ADVERTISEMENT

റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം വരുന്നു. 2029-ഓടെ പൂർത്തിയാകുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ രൂപ രേഖ അനാവരണം ചെയ്തു. റിയാദ് സിറ്റിക്ക് വേണ്ടിയുള്ള റോയൽ കമ്മീഷനും കായിക മന്ത്രാലയവും കിങ് സൽമാൻ സ്റ്റേഡിയത്തിന്റെയും കായിക സൗകര്യങ്ങളുടെയും ഡിസൈനുകളും ഭാവി പദ്ധതികളുമാണ് പുറത്തിറക്കിയത്. ആഗോളതലത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിൽ ഒന്നായി ഇത് സജ്ജീകരിച്ചിരിക്കുന്നു. സൗദി ദേശീയ ടീമിന്റെ പ്രധാന വേദിയായി പ്രവർത്തിക്കുകയും പ്രധാന കായിക മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.

ഉത്തര റിയാദില്‍ കിങ് അബ്ദുല്‍ അസീസ് പാര്‍ക്കിനു സമീപമാണ് കിങ് സല്‍മാന്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. 6,60,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 96,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്റ്റേഡിയത്തിന് ഹരിത ഭിത്തികളും മേല്‍ക്കൂരയുമുണ്ടാകും. പ്രധാന സ്റ്റേഡിയത്തില്‍ 92,000 സീറ്റുകളാണുണ്ടാവുക. കൂടാതെ 150 സീറ്റുകള്‍ അടങ്ങിയ റോയല്‍ ക്യാബിനും 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും 300 വിഐപി സീറ്റുകളും വിശിഷ്ട വ്യക്തികള്‍ക്കുള്ള 2,200 സീറ്റുകളും സ്റ്റേഡിയത്തിലുണ്ടാകും.

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാനുള്ള   സൗകര്യങ്ങളും എല്ലാ പ്രായക്കാര്‍ക്കും ദിവസം മുഴുവന്‍ ലഭ്യമായ വാണിജ്യ കേന്ദ്രങ്ങളും വിനോദ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നു. ഇത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റും. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിങ് സംവിധാനമുണ്ടാകും. സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം സ്‌ക്രീനുകളാല്‍ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിനകത്ത് പൂന്തോട്ടങ്ങളുണ്ടാകും.

ചിത്രം: എസ്‍പിഎ.
ചിത്രം: എസ്‍പിഎ.

വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, പാഡല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍ക്കു പുറമെ, വിവിധ കായിക വിനോദങ്ങള്‍ പരിശീലിക്കാനുള്ള രണ്ട് റിസര്‍വ് മൈതാനങ്ങള്‍, ആരാധകര്‍ക്കുള്ള അരീനകള്‍, ഇന്‍ഡോര്‍ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂള്‍, അത്‌ലറ്റിക്‌സ് ട്രാക്ക് എന്നീ അനുബന്ധ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടാകും. റിയാദിന്റെ വടക്കൻ ഭാഗത്ത് കിങ് സൽമാൻ റോഡിൽ കിങ് അബ്ദുൽ അസീസ് പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം കിങ് ഖാലിദ് വിമാനത്താവളം പോലുള്ള പ്രധാന നഗരത്തിന് സമീപമുള്ളവർക്ക് കൂടുതൽ പ്രയോജനം ചെയ്യും.

റിയാദിലെ ട്രെയിൻ സ്റ്റേഷനുമായും പ്രധാന റോഡ് ശൃംഖലകളുമായും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകും. ഫിഫയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും സുസ്ഥിരതയുടെയും വാസ്തുവിദ്യാ മികവിന്റെയും നിലവാരം ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ ഡിസൈനുകൾ തിരഞ്ഞെടുത്തത്.

English Summary:

King Salman Stadium Unveiled with 92,000 Seating Capacity for Major Events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com