ADVERTISEMENT

ദുബായ് ∙ വേനലവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 5 ഇരട്ടിവരെയാക്കി. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു നീതീകരിക്കാനാവാത്ത ഈ വർധന. ഓഗസ്റ്റ് 11നു ദുബായിൽനിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) വിമാനത്തിന്റെ നിരക്ക് 387 ദിർഹമാണ് (8785 രൂപ). അതേ വിമാനത്തിൽ തിരികെ ദുബായിലേക്കു പറക്കാനുള്ള നിരക്ക് 1807 ദിർഹവും (41,019 രൂപ). ഇന്നലെ ബുക്ക് ചെയ്തവർക്കാണ് ഈ നിരക്ക്. ഇന്നു വില വീണ്ടും മാറാം.

ആവശ്യക്കാർ വർധിക്കുമ്പോൾ നിരക്കു വർധിക്കുന്നതു സ്വാഭാവികമാണെന്നും ആവശ്യം കുറയുമ്പോൾ നിരക്ക് കുറയ്ക്കാറുണ്ടെന്നുമാണു വിമാനക്കമ്പനികളുടെ വിശദീകരണം. എന്നാൽ, കേരളത്തിലേക്കു 8785 രൂപയ്ക്കു പറക്കുന്ന വിമാനത്തിലും തിരികെ 41,019 രൂപയ്ക്കു പറക്കുന്ന വിമാനത്തിലും മുഴുവൻ സീറ്റുകളിലും ആളുണ്ടെന്നതാണു വാസ്തവം. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ കേരള സെക്ടറിലേക്കു ഭൂരിപക്ഷം സർവീസുകളും മുഴുവൻ യാത്രക്കാരുമായാണു നടത്തുന്നത്. 

അതേസമയം, ഗൾഫിൽനിന്നു ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മറ്റു സ്ഥലങ്ങളിലേക്കു സീസൺ സമയത്തു പോലും കേരളത്തിലേക്കുള്ള അത്ര നിരക്ക് ഉണ്ടാവാറില്ല. ഉയർന്ന നിരക്കു കാരണം ഡൽഹിയിലും മുംബൈയിലും ഇറങ്ങിയ ശേഷം കേരളത്തിലെത്തുന്ന പ്രവാസികളും ഏറെയാണ്.

4 പേരുള്ള ഒരു കുടുംബം നാട്ടിൽനിന്നു ഗൾഫിലെത്തണമെങ്കിൽ ഇപ്പോഴത്തെ നിരക്ക് പ്രകാരം 1.7 ലക്ഷം രൂപയെങ്കിലും മുടക്കണം. ഇതേ കുടുംബം, നാട്ടിലേക്കു പോയതും സമാന നിരക്ക് നൽകിയാണ്. വാർഷിക അവധിക്കു നാട്ടിൽ പോയി മടങ്ങി വരുന്ന ഒരു കുടുംബത്തിനു ശരാശരി യാത്രച്ചെലവു മാത്രം 3.5 ലക്ഷം രൂപ!.

English Summary:

Airfares go up five times in Gulf sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com