2024ന്റെ ആദ്യ പകുതിയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഔട്ട്പേഷ്യന്റ് വിഭാഗത്തിലെത്തിയത് 14 ലക്ഷത്തിലധികം പേർ
Mail This Article
ദോഹ ∙ ഈ വർഷം ജൂൺ വരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി ) ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെത്തിയത് 14 ലക്ഷത്തിലധികം പേർ. പതിനൊന്ന് ദശലക്ഷത്തിലധികം ലബോറട്ടറി പരിശോധനകൾ നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ വിഭാഗമായ ഹമദ് കോർപറേഷന് കീഴിൽ ഒമ്പത് സ്പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളും ഉൾപ്പെടെ 12 ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ആംബുലൻസ് സേവനവും ഹോം കെയർ സേവനങ്ങളും ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുണ്ട്.
ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ 2024 ജനുവരി മുതൽ ജൂൺ വരെ 1,428,627 പേരാണ് പരിശോധനക്കായി എത്തിയത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി 11,759,079 പരിശോധനകൾ നടത്തി. ഈ വർഷം ജൂണിൽ മാത്രം എച്ച്എംസി ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് വിഭാഗത്തിന് 223,223 രോഗികൾ സന്ദർശിക്കുകയും 1,780,867 ലബോറട്ടറി പരിശോധനകൾ നടത്തുകയും ചെയ്തു.
2024-ലെ ആദ്യ ആറുമാസത്തിനുള്ളിൽ, എച്ച്എംസി നെറ്റ്‌വർക്കിലെ എല്ലാ ആശുപത്രികളും 197,204 രോഗികളെ കിടത്തി ചികിത്സിച്ചു. 2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ എച്ച്എംസി ആശുപത്രികളിൽ 11,238 കുട്ടികൾ ജനിച്ചതായും ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആംബുലൻസ് സേവനത്തിന് 191,564 കോളുകൾ ലഭിക്കുകയും 992 ലൈഫ്-ഫ്ലൈറ്റ് എയർ ആംബുലൻസ് സർവീസുകളും 2024-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ നടത്തി. രോഗനിർണയം, ചികിത്സ, രോഗങ്ങൾ തടയൽ, അപ്പോയിന്റ്മെന്റ് ബുക്കിങ് സംവിധാനം മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് സമയം കുറയ്ക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് ഹമദ് മെഡിക്കൽ കോർപറേഷൻ നടപ്പിലാക്കുന്നത്.