ADVERTISEMENT

ദൈദ്(ഷാർജ) ∙ അക്ഷരാർഥത്തിൽ തീ പിടിച്ച മനസും ശരീരവുമായാണ് ഈ പ്രവാസി മലയാളി യുവാവ് മാസങ്ങളോളം ജീവിച്ചത്. ഓർക്കുമ്പോൾ ഇപ്പോഴും നടുക്കമുണ്ടാക്കുന്ന നിമിഷങ്ങൾ. അപ്രതീക്ഷിതമായി ശരീരത്തെ അഗ്നിവിഴുങ്ങുകയും മരണം മുന്നിൽ കാണുകയും ചെയ്തെങ്കിലും ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് യുഎഇയിൽ പ്രവാസിയായിരുന്ന മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശി ത്വയ്യിബ്. ഷാർജ ദൈദിൽ ഡ്രൈവറായി ജോലി ചെയ്യവേ ബാച്ചിലർ മുറിയിലെ അടുക്കളയിൽ നിന്നാണ് 37വയസ്സുകാരന്‍റെ ശരീരത്തിൽ തീ പടർന്നത്. ജീവിതത്തെ മാറ്റിമറിച്ച നടുക്കുന്ന ആ സംഭവം മനോരമ ഓൺലൈനുമായി നാട്ടിൽ നിന്ന് പങ്കുവയ്ക്കുകയാണ് ത്വയ്യിബ്.

∙ 'സുലൈമാനി'ക്ക് സ്റ്റൗ കത്തിച്ചു; അഗ്നിനാളം ശരീരത്തിൽ പടർന്നു
2008 ൽ ആയിരുന്നു ഇദ്ദേഹം ആദ്യമായി യുഎഇയിലെത്തിയത്. 2013 ൽ ദുബായിലെ ഒരു ഷെയ്ഖിന്‍റെ മാനുഫാക്ച്ചറിങ് കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഷാർജ അൽ ദൈദ് ഫാമിലെ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. ഫാമിൽ നിന്ന് ദുബായ് നാദ് അൽ ഷേബ, മർമും, അൽ ലിസാലി, അൽ ഐൻ, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലെ കുതിരയോട്ട ട്രാക്കുകളിലേയ്ക്ക് സാധനങ്ങൾ എത്തിക്കലായിരുന്നു ജോലി. ജീവിതം സന്തോഷത്തോടെയും സുഗമമായും മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കെയായിരുന്നു പാചകവാതകത്തിന്‍റെ രൂപത്തിൽ ഒളിച്ചിരുന്ന ആ ദുരന്തം ആളിപ്പടർന്നത്.

1. ത്വയ്യിബ് ചികിത്സയ്ക്ക് ശേഷം നടക്കാൻ തുടങ്ങിയപ്പോൾ. 2. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. 3. ത്വയ്യിബിന്‍റെ രോഗ റിപോർട്ട്. പൊള്ളലേറ്റ വിവരങ്ങൾ രേഖപ്പെടുത്തിയത് കാണാം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
1. ത്വയ്യിബ് ചികിത്സയ്ക്ക് ശേഷം നടക്കാൻ തുടങ്ങിയപ്പോൾ. 2. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. 3. ത്വയ്യിബിന്‍റെ രോഗ റിപോർട്ട്. പൊള്ളലേറ്റ വിവരങ്ങൾ രേഖപ്പെടുത്തിയത് കാണാം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2019 ഒക്ടോബർ പകുതിയിലായിരുന്നു അത്. ഗൾഫിൽ ചൂടൊഴിഞ്ഞ് തണുപ്പ് പതുക്കെ അനുഭവപ്പെടാൻ തുടങ്ങിയ കാലം. പിതാവിന്‍റെ മരണത്തെ തുടർന്ന് നാട്ടിൽ ചെന്ന് തിരികെ ദൈദിലെത്തിയിട്ട് ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവധി കഴിഞ്ഞു വന്നതിന്‍റെയും ഗൾഫിലെ കാലാവസ്ഥ മാറ്റം കാരണവുമാകാം, ജലദോഷവും ചെറിയ കുളിരും മൂക്കടപ്പുമുണ്ട്. ഞാൻ പതിവ് പോലെ സുബ്ഹിക്ക് മുൻപേ എണീറ്റ് ജോലിക്ക് പോകാനൊരുങ്ങി. റൂമിൽ കൂടെയുള്ളയാൾ അവധിക്ക് നാട്ടിൽ പോയതാണ്. ഞാൻ മുറിയിൽ ഒറ്റയ്ക്കായിരുന്നു. കുളിക്കാൻ പോകുന്ന കാരണം ഒരു ടവൽ മാത്രമാണ് എന്‍റെ ശരീരത്തിൽ വസ്ത്രമായി ഉണ്ടായിരുന്നത്.

നേരം വൈകിയതിനാൽ സുലൈമാനി(കാലിച്ചായ) യുണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു. ഗ്യാസ് സ്റ്റൗ ഓൺ ആക്കിയതും ഒരു വലിയ ശബ്ദത്തോടെ എവിടെ നിന്നെന്നറിയാതെ തീ എന്‍റെ മേൽ പടർന്നു കയറുകയും ചെയ്ത്. ഞാൻ അലറിക്കരഞ്ഞ് പുറത്തേയ്ക്കോടി. മുറ്റത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്ന ഏതാണ്ട് 10 അടി അപ്പുറത്തെ പൈപ്പായിരുന്നു എന്‍റെ ലക്ഷ്യം. പക്ഷേ അതിന് കൈയകലത്തിൽ ഞാൻ മറിഞ്ഞുവീണുരുണ്ടു.

പിന്നീട് എങ്ങനെയോ എണീറ്റ് തൊട്ടടുത്തെ ബംഗ്ലാദേശുകാരനായ ഡ്രൈവറുടെ മുറിക്ക് മുന്നിലെത്തി വാതിലിൽ ആഞ്ഞു തട്ടി. അവൻ വാതിൽ തുറന്നപ്പോൾ എന്‍റെ കരിഞ്ഞ തോർത്തും അതിലേറെ കരിഞ്ഞ ശരീരവും കണ്ട് ഒരു നിമിഷം അന്തം വിട്ടു നിന്നു. തുടർന്ന് അടുത്ത റൂമുകളിലെ എല്ലാവരേം വിളിക്കാൻ പുറത്തേക്ക് ഓടിയപ്പോഴേയ്ക്കും മറ്റുള്ളളർ അവിടെയെത്തിക്കഴിഞ്ഞിരുന്നു. അവൻ കൊണ്ടുവന്ന വണ്ടിയിൽ എങ്ങനെയെങ്കിലും കയറിപ്പറ്റി. എന്നാൽ ഫാമിന്‍റെ കവാടം പൂട്ടി സുരക്ഷാ ജീവനക്കാരൻ പള്ളിയിൽ നമസ്കരിക്കാൻ പോയിരുന്നു. ഞാൻ വണ്ടിയിൽ നിലവിളിച്ചുകൊണ്ടിരുന്നു. ഡ്രൈവർ ചെന്ന് സുരക്ഷാ ജീവനക്കാരനെ വിളിച്ചുകൊണ്ടുവന്നു ഗേറ്റ് തുറപ്പിച്ചു.

വണ്ടി അടുത്തുള്ള ദൈദ് ആശുപത്രിയിലേക്ക് കുതിച്ചു. വണ്ടിയിൽ വച്ച് തന്നെ മരിച്ചു പോകുമെന്ന് ഞാൻ ഭയന്നു. പിന്നെ എങ്ങനെയോ ഫോണിൽ ഭാര്യയെ വിളിച്ചു സംഭവം പറഞ്ഞു. എങ്കിലും കാര്യങ്ങൾ മുഴുമിപ്പിക്കാനായില്ല. ഒടുവിൽ ആശുപത്രിയിൽ ജീവനോടെ തന്നെ എത്തി. ഡോക്ടർമാരും മറ്റു ജീവനക്കാരും ഓടിക്കൂടി എന്നെ ഒരു ബെഡിൽ കിടത്തി. നീറ്റൽ സഹിക്കാനാവുന്നില്ല എന്ന് പറഞ്ഞു ഞാൻ ഉറക്കെ കരച്ചിൽ തുടർന്നു. ഫുജൈറയിൽ താമസിക്കുന്ന ബന്ധു ഷഫീക്കിനെ വിളിച്ചു സംഭവം പറഞ്ഞു. അനസ്തേഷ്യ തരാൻ പോകുകായാണെന്നും ഇനി വേദന അറിയില്ലെന്നും നഴ്സ് പറഞ്ഞപ്പോഴാണ് കുറച്ച് ആശ്വാസമായത്.

എത്രയും പെട്ടെന്ന് അനസ്തേഷ്യ തരൂ എന്ന് ഞാൻ ആവർത്തിച്ചുകൊണ്ടിരുന്നു. പൊലീസ് വന്നു റിപ്പോർട്ട് എടുത്തു. ആ വേദനയിൽ ഞാൻ എന്താണ് അവരോടൊക്കെ പറഞ്ഞതെന്ന് ഓർമയില്ലായിരുന്നു. എന്‍റെ ജോലി സ്ഥലത്തെ രണ്ട് സ്വദേശി ജീവനക്കാര്‍ വന്നു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുന്നതിന് മുൻപ് എനിക്ക് അല്പം വെള്ളം വേണമെന്ന് നഴ്സുമാരോട് പറഞ്ഞു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ഉണ്ടാകുമെന്നും വെള്ളം കുടിക്കാൻ പറ്റില്ല എന്നുമായിരുന്നു മറുപടി. തൊണ്ട വരണ്ടു, ശരീരം മൊത്തം നീറ്റലും പുകച്ചിലും. ഞാനാകെ ഉരുകിയില്ലാതാകുന്നതുപോലെ.

1. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. 2. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
1. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. 2. ത്വയ്യിബ് ആശുപത്രിയിൽ ചികിത്സയിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ബോധം വന്നത് മൂന്ന് മാസത്തിന് ശേഷം
പിന്നീട് ഡോക്ടർ വന്നു പൊള്ളലിന്‍റെ ആഴവും വ്യാപ്തിയും ശതമാന കണക്കുമെല്ലാം റെക്കോർഡ്സിൽ രേഖപ്പെടുത്തി. ദുബായിലോ മഫ്‌റഖിലോ ഉള്ള സ്പെഷ്യൽ ആശുപത്രിയിലേക്ക് എന്നെ മാറ്റാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഫലം കണ്ടില്ല. കാരണം അവിടെയൊന്നും ഒഴിവില്ലായിരുന്നു.  കഴുത്തിൽ ഒരു തുളയെടുക്കുമെന്നും അതിലൂടെയാണ് ഭക്ഷണവും മരുന്നും തരികയെന്നും അധികൃതർ അറിയിച്ചു. അനസ്തേഷ്യ  മരുന്ന് കുത്തിവച്ചതും ഞാൻ മയങ്ങി. കമ്പനി ഓഫിസിൽ നിന്ന് വിളിച്ചതിന്‍റെ ഫലമായി രണ്ട് ദിവസത്തിന് ശേഷം അവർ ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും അനസ്‌തേഷ്യ നൽകി മയക്കി. ആ മയക്കം പക്ഷേ, 3 മാസത്തെ കോമയിലേയ്ക്കാണ് നയിച്ചത്.

∙ കണ്ണുതുറന്നു കാഴ്ചകൾ കണ്ടു; പക്ഷേ, കേൾവിശക്തി!
ത്വയ്യിബിന്‍റെ ശരീരത്തിലെ രണ്ടാം ചർമവും (2nd ഡിഗ്രി ) മൂന്നാം പാളിയും (3 rd ഡിഗ്രി) 80% പൊള്ളലേറ്റിരുന്നു: അവസ്ഥ വളരെ ഗുരുതരമാണെന്ന് ഡോക്ടർമാർ അടുത്തുള്ള ബന്ധുക്കളെ അറിയിച്ചു. 80% പൊള്ളലേറ്റവർ രക്ഷപ്പെടുക വളരെ അപൂർവമാണ്. പക്ഷേ, അതിലും പ്രതിസന്ധി കോമയിൽ നിന്ന് എണീറ്റാലെ ചികിത്സ തുടങ്ങാനാകൂ എന്നതാണ്. അത്ഭുതകരമെന്ന് പറയട്ടെ, 3 മാസം പിന്നിട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു. എന്നാൽ വേദനകൊണ്ട് പുളഞ്ഞു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും ശരീരം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയമായി. സ്കിൻ ഗ്രാഫ്റ്റിങ്, സ്കിൻ പീലിങ്, സ്കിൻ ഡിബേർഡ്മെന്‍റ്, പ്ലാസ്റ്റിക് സർജറി അങ്ങനെ പലതരം ചികിത്സ.

ഒരു ദിവസം രാവിലെ എനിക്ക് കേൾവി കുറഞ്ഞ പോലെ തോന്നി. ഡോക്ടർമാരെ അതറിയിച്ചപ്പോൾ ഇഎൻടി സ്പെഷ്യലിസ്റ്റ് വന്നു പരിശോധിച്ചു. അവർ നിസ്സഹായതോടെ പറഞ്ഞു, കേൾവിശക്തി പോയി!. കൂടുതൽ പരിശോധനകൾക്ക് വിദഗ്ധ ഡോക്ടർമാര്‍ വരുമെന്ന്  ഓർമിപ്പിച്ചു. പക്ഷേ എല്ലാവരും കോവിഡ്19 സാഹചര്യം കാരണം തിരക്കിലാണെന്ന് അറിഞ്ഞു. കോമയിൽ കിടന്ന് ബെഡ് സോറസ്(Bedsores) വന്ന കാരണം ആന്‍റിബിയോട്ടിക് തുടർച്ചായി ഉപയോഗിക്കേണ്ടി വന്നതാണ് കേൾവി നഷ്ടപ്പെടാൻ കാരണമായത്.

∙ ജലദോഷം കാരണം വാതകഗന്ധം തിരിച്ചറിയാൻ കഴിയാത്തത് വിനയായി
പിന്നീട് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ത്വയ്യിബിന് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് കൃത്യമായി ഓർക്കാനായത്. അന്ന് ജലദോഷമുള്ളത് കാരണം പാചകവാതകം ചോർന്നതിന്‍റെ ഗന്ധം തിരിച്ചറിയാനാകാത്തതാണ് വിനയായതെന്ന് ഇദ്ദേഹം പറയുന്നു. പാചകവാതകത്തിന് മണം നൽകുന്ന രാസപദാർഥങ്ങളുടെ കുറവുണ്ടെങ്കിലും മനസിലാകാതെയാകും. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചു എന്നും ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതം തന്നെയെന്നും ഇന്ന് വിശ്വസിക്കുന്നു.

നടക്കാനോ ഒരു കാലി ചെറിയ മസാഫി കുപ്പി കൈകൊണ്ട് എടുക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു കുറേക്കാലം. ഗൾഫിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും ജീവിതം തിരിച്ചുപിടക്കാൻ തന്ന ധൈര്യവും പിന്തുണയും വളരെയേറെയായിരുന്നു. അവരുടെയെല്ലാം പോസിറ്റീവായ ഓരോ വാക്കും ആത്മവിശ്വാസം പകർന്നു. ദുബായ് റാഷിദ് ആശുപത്രിയിലെ എല്ലാ ചികിത്സാ ചെലവുകളും ഇൻഷുറൻസ് കമ്പനി വഹിച്ചു. കമ്പനിയും ചികിത്സാ ചെലവുകൾ വഹിച്ചു.

കുറേ ദിവസങ്ങൾ പിന്നിട്ടപ്പോൾ കഴുത്തിൽനിന്ന് പൈപ്പ് എടുത്ത് മാറ്റി. എങ്കിലും ഭക്ഷണവും വെള്ളവും വായയിലൂടെ കഴിക്കാൻ പറ്റുന്നില്ല. ഏറെ ശ്രമങ്ങൾക്കൊടുവിൽ കുറേശ്ശെ ഭക്ഷണം കഴിച്ചു തുടങ്ങി. അങ്ങനെ കുറെ ദിവസത്തെ ശ്രമഫലമായി വീൽ ചെയറിൽ ഇരിക്കാമെന്നായപ്പോൾ അവർ എന്നെ നാട്ടിലേക്ക് കയറ്റിവിട്ടു. ഡോക്ടർമാരുടെ വളരെ നല്ല പിന്തുണയാൽ കിട്ടാവുന്ന മികച്ച ചികിത്സ തന്നെ ഒരുക്കിത്തന്നു. ഫിസിയോതെറാപ്പിസ്റ്റുകൾ വേണ്ടുവോളം പിന്തുണ നൽകി.

1. ത്വയ്യിബ് കോമയിൽ നിന്നെണീറ്റ ശേഷം ആശുപത്രിയിൽ. 2. ത്വയ്യിബ് ഇന്ന് മക്കളോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
1. ത്വയ്യിബ് കോമയിൽ നിന്നെണീറ്റ ശേഷം ആശുപത്രിയിൽ. 2. ത്വയ്യിബ് ഇന്ന് മക്കളോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഒന്നുകിൽ നാട്ടിൽ ബിസിനസ്, അല്ലെങ്കിൽ വീണ്ടും പ്രവാസലോകത്തേയ്ക്ക്
ത്വയ്യിബ് ഇപ്പോൾ നാട്ടിൽ ഒന്നും ചെയ്യുന്നില്ല, ജോലി അന്വേഷണത്തിലാണ്. ഒന്നുകിൽ നാട്ടിൽ ബിസിനസ്, അല്ലെങ്കിൽ വീണ്ടും പ്രവാസലോകത്തേക്ക് തിരിച്ചെത്തണം–ഇതാണ് ആഗ്രഹം.  പക്ഷേ, ബിസിനസ് ആരംഭിക്കാനുള്ള ബാങ്ക് വായ്പയ്ക്കായുള്ള ശ്രമം കേൾവി ശക്തിയില്ല എന്ന കാരണത്താൽ പാതിവഴിയിലാണ്.

ഏതാണ്ട് 5-6 മാസത്തെ റാഷിദ് ഹോസ്പിറ്റൽ വാസം എന്നെ നടക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റാത്ത അവസ്ഥയിൽ എത്തിച്ചിരുന്നു. നാട്ടിലെത്തിയിട്ടും കിടക്കാനും നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ തന്നെ. അങ്ങനെ പല ആശുപത്രികളും കയറിയിറങ്ങി. വേദയും ആന്‍റിബിയോട്ടിക് പാർശ്വ ഫലങ്ങളും കാരണം ശരീരത്തിന്‍റെ താപ വ്യതിയാനങ്ങളും കേൾവി തകരാറും എന്നെയാകെ തളർത്തിയിരുന്നു.

അപകടം നടക്കുമ്പോൾ 86 കലോ ഗ്രാമായിരുന്ന ശരീരഭാരം കോമയിൽ നിന്ന് എഴുന്നേറ്റപ്പോൾ 40 ആയിത്തീർന്നു. ഒറ്റനോട്ടത്തിൽ എല്ലും തോലുമായ പട്ടിണിക്കോലം പോലെ. കേൾവിശക്തിയുടെ കാര്യത്തിലും പുരോഗതിയുണ്ടായില്ല. കേൾവി എന്നെന്നേക്കുമായി എന്നോട് സലാം പറഞ്ഞ് പിരിഞ്ഞെന്ന് തോന്നിത്തുടങ്ങി. പിന്നെ, ഞാൻ അതിനോട് പൊരുത്തപ്പെട്ടു. പക്ഷേ എങ്ങനെയെങ്കിലും ചുവടുകൾ വയ്ക്കണമെന്നതിനാൽ അതിനുള്ള മാർഗം അന്വേഷിച്ചുകൊണ്ടിരുന്നു. വ്യായാമം ചെയ്ത് പയ്യെപ്പയ്യെ എണീറ്റ് തുടങ്ങി.

ഇപ്പോൾ എനിക്ക് സാധാരണ പോലെ നന്നായി നടക്കാം, ഓടാം, ചാടാം. കേൾവി പരിമിതി മാത്രമേ ഇനി പരിഹരിക്കാനുള്ളൂ. അല്ലെങ്കിലും കേൾവി പോയതിൽ വിഷമമിക്കാനിരിക്കുന്നു, 80% പൊള്ളലേറ്റ എനിക്ക് ജീവൻ തിരിച്ചു തന്നല്ലോ. ഞാൻ തിരിച്ചുവരും, പഴയ ത്വയ്യിബായി തന്നെ–ഈ യുവാവിന്‍റെ ശുഭപ്രതീക്ഷകൾക്ക് അഗ്നിയേക്കാളും തിളക്കം.

∙ കമ്പനിയിൽ നിന്നുള്ള വിളി കാത്തിരിക്കുന്നു
നാട്ടിലേയ്ക്കു കയറ്റി വിടുമ്പോൾ എന്നെങ്കിലും തിരിച്ചു ജോലി ചെയ്യാൻ പറ്റുകയാണേൽ തരാൻ തയ്യാറാണെന്ന് കമ്പനിയധികൃതർ അറിയിച്ചിരുന്നു. യുഎഇയിൽ ഡ്രൈവർ ജോലിക്ക് കേൾവി പരിമിതി പ്രശ്നമല്ലാത്തതിനാൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ തന്നെ തിരികെയെത്താമെന്നാണ് കരുതുന്നത്. കമ്പനിക്ക് മെയിൽ അയച്ചിട്ടുണ്ട്. മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നു. യുഎഇയിലെ മറ്റേതെങ്കിലും കമ്പനി ജോലി തന്നാലും സ്വീകരിക്കാൻ തയ്യാറാണ്. ഭാര്യയും ഇസ്സ മറിയം, കിസ്​വ മറിയം എന്നീ 2 പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. 

∙ നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു..
കൈക്കുമ്പിളിലെ ജലകണം പോലെ ഊർന്നുപോയിക്കൊണ്ടിരുന്ന ജീവിതത്തെ തിരിച്ചുപിടിക്കാൻ പിന്തുണ നൽകിയ എല്ലാവരോടും ഹൃദയഭാഷയിൽ ത്വയ്യിബ് നന്ദി അറിയിക്കുന്നു. ആശുപത്രികളിലെ ഡോക്ടർമാർ, പ്രത്യേകിച്ച് ഓർമയിൽ തെളിഞ്ഞുവരുന്ന മുഖങ്ങളായ ഡോ.അംന ബെൽഹൂൾ, ഡോ.മർവാൻ അൽ സർഊനി, നഴ്സുമാർ, കമ്പനിയധികൃതർ, കുടുംബക്കാർ, സുഹൃത്തുക്കൾ എല്ലാവർക്കും നന്ദി.

English Summary:

Tayyib, a Malayali from Malappuram, Miraculously Survived a near-Fatal Fire in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com