സ്ത്രീയെ ശല്യപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അറസ്റ്റിൽ
Mail This Article
അൽ ഹസ∙ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഒരു സ്ത്രീയെ ശല്യപ്പെടുത്തിയതിന് ദെലോർ ഹുസൈൻ ലാസ്കർ എന്ന പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. അൽഹസ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പൊതു സുരക്ഷാ വിഭാഗം നൽകിയ വിവരമനുസരിച്ച്, പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
വനിതകളെ ശല്യപ്പെടുത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ സൗദി അധികാരികൾ ഈയിടെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2021 ജനുവരിയിൽ, പീഡന വിരുദ്ധ ക്രൈം സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 6-ൽ ഒരു പുതിയ ഖണ്ഡിക ചേർക്കുന്നതിനുള്ള കാബിനറ്റ് അംഗീകാരം ലഭിച്ചു. ഈ ഖണ്ഡിക പ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരായ വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം.
കുറ്റവാളിയുടെ സ്വന്തം ചെലവിൽ വിധി വിശദാംശങ്ങൾ ഒന്നോ അതിലധികമോ പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പീഡന വിരുദ്ധ സംവിധാനം പ്രകാരം, ശല്യപ്പെടുത്തൽ കുറ്റകൃത്യം ചെയ്യുന്ന ആർക്കും രണ്ട് വർഷത്തിൽ കൂടാത്ത തടവും 1 ലക്ഷം റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് ലഭിക്കും. കുട്ടികളെയും ഭിന്നശേഷിക്കാരെയും ഉപദ്രവിക്കുന്നവർക്ക് സമാന രീതിയിൽ ശിക്ഷ നൽകും. അവർക്ക് 5 വർഷത്തിൽ കൂടാത്ത തടവും 3 ലക്ഷം റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് ലഭിക്കും.