13 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ സൗദി അറേബ്യ
Mail This Article
റിയാദ് ∙ മരുഭൂവൽക്കരണം ചെറുക്കുന്നതിനായി സൗദി അറേബ്യ 13 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി 130 ദശലക്ഷം കണ്ടൽ തൈകൾ വിവിധ ഇടങ്ങളിലായി നട്ടുപിടിപ്പിക്കും. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ സംരംഭം. കണ്ടൽ തൈകൾ നടുന്ന പദ്ധതി വരും വർഷങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.
തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും മരുഭൂവൽക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ജിസാൻ, മക്ക, മദീന, തബൂക്ക്, അസീർ, ശർഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകൾ ജിസാനിലും 24 ലക്ഷം തൈകൾ മക്കയിലും, 20 ലക്ഷം തൈകൾ മദീനയിലും തബൂക്, അസീർ മേഖലകളിൽ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വർഷങ്ങളിൽ ചെങ്കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകൾ നടാനും പദ്ധതിയുണ്ട്. പദ്ധതികൾ നടപ്പാവുന്നതോടെ പച്ച പുതച്ച മരുഭൂ പ്രദേശങ്ങളും രാജ്യത്ത് പ്രതീക്ഷിക്കാം.
കഴിഞ്ഞ വർഷം രാജ്യത്ത് ഏഴു ലക്ഷം കണ്ടൽ തൈകൾ നട്ടിരുന്നു. കണ്ടൽ വനങ്ങളുടെ സമൃദ്ധമായ വളർച്ച പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും രാജ്യത്ത് ചൂട് കുറയ്ക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. കേന്ദ്രം പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.