പാരിസ് ഒളിംപിക്സ് വേദിയില്‍ സജീവമായി ഖത്തർ സുരക്ഷാ സേന; വേദികളിലും പ്രധാന ഇടങ്ങളിലും പരിശോധന നടത്തി
Mail This Article
ദോഹ ∙ കായികലോകം പാരിസ് നഗരത്തിലേക്ക് തിരിയുമ്പോൾ കായിക നഗരിയിൽ നിറസാന്നിധ്യമായി ഖത്തർ സുരക്ഷാ സേനയും. ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കിയതിലൂടെ ലഭിച്ച ആത്മവിശ്വാസവും ആഗോള അംഗീകാരവും കൈമുതലാക്കിയാണ് ഖത്തര്‍ കായിക ലോകത്തിന് സുരക്ഷയൊരുക്കാന്‍ പാരിസിൽ എത്തിയത്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ലഭിച്ച 2000 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഒപ്പം അത്യാധുനിക സായുധ വാഹനങ്ങളും പാരിസിലെത്തിച്ചിട്ടുണ്ട്.
വ്യക്തിഗത സംരക്ഷണം, ട്രാക്കിങ് , സ്‌ഫോടക വസ്തു നിർമാർജനം, സൈബർ സുരക്ഷ, സുരക്ഷാ പട്രോളിങ്, മൗണ്ടഡ് പട്രോളിങ്, ആൻ്റി-ഡ്രോൺ ടീമുകൾ തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം ഖത്തറിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ നടക്കുന്ന വേദികളിലും നഗരത്തിലെ സുപ്രധാന ഇടങ്ങളിലും സംഘം പരിശോധന നടത്തി. ഖത്തർ സുരക്ഷാസേനയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി ഖത്തർ സുരക്ഷാസേനയുടെ കമാൻഡർ സ്റ്റാഫ് ബ്രിഗേഡിയർ നവാസ് മജീദ് അൽ അലിയുടെ നേതൃത്വത്തിലുള്ള പ്രതിനിസംഘം ഫ്രാൻസിലെ സൈനീക ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി.
പാരിസ് ദൗത്യത്തെ അംഗീകാരമായാണ് ഖത്തര്‍ കാണുന്നത്. അറബ്, ഇസ്‌ലാമിക ലോകത്തിന്റെ പ്രതിനിധിയാണ് ഖത്തറെന്ന് സുരക്ഷാ സേനയ്ക്കുള്ള ആശംസയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഓര്‍മപ്പെടുത്തിയിരുന്നു. ഫ്രാൻസും ഖത്തറും തമ്മിലുള്ള സുരക്ഷാ സഹകരണ കരാറിന്റെ ഭാഗമായാണ് പാരിസ് ഒളിംപിക്സിൽ സുരക്ഷ ഒരുക്കുന്നതിൽ ഖത്തർ സൈന്യം എത്തിയത്.