ADVERTISEMENT

അബുദാബി ∙ നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ മറ്റു ശിക്ഷകളോ കൂടാതെ രാജ്യം വിട്ട് പോകാനും താമസം നിയമവിധേയമാക്കി തുടരാനുമുള്ള അവസരമാണ്  യുഎഇ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിലൂടെ ലഭിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ  ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേക്ക്  ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് വീണ്ടും യുഎഇയിലേയ്ക്ക് വരാതിരിക്കാൻ ആജീവനാന്ത വിലക്ക്(നോ എൻട്രി) ഏർപ്പെടുത്തുമോ എന്ന കാര്യമടക്കം കൂടുതൽ വിവരങ്ങള്‍ അധികൃതർ വരും ദിവസങ്ങളിൽ പുറത്തുവിടും. മുൻവർഷങ്ങളിൽ അപൂർവം കേസുകളിലേ ഇത്തരത്തിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളൂ എന്നത് പ്രതീക്ഷ നിലനിർത്തുന്നു.

1996 ലായിരുന്നു യുഎഇയിൽ ആദ്യത്തെ പൊതുമാപ്പ്. ഏറ്റവും അവസാനമായി നടന്നത് 2018ലും. അന്ന് ആദ്യ ദിവസം തന്നെ ദുബായ് എമിഗ്രേഷന്‍റെ കീഴിലുള്ള അൽ അവീറിലെ സേവന കേന്ദ്രത്തിൽ നിന്ന് ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് പേർ ഔട് പാസ് സ്വന്തമാക്കി.  കുടുംബങ്ങളടക്കമുള്ള അപേക്ഷകർ ഇതിലുൾപ്പെടുന്നു. 2018ലെ പൊതുമാപ്പിന്‍റെ വിശേഷങ്ങൾ പരിശോധിക്കാം:

2018ല്‍ ദുബായ് അവീറിൽ സജ്ജീകരിച്ച താത്കാലിക ഔട്ട് പാസ് കേന്ദ്രത്തിൻ്റെ പുറംകാഴ്ച. ഫയൽചിത്രം: മനോരമ
2018ല്‍ ദുബായ് അവീറിൽ സജ്ജീകരിച്ച താത്കാലിക ഔട്ട് പാസ് കേന്ദ്രത്തിൻ്റെ പുറംകാഴ്ച. ഫയൽചിത്രം: മനോരമ

∙ സന്ദർശക വീസയിലെത്തി ബാക്കിയാവർ കൂടുതൽ
സന്ദർശക വീസയിലെത്തി താമസ രേഖകളില്ലാതെ കഴിയുന്നവരായിരുന്നു മുൻവർഷങ്ങളിലെ പൊതുമാപ്പ് അപേക്ഷകരിൽ കൂടുതലും. അതേസമയം, വീസ മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് ആമർ അല്ലെങ്കിൽ തസ്ഹീൽ കേന്ദ്രങ്ങളിലും അമ്മാർസ് ഡിപാർട്മെന്‍റ് ഓഫ് ദുബായ് റസിഡന്‍റ്സ് വിഭാഗം സംവിധാനമൊരുക്കി.

അബുദാബിയിലും ദുബായിലുമായിരുന്നു 2018ൽ ഏറ്റവും കൂടുതൽ പേർ ഔട് പാസ് നേടിയത്.  മറ്റു എമിറേറ്റുകളില്‍ കുറവായിരുന്നു. 2018 ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസത്തേക്കായിരുന്നു പൊതുമാപ്പ്. കടുത്ത ചൂടില്‍നിന്ന് രക്ഷ നേടുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അബുദാബി, ദുബായ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ശീതീകരിച്ച പ്രത്യേക ടെന്‍റുകള്‍ പൊതുമാപ്പ് നടപടികള്‍ക്കായി സജ്ജീകരിച്ചു. അബുദാബിയിലെ മൂന്നും ദുബായില്‍ ഒന്നും അടക്കം യുഎഇയില്‍ ഒന്‍പതു കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

നിസാർ തളങ്കര, ഇഖ്ബാൽ മാർക്കോണി
നിസാർ തളങ്കര, ഇഖ്ബാൽ മാർക്കോണി

∙ ആറു മാസത്തെ താല്‍ക്കാലിക വീസ
യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ അന്ന് ആറു മാസത്തെ താല്‍ക്കാലിക വീസയും അനുവദിച്ചു. ആഭ്യന്തര പ്രശ്നം മൂലം ദുരിതമനുഭവിച്ചിരുന്ന സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള താമസ വീസയും അധികൃതര്‍ നല്‍കി. രാജ്യം വിട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍  നേരിട്ട് പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയാല്‍ മതി. രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരേണ്ടവരും താല്‍ക്കാലിക വീസ വേണ്ടവരും തസ്ഹീല്‍ ആമര്‍ സെന്‍ററുകളെ  സമീപിക്കാൻ അധികൃതർ നിർദേശിച്ചു. എല്ലാ എമിറേറ്റുകളിലും താല്‍ക്കാലിക വീസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനം ആമര്‍ സെന്‍ററുകളില്‍ സജ്ജമാക്കി.

പിന്നീട് പൊതുമാപ്പ് നടപടികൾ അതിവേഗത്തിലാക്കാൻ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിച്ചു. യു എ ഇ യിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്ക് പുറമെ തസ്ഹീൽ സെന്‍ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിച്ചു. നിയമലംഘകനായ തൊഴിലാളി രാജ്യം വിടാതിരിക്കാൻ പ്രസിദ്ധപ്പെടുത്തിയ ഒളിച്ചോട്ട പരാതി റദ്ദാക്കുക, രാജ്യം വിടാനുള്ള ഔട്പാസിനുള്ള നടപടികൾ പൂർത്തിയാക്കുക , താൽക്കാലിക താമസത്തിനായി ആറ് മാസത്തെ വീസ നൽകുക തുടങ്ങിയ സേവനങ്ങൾ പൊതുമാപ്പിനായുള്ള പ്രത്യേക സെന്‍ററുകൾക്ക് പരിമിതപ്പെടുത്തി.

അനധികൃത താമസക്കാരുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ എല്ലാം സ്വദേശിവൽക്കരണ, മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള തസ്ഹീൽ സെന്‍ററുകൾ വഴിയാണു അപേക്ഷിക്കേണ്ടിയിരുന്നത്. പൊതുമാപ്പിൽ രാജ്യം വിടാൻ സന്നദ്ധരായവരുടെ നടപടികൾ വേഗത്തിലാക്കാനും സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും വേണ്ടിയാണ് ഈ വിഭജനം നടത്തിയത്. ഏറ്റവും അടുത്തുള്ള തസ്ഹീൽ കേന്ദ്രങ്ങളിലാണ്  പ്രസ്തുത രാജ്യങ്ങളിലെ ആശ്രിതവീസയിലുള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയ മേൽനോട്ടത്തിൽ 5O തസ്ഹീൽ സേവന കേന്ദ്രങ്ങൾ എമിറേറ്റുകളിൽ പ്രവർത്തിച്ചു. അബുദാബി15 , ദുബായ് 16, ഷാർജ 8, അജ്മാൻ , ഫുജൈറ 3, റാസൽഖൈമ 4, ഉമ്മുൽഖുവൈനിൽ ഒരു സെന്‍ററും ഉണ്ടായിരുന്നു.

മുൻവർഷങ്ങളിലെ താത്കാലിക പൊതുമാപ്പ് കേന്ദ്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മുൻവർഷങ്ങളിലെ താത്കാലിക പൊതുമാപ്പ് കേന്ദ്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നടപടികൾ ലളിതം; രാജ്യം വിടാൻ 10 ദിവസം
ഔദ്യോഗിക രേഖകളില്ലാത്തതിനാൽ രാജ്യം വിടാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള  പ്രക്രിയകൾ കഴിഞ്ഞ പൊതുമാപ്പിൽ അധികൃതർ ലളിതമാക്കിയിരുന്നു. അപേക്ഷകന്‍റെ നേത്ര, കൈവിരൽ രേഖകൾ പകർത്തുകയാണ് ആദ്യപടി. യാതൊരു ക്രിമിനൽ കുറ്റങ്ങളിലും പിടികിട്ടേണ്ട വ്യക്തിയല്ല അപേക്ഷകൻ എന്നുറപ്പ് വരുത്താനാണിത്. ഇത് പൂർത്തിയാകുന്നതോടെ ഔട്പാസ് ലഭിക്കാനായി അപേക്ഷകരുടെ ഫയൽ അതത് കൗൺസുലേറ്റുകൾക്ക് കൈമാറുന്നു.  ഔട്ട്പാസ് കിട്ടിയാൽ പത്ത് ദിവസത്തിനകം നാടുവിടണമെന്നതാണ് മുൻ വർഷങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ് സ്വീകരിച്ച നിലപാട്. പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തി താമസ രേഖകൾ നിയമാനുസൃതമാക്കണമെന്നും അധികൃതർ അറിയിച്ചു.

ഔട്ട് പാസിന് 220 ദിർഹമായിരുന്നു നിരക്ക്. നിലവിലുള്ള വീസ പുതിയ തൊഴിലിലേക്ക് മാറ്റി തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കണം.

പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുന്നവരുടെ പട്ടിക ഫെഡറൽ അതോറിറ്റി പുറത്തിറക്കിയിരുന്നു. ക്രിമിനൽ , രാജ്യസുരക്ഷാകേസുകൾ നിലനിൽക്കുന്നതിനാൽ കമ്പട്ടികയിലുള്ളവർക്ക് പൊതുമാപ്പ് കാലത്തെ ഇളവൊന്നും ലഭിച്ചില്ല. പിഴയില്ലാതെ രാജ്യംവിടാനും രേഖകൾ നിയമാനുസൃതമാക്കാനും സാധിക്കുന്നവരെ ആറ് വിഭാഗമാക്കുകയാണ് ചെയ്തത്.

അനധികൃത താമസക്കാർക്ക് വീസ മാറാന്‍ അവസരം നൽകുക, രാജ്യം വിടാതെ വീസ നൽകി പാസ്പോർട്ടിൽ പതിക്കുക, പിഴയോ തിരിച്ചുവരവ് തടയുന്ന നോ എൻട്രിയോ പതിക്കാതെ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാൻ സാധിക്കുക തുടങ്ങിയ ആനുകൂല്യങ്ങളാണ് അധികൃതർ നൽകുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഔട് പാസ് കേന്ദ്രത്തിലെത്തിയവർ. ഫയൽചിത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഔട് പാസ് കേന്ദ്രത്തിലെത്തിയവർ. ഫയൽചിത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഒളിച്ചോടിയ തൊഴിലാളികൾക്കും പൊതുമാപ്പ്  പ്രയോജനപ്പെടുത്താം
വ്യക്തികൾക്കും ആശ്രിത വീസയിലുള്ള കുടുംബങ്ങൾക്കും കമ്പനികളിൽ നിന്നോ വീടുകളിൽ നിന്നോ   ഒളിച്ചോടിയ തൊഴിലാളികൾക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഒക്ടോബർ 31നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുക. സെപ്റ്റംബർ 1 ന് പൊതുമാപ്പ് ആരംഭിച്ചതു മുതൽ യുഎഇയിൽ നിയമം ലംഘിച്ച് താമസിക്കുന്നവർ പൊതുമാപ്പിന്‍റെ പരിധിയിൽ വരാനും സാധ്യതയില്ല. മാത്രമല്ല, അതിന് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയവർക്കെതിരെ താമസകുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിച്ചേക്കും.

Image Credit: uaegov
Image Credit: uaegov

∙ ഇന്ത്യക്കാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുക
നിയമലംഘകരായി യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാർ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ യുഎഇയിലെ ഇന്ത്യൻ അധികൃതർ അഭ്യർഥിച്ചു. താമസ രേഖാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് അത് നിയമവിധേയമാക്ക് ഇവിടെ തുടരാനും അല്ലെങ്കിൽ പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള അപൂർവവാസരമാണ് ലഭിച്ചതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്‍റ് നിസാർ തളങ്കര പറഞ്ഞു. സെപ്റ്റംബർ 1ന് പൊതുമാപ്പ് തുടങ്ങുന്നതിന് മുൻപായി മുൻവർഷങ്ങളിലെ പോലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതരുടെ നിർദേശപ്രകാരമുള്ള സൗകര്യങ്ങളൊരുക്കുമെന്നും പറഞ്ഞു. വീസാ കാലാവധി കഴിഞ്ഞ് പിഴയൊടുക്കാൻ വഴിയില്ലാതെ നിയമവിധേനയല്ലാതെ യുഎഇയിൽ തുടരുന്നവർ കൂടുതൽ ചിന്തിക്കാതെ പൊതുമാപ്പിലൂടെ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയും പറഞ്ഞു.

amnesty-a-golden-chance-for-illegal-residents-all-you-needed-to-know2
1996 ല്‍ ഹംരിയ പോർട്ടിൽ ഔട് പാസ് നേടാൻ നിൽക്കുന്നവരുടെ ക്യൂ. ഫയൽചിത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ 1996: പൊതുമാപ്പ് ചരിത്രം 
1996 - റസിഡൻസ് പെർമിറ്റ്, വിസിറ്റ് വീസ അല്ലെങ്കിൽ എൻട്രി പാസുകൾ എന്നിവയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന്  പ്രവാസികൾക്കായി യുഎഇ ആദ്യത്തെ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ദിവസേനയുള്ള 100 ദിർഹം പിഴയടക്കുന്നതിൽ നിന്ന് എല്ലാ പ്രവാസികളെയും ഒഴിവാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റസിഡൻസ് പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷവും ചില പ്രവാസികളെ രാജ്യത്ത് തുടരാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ നീക്കം. സാമ്പത്തിക ഭാരം വഹിക്കാതെ ഈ നിയമലംഘകരെ രാജ്യം വിടാൻ അനുവദിക്കുന്നതിന്  ഒരു ഇമിഗ്രേഷൻ ഓഫിസറുടെ മുൻപാകെ ഹാജരായാൽ പിഴയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി അന്ന് പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു.

English Summary:

Amnesty: A Golden Chance for Illegal Residents. All you Needed to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com