അജ്മാനിൽ ടാക്സി നിരക്ക്: കിലോമീറ്ററിന് 1.83 ദിർഹം
Mail This Article
അജ്മാൻ∙ പെട്രോൾ വില വർധിച്ചതിനു പിന്നാലെ ടാക്സി നിരക്ക് വർധിപ്പിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. കിലോമീറ്ററിന് 1 ഫിൽസ് വർധിച്ച് 1.83 ദിർഹമായി. അജ്മാനിൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി അതോറിറ്റി അറിയിച്ചു.
ആദ്യ 6 മാസത്തിൽ 1.28 കോടി പേരാണ് ടാക്സി ഉപയോഗിച്ചത്. ടാക്സികൾ 64 ലക്ഷം ട്രിപ്പുകൾ ഓടി. ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 23% വർധനയുണ്ടായി.
ഇൗ മാസത്തെ ഇന്ധനവില
പെട്രോൾ സൂപ്പർ 98 ലീറ്ററിന് 3.05 ദിർഹമാണ് നൽകേണ്ടത്. ജൂലൈയിൽ ലീറ്ററിന് 2.99 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലീറ്ററിന് 2.93 ദിർഹം(ഒാഗസ്റ്റിൽ ലീറ്ററിന് 2.88 ദിർഹം). ഇ പ്ലസ് 91 ലീറ്ററിന് 2.86 ദിർഹവും ഡീസല്‍ ലീറ്ററിന് 2.95 ദിർഹവും നൽകണം. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.
സൗഹൃദ വാഹനങ്ങളുടെ എണ്ണത്തിൽ 21% വർധനവ്
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ടാക്‌സി, ലീമോസിൻ ഫ്ലിറ്റിലെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024ലെ ആദ്യ 6 മാസത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം 2,231 ആയി.
പരിസ്ഥിതി സൗഹൃദ ടാക്‌സികളുടെയും ലീമോസിനുകളുടെയും എണ്ണം വിപുലീകരിക്കുന്നതിലൂടെ അതോറിറ്റി പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുക മാത്രമല്ല, കൂടുതൽ സുസ്ഥിരമായ യാത്രാമാർഗങ്ങൾ തേടുന്ന യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയും ചെയ്യുന്നു. 2024ന്റെ ആദ്യ പകുതിയിൽ ടാക്സി ഉപയോക്താക്കളുടെ എണ്ണം 1,28,03,216 എത്തിയതായും യാത്രകളുടെ എണ്ണം 6,401,608 ട്രിപ്പുകൾ ആണെന്നും അറിയിച്ചു. 2023-ലെ ഇതേ കാലയളവിൽ 5,189,296 ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോക്താക്കളുടെ എണ്ണത്തിലെ വർധനവ് 23 ശതമാനം.