‘ഡാവിഞ്ചിത്തിളക്കം’ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ച് യുഎഇ; ഉൽക്കവർഷത്തിനും സാധ്യത
Mail This Article
ദുബായ് ∙ ആകാശം നിറയുന്ന ‘ഡാവിഞ്ചിത്തിളക്കം’ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ച് യുഎഇ. സൂര്യാസ്തമയ ശേഷം മാനത്ത് ചന്ദ്രനോടു ചേർന്നുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഭാസമാണ് ഡാവിഞ്ചി ഗ്ലോ എന്നറിയപ്പെടുന്നത്. ചന്ദ്രൻ നേർത്ത രൂപത്തിലാകുമ്പോൾ വെളിച്ചമില്ലാത്ത ഭാഗത്ത് മിന്നിമറിയുന്ന പ്രകാശക്കാഴ്ചകളാണ് ഡാവിഞ്ചി ഗ്ലോ. ഓഗസ്റ്റ് നാലിന് (ചന്ദ്രപ്പിറവിക്കു ശേഷം) ദിവസങ്ങളിൽ ഈ കാഴ്ചകൾക്ക് ആകാശം സാക്ഷ്യം വഹിക്കും.
ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രനിൽ പ്രതിഫലിക്കുമ്പോഴാണ് ഡാവിഞ്ചി ഗ്ലോ പ്രത്യക്ഷമാകുന്നത്. ഈ പ്രതിഭാസം ആദ്യം കണ്ടെത്തിയതു വിഖ്യാത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചി ആയതിനാലാണ് ഈ പ്രതിഭാസത്തിന് അദ്ദേഹത്തിന്റെ പേരിട്ടത്. വരും ദിവസങ്ങളിൽ ഉൽക്കവർഷത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കരുതുന്നത്.
ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഉൽക്കവർഷം കൂടുതൽ വ്യക്തമാവുക. സെക്കൻഡിൽ 60 കിലോമീറ്റർ വേഗത്തിലാവും ഉൽക്കകൾ കടന്നു പോവുക. ഏതാനും ആഴ്ചകൾ ഈ പ്രതിഭാസം തുടരും. വിദൂര മരുഭൂമികളിലാവും ഉൽക്കവർഷം കൂടുതൽ ദൃശ്യമാവുക. നഗരമേഖലയിൽ വെളിച്ച സംവിധാനവും മറ്റും മൂലം കാഴ്ചയുടെ സാധ്യത കുറയും. തെളിഞ്ഞ ആകാശവും തടസ്സങ്ങളിലാതെ പരന്ന പ്രദേശങ്ങളുമാണ് കാഴ്ച കാണാൻ തിരഞ്ഞെടുക്കേണ്ടത്. ഇരുട്ടുമായി കണ്ണ് ഇഴുകിച്ചേരാൻ തന്നെ 10 മിനിറ്റു വേണ്ടി വരും. മണിക്കൂറുകൾ ക്ഷമയോടെ കാത്തിരിക്കുന്നവർക്കു മാത്രമാണ് ഈ കാഴ്ചകൾ കാണാനുള്ള അവസരം.