ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷം; ഖത്തർ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം ഇന്ത്യക്കാർ
Mail This Article
ദോഹ ∙ ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷം. കഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റിൽ കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് നൽകിയ മറുപടി അനുസരിച്ച് 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ ജീവിക്കുന്നത്. ഇത് ഖത്തർ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തോളം വരും. ഖത്തർ നാഷനൽ പ്ലാനിങ് കൗൺസിൽ കണക്കുകൾ പ്രകാരം 2024 ജൂൺ മാസം വരെ സ്വദേശികളും വിദേശികളും ഉൾപ്പെടെ 28.57 ലക്ഷമാണ് ഖത്തറിലെ മൊത്തം ജനസംഖ്യ. ഇതിൽ 2070164 പുരുഷന്മാരും 787658 സ്ത്രീകളുമാണ്. 2022-23 വർഷത്തെ കണക്കുകൾ പ്രകാരം ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 7.45 ലക്ഷമായിരുന്നു. 2023- 24 വർഷത്തോടെ ഇത് 8.35 ലക്ഷമായി ഉയർന്നു. കുടുംബവീസയിലും തൊഴിൽ വിസയിലും ഖത്തറിൽ ജീവിക്കുന്ന മുഴുവൻ ഇന്ത്യൻ പ്രവാസികളും ഉൾക്കൊള്ളുന്നതാണ് ഈ കണക്ക്.
ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ കണക്കുകൾ സംബന്ധിച്ച് ബീഹാറിൽ നിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് മറുപടിയാണ് സഹമന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിൽ കണക്കുകൾ അവതരിപ്പിച്ചത്. 9,258,302ൽ അധികം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ യുഎഇയിലാണ് (3554274), രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ (2645302 ) മൂന്നാം സ്ഥാനത്ത് കുവൈത്ത് (1000726) ആണുള്ളത്. ഏറ്റവും കുറഞ്ഞ ഇന്ത്യൻ ജനസംഖ്യ ബഹ്റൈനിലാണ്. (350000).
ഇതിൽ ഉയർന്ന ജോലി ചെയ്യുന്നവർ മുതൽ വീട് ജോലിക്കാർ വരെ ഉൾപ്പെടുന്നതായി കേന്ദ്ര സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇപ്പോൾ വിദേശത്തു പോകുന്ന മുഴുവൻ ഇന്ത്യക്കാർക്കും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല നഴ്സിങ് പോലുള്ള ചില ജോലികൾക്ക് പോകുന്നവർക്കും പത്താം ക്ലാസ്സിൽ താഴെ വിദ്യാഭ്യസം ഉള്ളവർക്കും മാത്രമാണ് ഇപ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.