നിശ്ശബ്ദ റഡാറുമായി ദുബായ് പൊലീസ്; തൊട്ടടുത്തുള്ള ഗ്രോസറി യാത്രയ്ക്കു 400 ദിർഹം പിഴ!
Mail This Article
ദുബായ് ∙ വീടിന്റെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് ഓടിപ്പോയി തിരിച്ചുവരുമ്പോൾ സീറ്റ് ബെൽറ്റ് ഇടാൻ ഓർക്കണം. അല്ലാത്ത പക്ഷം 10 രൂപയുടെ ഗ്രോസറി യാത്രയ്ക്കു 400 ദിർഹം പിഴ നൽകേണ്ടി വരും. 4 ബ്ലാക്ക് പോയിന്റ് ലൈസൻസിൽ പതിയാനും ഇതുമതി. തൊട്ടടുത്തു വരെ പോകാൻ ഫോൺ കട്ട് ചെയ്യേണ്ട, കയ്യിൽ പിടിച്ചു കൊണ്ടു സംസാരം തുടരാമെന്നു വിചാരിക്കുന്നവർക്കും ഇതാകും വിധി. പാർപ്പിട മേഖലയിലെ ഗതാഗതനിയമ ലംഘകരെ കുരുക്കാൻ നിശ്ശബ്ദ റഡാറുമായി രംഗത്തിറങ്ങുകയാണ് ദുബായ് പൊലീസ്.
പൊലീസിന്റെ നിരീക്ഷണം ഉണ്ടാകില്ലെന്ന ധാരണയിൽ നിസ്സാര നിയമലംഘനങ്ങൾ മുതൽ ഗുരുതര കുറ്റകൃത്യങ്ങൾ വരെ ചെയ്യാൻ പാർപ്പിട മേഖലകളിൽ ഡ്രൈവർമാർ മുതിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാർപ്പിട മേഖലയിൽ പ്രധാന റോഡുകൾ മുഴുവൻ ട്രാഫിക് റഡാറിന്റെ നിയന്ത്രണത്തിലായിരിക്കും. അമിതവേഗം മാത്രമല്ല, സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോണിൽ നോക്കുന്നതും അടക്കം റഡാറുകൾ കണ്ടെത്തും. സാധാരണ ട്രാഫിക് റഡാറുകളിലേതു പോലെ ഫ്ലാഷ് ലൈറ്റുകൾ ഉണ്ടാകില്ല. പിഴ അടയ്ക്കാനുള്ള സന്ദേശം ഫോണിൽ കിട്ടുമ്പോൾ മാത്രമേ വിവരം അറിയൂ.
പ്രധാന റോഡുകളിലേക്ക് ഇറങ്ങാത്ത സാഹചര്യത്തിൽ പലപ്പോഴും ഡ്രൈവമാർ സീറ്റ് ബെൽറ്റ് ഇടാനോ മൊബൈൽ ഫോൺ വിളി ഒഴിവാക്കാനോ ശ്രദ്ധിക്കാറില്ല. പാർപ്പിട സമുച്ചയങ്ങൾക്കകത്തെ യാത്രയായതിനാൽ ഗതാഗത നിയമങ്ങൾ പാലിക്കാൻ പലരും ശ്രദ്ധിക്കാറില്ല. ഏതു സാഹചര്യത്തിലും ഏതു സ്ഥലത്തും രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ബാധകമാണെന്ന് നിയമപാലകർ ഓർമിപ്പിക്കുന്നു.
ആരെയും കാണിക്കാനല്ല, സ്വയം പാലിക്കാൻ
മൊബൈൽ ഫോണിൽ സംസാരിച്ചു യാത്ര ചെയ്താൽ 800 ദിർഹമാണ് പിഴയായി ലഭിക്കുക. അതിനും 4 ബ്ലാക്ക് പോയിന്റ് കൂടിയുണ്ട്. സൈലന്റ് റഡാറുകൾ എവിടെയാണ് സ്ഥാപിക്കുക എന്നോ ഏതെല്ലാം പ്രദേശങ്ങളാണ് റഡാറിന്റെ പരിധിയിൽ വരികയെന്നോ പൊലീസ് വെളിപ്പെടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. കാരണം, റഡാർ കാണുമ്പോൾ മാത്രം മര്യാദ കാണിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പരിഷ്കാരം അല്ല. ദുബായിയുടെ ഏതു ഭാഗത്തും ട്രാഫിക് നിയമം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള നടപടിയാണ്.
യു ടേൺ ഉൾപ്പെടെ എല്ലാം കാണും
ഫോൺവിളി, സീറ്റ്ബെൽറ്റ് ഇടൽ ഉൾപ്പെടെ ഡ്രൈവറുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾ പലതവണ കണ്ട് ഉറപ്പാക്കിയ ശേഷമായിരിക്കും ഫൈൻ ഈടാക്കുക. അനധികൃത യു ടേണുകൾ വരെ റഡാറിൽ പതിയും. പാർപ്പിട കമ്യൂണിറ്റിക്ക് ഉള്ളിലാണെന്നതിന്റെ പേരിൽ അനുവാദമില്ലാത്ത സ്ഥലത്ത് യു ടേൺ എടുക്കുന്നതും പിഴ ശിക്ഷ വരുത്തിവയ്ക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ റഡാറിൽ കൃത്യമായി പതിയും. നമ്പർ പ്ലേറ്റിനു തകരാറുണ്ടെങ്കിലും നടപടിയുണ്ടാകും. കാൽനട യാത്രക്കാർക്കുള്ള ക്രോസിങ്ങിൽ വാഹനങ്ങൾ പൂർണമായും നിർത്തിയിടണം. കാൽനട യാത്രക്കാർ ക്രോസിങ് പൂർണമായും കടന്ന ശേഷമേ വണ്ടി മുന്നോട്ട് എടുക്കാവൂ. അല്ലാതെ മുന്നോട്ട് എടുത്താൽ 500 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണിത്. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതും പ്രധാനമാണ് അത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർ 500 ദിർഹം പിഴ നൽകേണ്ടി വരും.
കൺട്രോൾ റൂമിൽ എല്ലാം ലൈവ്
റഡാറുകളിൽ നിയമലംഘനങ്ങൾ പതിയുന്ന അതേസമയം തന്നെ പൊലീസിന്റെ കൺട്രോൾ റൂമിലിരുന്നു റോഡിലെ കാര്യങ്ങൾ മോണിറ്ററിൽ നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. ട്രാഫിക് കുരുക്കും നിയമലംഘനങ്ങളും പൊലീസുകാർക്കു നേരിട്ടു കാണാം. അപകടം ഉണ്ടായാലും വഴിതിരിച്ചു വിടേണ്ട സാഹചര്യവും കൺട്രോൾ റൂമിലിരുന്നു കാണാം. ഡ്രൈവർമാർക്ക് എന്തെങ്കിലും തരത്തിൽ ആവശ്യമുണ്ടായാൽ അതും നിരീക്ഷിച്ചു അടിയന്തര സഹായം എത്തിക്കാൻ സാധിക്കും.