കടിയേറ്റാൽ കടുത്ത വേദന, ഛർദ്ദി, പേശികൾക്ക് ബലക്കുറവ്; നിസ്സാരമല്ല, ഉള്ളിൽ കൊടുംവിഷം: ഒമാനിൽ മുന്നറിയിപ്പ്
Mail This Article
മസ്കത്ത് ∙ അപകടകാരിയായ ബ്ലാക്ക് വിഡോ ചിലന്തിക്കെതിരെ മുന്നറിയിപ്പ് നല്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. കൊടും വിഷം പേറുന്ന ലാട്രോഡെക്ടസ് എന്ന ചിലന്തിയുടെ കടിയേറ്റാല്‍ വേദനയും ഛര്ദിയുമുള്പ്പെടെ ലക്ഷണങ്ങളുണ്ടാവുകയും കടിയേറ്റ ഭാഗത്ത് തടിപ്പോടു കൂടിയുള്ള വേദനയും പേശികളുടെ ബലഹീനതയും അനുഭവപ്പെടും. ഇതിന് പുറമെ മനം പുരട്ടല്‍, അടിവയറ്റില്‍ കൊളുത്തിവലിക്കുന്ന വേദന എന്നിവയും പ്രകടമാകാറുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് വിഡോ ചിലന്തിയെ കണ്ടെത്തുകയും ഇവയുടെ ശരീര ഭാഗങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. താമസ സ്ഥലങ്ങളിലും പൂന്തോട്ടങ്ങളിലും ഉള്‍പ്പെടെ ഇവയെ കണ്ടുവരാറുണ്ട്. കറുത്ത നിറമാണ് ഇവയുടെ ശരീരത്തിന്. കറുപ്പ്, ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറത്തിലുള്ള വരകള്‍ ബ്ലാക്ക് വിഡോ ചിലന്തിയുടെ ശരീരത്തില്‍ കാണാം.
ഈ ചിലന്തിയുടെ കടിയേറ്റാല്‍ ഉടനെ ഈ ഭാഗത്ത് ഐസ് പാക്കുകള്‍ വെക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. വേദനയും തടിപ്പും ഒഴിവാക്കാന്‍ ഇത് സഹായിക്കും. തുടര്‍ന്ന് സമീപത്തെ ആരോഗ്യ സ്ഥാപനങ്ങളിലെത്തി ചികിത്സ ഉറപ്പുവരുത്തുകയും വേണം. ചിലന്തിയെ പിടിക്കാന്‍ ശ്രമിക്കരുത്. ബ്ലാക്ക് വിഡോ ചിലന്തികളെ കണ്ടാല്‍ 1111 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.