സൈബർ ആക്രമണം; രാജ്യത്തെ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ സാധ്യത, തടയാൻ പുതിയ നയങ്ങളുമായി യുഎഇ
Mail This Article
ദുബായ് ∙ സൈബർ ആക്രമണങ്ങളിൽ നിന്നു രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക രംഗത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൂന്നുപുതിയ നയങ്ങൾ നടപ്പിലാക്കാൻ സൈബർ സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ഡേറ്റ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റേഴ്സ് എന്നിവയാണ് സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യം നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ നയങ്ങൾ. വിവര ശേഖരം കൈമാറുന്നതിനുള്ള ചട്ടങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ എൻക്രിപ്ഷൻ നിയമവും ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുമെന്നു സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
നിർമിതബുദ്ധി ഉപയോഗത്തിലും മുൻനിര സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും യുഎഇയുടെ സ്ഥാനം രാജ്യാന്തര തലത്തിൽ ഉറപ്പിക്കുകയാണ് പുതിയ നയങ്ങളിലൂടെ ലക്ഷ്യമിടുന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള സൈബർ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നയങ്ങൾ രൂപപ്പെടുത്തിയത്. ദേശീയ സുരക്ഷ അപകടത്തിലാക്കാനും സാമ്പത്തിക മേഖലയെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലവിലുണ്ട്.
സൈബർ ആക്രമണങ്ങളിലൂടെ വ്യക്തികളെയും രാജ്യത്തെ തന്നെയും ബ്ലാക്മെയിൽ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനത്തിന് ഏതു തരത്തിലുള്ള ആക്രമങ്ങളെയും ചെറുക്കാനുള്ള ശേഷിയുണ്ട്. ഹാക്കർമാരെ തിരിച്ചറിയാനും അവരെ ചെറുക്കാനുമുള്ള സാങ്കേതിക സൗകര്യം രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, വ്യോമയാനം ഉൾപ്പെടെയുള്ള മേഖലകളെല്ലാം ഇപ്പോൾ ഡിജിറ്റൽവൽക്കരിച്ച സാഹചര്യത്തിൽ രാജ്യത്തിനു സൈബർ സുരക്ഷ അതിപ്രധാന നയം തന്നെയാണ്. ഏതെല്ലാം മേഖലകളിലാണ് ദൗർബല്യമെന്നും തിരിച്ചറിയുന്നതിനും സൈബർ ലോകം കൂടുതൽ സുരക്ഷിതമാക്കേണ്ടതും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യം തന്നെയാണെന്നും ഡോ. അൽ കുവൈത്തി പറഞ്ഞു. വിവര ശേഖരണത്തിലും അത്യാധുനിക സാങ്കേതിക വിദ്യയിലും മറ്റു രാജ്യങ്ങൾക്കു മാതൃകയാണ് യുഎഇ. രാജ്യത്തിന്റെ സുപ്രധാന വിവരങ്ങൾ, വ്യക്തികളുടെ വിവരങ്ങളും സുരക്ഷിതമാക്കുന്നതിലും ബൗദ്ധിക സ്വത്തുക്കൾ ആക്രമിക്കപ്പെടാതിരിക്കാനും അടിസ്ഥാന സൗകര്യ മേഖലയിൽ കടന്നു കയറ്റം ഉണ്ടാകാതിരിക്കാനും പുതിയ നയങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.