിയും വിജയവും കൈവന്നത് ഇരുനേതാക്കളുടെയും കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാശക്തിയുടെയും കാര്യക്ഷമതയുടെയും കാര്യത്തിൽ ലോകത്തിനു മുഴുവൻ മാതൃകയായി സേനയുടെ പ്രവർത്തനങ്ങൾ തുടരണം. രാജ്യത്തെയും അതിന്റെ ഐക്യത്തെയും സംരക്ഷിക്കുക എന്നത് പവിത്രമായ കടമയാണ്. ഇന്ന് സേനയിൽ ഒരംഗമായാണ് സ്വയം കരുതുന്നത്. സേനാംഗങ്ങളുടെ ലക്ഷ്യവും തന്റെ ലക്ഷ്യവും ഒന്നാണ്. ഈ സംഘത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. രാജ്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ മസ്റൂയി, നിർമിതബുദ്ധി– ഡിജിറ്റൽ ഇക്കോണമി – റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹ മന്ത്രി ഒമർ സുൽത്താൻ അൽ ഒലമ, സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഇസാ ബിൻ അബ്‌ലാൻ അൽ മസ്റൂയി, ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി മാത്തർ സലേം അൽ ദഹേരി എന്നിവർ ഉൾപ്പെടെ ഉയർന്ന സൈനിക മേധാവികളും ഉദ്യോഗസ്ഥരും ഷെയ്ഖ് ഹംദാനെ സ്വീകരിക്കാൻ എത്തിയിരുന്നു.