മാൾ ഓഫ് ദ് എമിറേറ്റ്‌സിന്റെ ചുറ്റുമുള്ള സ്ട്രീറ്റുകളും ഇന്റർസെക്‌ഷനുകളും വികസിപ്പിക്കുന്നു
Mail This Article
ദുബായ് ∙ ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ മാൾ ഓഫ് ദ് എമിറേറ്റ്‌സിന്റെ ചുറ്റുമുള്ള സ്ട്രീറ്റുകളും ഇന്റർസെക്‌ഷനുകളും വികസിപ്പിക്കുന്നു. ഇതിനുള്ള കരാർ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൽകി.
ഏകദേശം 165 ദശലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതിയിൽ കാൽനട, സൈക്ലിങ് പാതകളുടെ മെച്ചപ്പെടുത്തലുകളും ഉൾപ്പെടുന്നു. അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മാൾ ഓഫ് ദ് എമിറേറ്റ്‌സ് പാർക്കിങ് ലോട്ടുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതിന് ഷെയ്ഖ് സായിദ് റോഡിൽ 300 മീറ്റർ പാലം ഒറ്റവരിയായി നിർമിക്കുന്നതാണ് പദ്ധതിയെന്ന് ആർടിഎ ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.
കൂടാതെ, ഉമ്മു സുഖീം കവലയിലെ നിലവിലെ റാംപ്, ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്ന് മാളിന്റെ പാർക്കിങ് സ്ഥലങ്ങളിലേക്ക് നയിക്കുന്ന നിലവിലുള്ള പാലത്തിലേക്ക് വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തി തെക്കോട്ട് വീതി കൂട്ടും. മാളിന് ചുറ്റും 2.5 കിലോമീറ്റർ ദൈർഘ്യമുള്ള ഉപരിതല റോഡുകൾ മെച്ചപ്പെടുത്തുക, മൂന്ന് സിഗ്നൽ ചെയ്ത ഉപരിതല കവലകൾ വികസിപ്പിക്കുക, മാൾ ഓഫ് ദ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷൻ പരിഷ്കരിക്കുക, കെമ്പിൻസ്കി ഹോട്ടലിന് അടുത്തുള്ള തെരുവ് വൺ-വേയിൽ നിന്ന് ടു-വേയിലേയ്ക്ക് മാറ്റുക, കാൽനടയാത്രക്കാർക്കു സൈക്ലിങ് പാതകൾ മെച്ചപ്പെടുക തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള ഈ വികസനപ്രവൃത്തികളിൽ നടപ്പാത, ലൈറ്റിങ്, ട്രാഫിക് സിഗ്നലുകൾ, മഴവെള്ള ഡ്രെയിനേജ് സംവിധാനം, ലാൻഡ്സ്കേപിങ് ജോലികൾ എന്നിവയും ഉൾക്കൊള്ളുന്നു.
അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ്ദ് എമിറേറ്റ്‌സിലേക്കുള്ള ട്രാഫിക്കിന്റെ യാത്രാ സമയം ഈ പദ്ധതി 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയ്ക്കും. ഉമ്മു സുഖീമിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 8 മിനിറ്റ് വരെ കുറയ്ക്കുകയും ചെയ്യും. അതുവഴി മാളിന് ചുറ്റുമുള്ള റോഡുകളിൽ ട്രാഫിക് കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കും.
2005-ൽ ആരംഭിച്ച മാൾ ഓഫ് ദ് എമിറേറ്റ്സ് പ്രതിവർഷം 40 ദശലക്ഷത്തിലേറെ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ 454 സ്റ്റോറുകൾ, 96 റസ്റ്ററന്റുകൾ, കഫേകൾ, കൂടാതെ സ്കൈ ദുബായ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വോക്സ് സിനിമ തുടങ്ങിയ വിനോദ വേദികൾ ഈ മാളിലുണ്ട്. കൂടാതെ കെമ്പിൻസ്കി ഹോട്ടൽ, ഷെറാട്ടൺ, നോവോടെൽ സ്യൂട്ട്സ് മാൾ അവന്യൂ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുമുണ്ട്. കൂടാതെ കാൽനട പാലം വഴി മാൾ ഓഫ് ദ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.