യുഎഇയിലെ പ്രക്ഷോഭം: 57 പേർക്ക് കടുത്ത ശിക്ഷ, തടവ് പൂർത്തിയായാൽ എല്ലാവരെയും നാടുകടത്തും; അയവില്ലാതെ അബുദാബി കോടതി
Mail This Article
അബുദാബി ∙ മാതൃരാജ്യത്ത സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലദേശ് പൗരൻമാർ യുഎഇയിൽ പ്രകടനവും അക്രമവും നടത്തിയതെന്ന നിരീക്ഷണത്തോടെയാണ് പ്രകടനം നടത്തിയ 57 പേരെ അബുദാബി ഫെഡറൽ കോടതി ശിക്ഷിച്ചത്. 3 പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷവും ഒരാൾക്ക് 11 വർഷവും തടവുമാണ് വിധിച്ചത്. തടവുശിക്ഷ പൂർത്തിയാക്കുന്നതോടെ എല്ലാവരെയും നാടുകടത്തും. ഇവരിൽ നിന്നു പിടിച്ചെടുത്ത വസ്തുക്കൾ വിട്ടുകൊടുക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി സംഘടിച്ച ബംഗ്ലദേശ് സ്വദേശികളെക്കുറിച്ച് അതിവേഗം അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎഇ അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടത്. 30 അംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ളവർ കലാപത്തിനു ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
അനുമതിയില്ലാതെ കൂട്ടം കൂടി, ജനങ്ങൾക്കിടയിൽ അസമാധാനം പടർത്താൻ ശ്രമിച്ചു, പൊതുസുരക്ഷയ്ക്ക് ഭീഷണിയായി, കൂട്ടം കൂടലും പ്രക്ഷോഭവും വിഡിയോയിൽ ചിത്രീകരിച്ച ശേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിച്ചു, കൂടുതൽ പ്രശ്നങ്ങൾക്കു ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളിൽ ചിലർ കുറ്റം സമ്മതിച്ചു.
പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഒരു സാക്ഷിയെയും കോടതി വിസ്തരിച്ചു. പ്രതികൾ സംഘടിച്ചതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി കലാപത്തിനു ശ്രമിച്ചതിനും സാക്ഷിയാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. പിരിഞ്ഞു പോകാൻ പലതവണ പൊലീസ് അവശ്യപ്പെട്ടിട്ടും പ്രക്ഷോഭകാരികൾ ചെവിക്കൊണ്ടില്ലെന്നും കോടതി കണ്ടെത്തി. സംഘടിച്ചവർക്ക് അക്രമം ഉണ്ടാക്കുക എന്ന ഉദ്ദേശേയമില്ലായിരുന്നെന്നും ഇവർക്കെതിരായ തെളിവുകൾ അപര്യാപ്തമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, പ്രതികൾ കുറ്റം ചെയ്തുവെന്നു തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നു കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.