ADVERTISEMENT

ദുബായ് ∙ യുഎഇയിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികൾക്ക് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ഈ പൊതുമാപ്പ് പ്രാബല്യത്തിൽ വരിക. ഈ അവസരത്തിൽ, മാതൃ രാജ്യത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടാൻ അനുമതി ലഭിക്കും.  ഈ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ ഡിജിആർഎഫ്എ തുടങ്ങിക്കഴിഞ്ഞു.

ആർക്കൊക്കെ ഈ ആനുകൂല്യം നേടാനാകും? ഇതിന് എന്താണ് ചെയ്യേണ്ടത്? ഇത്തരത്തിൽ ഔട്ട് പാസ് നേടി തിരിച്ചുപോകുന്നവർക്ക് വീണ്ടും യുഎഇയിലേക്ക് മടങ്ങിവരാനാകുമോ?. ഒരുപാട് സംശയങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഈ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

everything-to-know-about-uae-amnesty-laws-and-regulations

∙ പൊതുമാപ്പ് എങ്ങനെ നേടാം? തിരിച്ചുവരാനാകുമോ?
യുഎഇയിൽ വീസയോ എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ നിയമസാധുതയില്ലാതെ, കമ്പനിയിൽ നിന്നും സ്പോൺസറുടെ അടുത്തു നിന്നും ഒളിച്ചോടി (അബ് സ്കോൻഡിങ്) ആയി താമസിക്കുന്ന ഏതൊരാൾക്കും പിഴ കൂടാതെ വേറൊരു വീസയിലേക്ക് മാറുകയോ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുവാനോ ഗവൺമെന്‍റ് അനുവദിച്ചതാണ് പൊതുമാപ്പ്. 

അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള കാലപരിധിക്കുള്ളിൽ അപേക്ഷിക്കുകയും ഔട്ട്പാസ് നേടി രാജ്യം വിടുകയും വേണം. ഇതിനായി സെപ്റ്റംബർ ഒന്നുമുതൽ അധികൃതർ  ഔട്ട്പാസ് കേന്ദ്രങ്ങൾ തുറക്കും. പാസ്പോർട്ടുള്ളവർ അതുമായോ, ഇല്ലെങ്കിൽ അതിന്‍റെ പകർപ്പ്, കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിയോ, അതിന്‍റെ പകർപ്പോ, മറ്റു കമ്പനി രേഖകളോ ഉണ്ടെങ്കിൽ അതുമായി യാതൊരു ആശങ്കയും കൂടാതെ ഈ കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. തുടക്കത്തിൽത്തന്നെ സമീപിച്ചാൽ എല്ലാ നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനാകും. വൈകിയാൽ കൃത്യമായി മടങ്ങാനാകാതെ വരികയും മറ്റു നൂലാമാലകളിൽപ്പെടുകയും ചെയ്യും. 

മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

വീസ കാലാവധി തീർന്ന ഏതൊരാളും പൊതുമാപ്പ് സമയത്ത് നാട്ടിലേക്ക് മടങ്ങിയാൽ അവർക്ക്  യാതൊരുവിധ യാത്രാ വിലക്കും ഉണ്ടാവുന്നതല്ല. എപ്പോൾ വേണമെങ്കിലും സ്വന്തം രാജ്യത്തിൽ നിന്ന് പുതിയ വീസയിൽ യുഎഇയിലേക്ക് വരാവുന്നതുമാണ്. എന്നാൽ, ചില കുറ്റകൃത്യങ്ങളിൽപ്പെട്ട് നാടുകടത്താന്‍(ഡിപോർട്ടേർഷൻ) കോടതി വിധിക്കുകയും പിന്നീട് ജാമ്യം നേടിയ ശേഷം തിരിച്ച് ഹാജരാകാതെ ഒളിച്ചുതാമസിക്കുന്നവർക്കും പൊതുമാപ്പിലൂടെ പോകാനാകുമെങ്കിലും രാജ്യത്തേക്ക് തിരിച്ചുവരാൻ സാധിക്കില്ല. 

∙ വീസ മാറി ജോലി, ബിസിനസ് ചെയ്ത് താമസം തുടരാം
ടൂറിസ്റ്റ്, ജോബ് സീക്കർ വിസിറ്റ്, എംപ്ലോയ്മെന്‍റ്, റസിഡൻഷ്യൽ, പാർട്ണർഷിപ്പ്, ഇൻവെസ്റ്റർ വീസകളാണ് യുഎഇയില്‍ നിലവിലുള്ളത്. ഏത് തരത്തിലുള്ള വീസയും ഓവറായാൽ പിഴ അടയ്ക്കാതെ തന്നെ പുതുക്കുകയോ വേറെ വീസയിലേക്ക് മാറുകയോ ചെയ്തു പുതിയ ജോലിയോ ബിസിനസോ ചെയ്ത് യുഎഇയിൽ നിയമപരമായി താമസിക്കാൻ പൊതുമാപ്പ് ഉപയോഗപ്പെടുത്താം. ഏറ്റവും കൂടുതലായി ടൂറിസ്റ്റ് വീസയിൽ യുഎയിലേക്ക് വരുന്നവരാണ് വീസാ കാലാവധി കഴിഞ്ഞും അതു പുതുക്കാതെ തുടരുന്നത്. ജോലി ലഭിക്കാത്തതാണ് പലപ്പോഴും ഇതിന് കാരണം. 

മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ കേസുകളിൽപ്പെട്ടവരുടെ അവസ്ഥ
ഇവിടെ എംപ്ലോയ്മെന്‍റ് വീസയിൽ ഉള്ളവർ ഏറെയും വീസ കാലാവധി കഴിഞ്ഞു അതു പുതുക്കാത്തതിന്‍റെ പ്രധാന കാരണം അവർ പലതരം കേസുകളിൽപ്പെടുന്നതുകൊണ്ടാണ്. ഒരാൾക്ക് ഏതെങ്കിലും കേസിൽ പെട്ട് അറസ്റ്റ് വാറണ്ട് ഉള്ളപ്പോൾ വീസയുടെ സ്റ്റാറ്റസ് ചേഞ്ച് ആക്കാൻ സാധിക്കുന്നതല്ല. വീസ പുതുക്കാനോ ക്യാൻസൽ ചെയ്യാനോ പുതിയ വീസയിലേയ്ക്ക് മാറാനും സാധ്യമല്ല. കേസ് ഉള്ളതുകൊണ്ട് യാത്രാ വിലക്ക്( ട്രാവൽ ബാൻ) വരുന്നതുമാണ്. 

എന്നാൽ യുഎഇയിൽ നിയമപ്രശ്നങ്ങൾ ഉള്ളവർക്കും ഒന്ന് ശ്രദ്ധിച്ചാൽ ഈ പൊതു മാപ്പിൽ വീസയുടെ ഓവർസ്റ്റേ മാറ്റി അതു പുതുക്കാനും അല്ലെങ്കിൽ പുതിയ വീസയിലേയ്ക്ക് മാറാനും സാധിക്കുന്നതാണ്. ഇന്ത്യക്കാരുടെ നിയമ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതലായി വരുന്നത് ക്രെഡിറ്റ് കാർഡ് വായ്പാ തവണകൾ അടയ്ക്കാതെ വരുന്നതും ചെക്ക് മടങ്ങുന്ന കേസുകളുമാണ്. അതായത് വ്യക്തിക്കോ കമ്പനികൾക്കോ ചെക്കുകൾ കൊടുത്തിട്ട് പണം ഇല്ലാത്തതിന്‍റെ പേരിൽ വരുന്ന സിവിൽ കേസുകൾ.

മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ താമസ രേഖകൾ ശരിയാക്കാൻ ഇപ്പോഴേ ശ്രമം തുടങ്ങുക
സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പിന്‍റെ സമയം തുടങ്ങുന്നത്. ഈ സമയത്തിനുള്ളിൽ കൊടുക്കാനുള്ള ബാങ്കിന്‍റെയും വ്യക്തിയുടെയോ കമ്പനിയുടെയോ തുകയുടെ പേരിലുള്ള സിവിൽ കേസിന്‍റെ ടോട്ടൽ എമൗണ്ടിന്‍റെ 30% കോടതിയിൽ അടച്ചാൽ നിങ്ങൾക്ക് അറസ്റ്റ് റിമൂവ് ചെയ്ത് വീസ അടിക്കാൻ സാധിക്കുന്നതാണ്. 30% തുക അടയ്ക്കാൻ നിർവാഹമില്ലെങ്കിൽ 10– 15%  അടച്ച് ജോലി നഷ്ടപ്പെട്ടതിന്‍റെയോ ബാങ്ക് ബാലൻസ് സ്റ്റേറ്റ്മെന്‍റിന്‍റെയോ തെളിവ് സമർപിച്ച് വീസ അടിക്കാനുള്ള അപേക്ഷ കൊടുക്കാവുന്നതാണ്.

മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

നിയമവശങ്ങൾ അറിയാത്തതിന്‍റെ പേരിൽ ട്രാവൽ ബാൻ മാത്രമുള്ള കേസിലും വീസ പുതുക്കാൻ കഴിയില്ല എന്ന് കരുതി പുതുക്കാത്ത വളരെയധികം പേരുണ്ട് യുഎഇയിൽ. അതേപോലെ ക്രിമിനൽ, ലേബർ, ഫാമിലി കേസ് ഏതാണെങ്കിലും  ഇവിടെ വിചാരണ നടക്കുന്ന സമയമാണെങ്കിലും ഈ പൊതുമാപ്പ് സമയത്ത് കോടതിയിൽ അപേക്ഷ സമർപ്പിച്ച്, പുതിയ ജോലിയുടെ ഓഫർ ലെറ്റർ കാണിച്ച് വീസ നിയമപരമായി പുതുക്കാനോ മാറാനോ സാധിക്കുന്നതാണ്.

∙ വാടക കേസ്; 20% അടച്ച് അടച്ച് വീസ പുതുക്കാം
വാടക കേസിലും ഇതേ രീതിയിൽ 20% അടച്ച് ബാലൻസ് പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് ആക്കി വീസ പുതുക്കാം. സിവിൽ കേസിലും വാടക കേസിലും ഡൗൺ പെയ്മെന്‍റ് അടച്ച് ഇൻസ്റ്റാൾമെന്‍റ് ആക്കിയതിനു ശേഷം വീസ ക്യാൻസൽ ചെയ്യുകയോ പുതിയ ജോലിയിലേയ്ക്ക് മാറുകയോ ആവാം. അതേപോലെ  ഇൻസ്റ്റാൾമെന്‍റ് കറക്ട് ആയി പെയ്മെന്‍റ് ചെയ്തു എന്തെങ്കിലും എമർജൻസിക്ക്  യുഎഇക്ക് പുറത്ത് യാത്ര ചെയ്യണമെങ്കിൽ വേറെ ഒരു പാസ്പോർട്ട് ജാമ്യത്തിൽ വച്ചുകൊണ്ട് പോകാവുന്നതാണ്. എന്നാൽ ആ കേസിന്‍റെ ബാക്കി പേയ്മെന്‍റിന്‍റെ ബാധ്യത ജാമ്യത്തിൽ പാസ്പോർട്ട് വച്ച ആളുടെതാകും. അയാൾ തിരിച്ചു വന്നതിനുശേഷം പാസ്പോർട്ട് മാറ്റി വയ്ക്കാവുന്നതുമാണ്.

മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
മുൻ വർഷത്തെ താത്കാലിക പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. ഫയൽചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ പൊതുമാപ്പ് ഏറ്റവുമധികം വിനിയോഗിക്കാറ് കുടുംബങ്ങൾ
പൊതുമാപ്പിന്‍റെ ഉപയോഗം ഏറ്റവും അധികം ഉപയോഗിക്കാറ് വീസാ പ്രശ്നങ്ങളിൽപ്പെട്ടിട്ടുള്ള കുടുംബങ്ങളാണ്. കുട്ടികളുടെ വീസ ഓവർ ആയതുകൊണ്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങിയ സാഹചര്യങ്ങൾക്ക് ഇത് പരിഹാരമാകുന്നു. കാലങ്ങളായി കുടുംബവുമായി നാട്ടിൽ പോകാത്തവർക്കും ഇതൊരു സുവർണാവസരമാണ്.

∙ പൊതുമാപ്പ്; നടപടികൾക്കായി പ്രത്യേകസംഘം
ദുബായിലെ വീസ ഗ്രേസ് പീരിയഡ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ദുബായ് ജിഡിആർഎഫ്എ ഒരു പ്രത്യേക സംഘത്തെ  രൂപീകരിച്ചു. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവീസസ്, പ്രോആക്ടീവ് മീഡിയ കമ്മ്യൂണിക്കേഷൻ, സർവീസസ് ഡെവലപ്‌മെന്‍റ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപീകരിച്ചത്. ഇത് വഴി വീസ ലംഘനക്കർക്ക് എളുപ്പത്തിൽ അവരുടെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസമാണ് അനധികൃത വീസ താമസക്കാർക്ക് രണ്ടുമാസത്തെ  ഗ്രേസ്പീരിയഡ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള  കൂടുതൽ വിശദാംശങ്ങൾ അടുത്ത് തന്നെ പുറത്തിറക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചിട്ടുണ്ട്.

അഡ്വ.പ്രീത
അഡ്വ.പ്രീത

∙ അമാന്തിച്ചുനിൽക്കാതെ, അവസരം മുതലാക്കുക
യുഎഇ ഗവൺമെന്‍റ് നൽകിയ ഈ ആനുകൂല്യത്തെ വിവിധ പ്രശ്നങ്ങളിലും പ്രതിസന്ധികളിലുമുള്ളവർ അവനവന്‍റെ ബാധ്യതകൾ തീർത്ത് നീമപരമായി വിനിയോഗിക്കണം. ഇനിയും ആലോചിച്ച് നിൽക്കാൻ സമയമില്ല. സർക്കാർ ഒരുമാസം മുൻപേ പൊതുമാപ്പ് പ്രഖ്യാപിച്ചത് ആനുകൂല്യം ആവശ്യമുള്ളവർക്ക് ഇതിനായി ഒരുങ്ങാനാണ്. ഈ ആനുകൂല്യം മുതലാക്കാതെ അനധികൃതമായി തുടരുന്നവർക്ക് ആജീവനാന്ത വിലക്ക്, തടവ്, പിഴയടക്കം കടുത്ത ശിക്ഷയാണ് മുൻകാലങ്ങളിൽ ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്, അമാന്തിച്ചുനിൽക്കാതെ നടപടികളിലേക്ക് കടക്കാം.
ഫോൺ: +971 52 731 8377(അഡ്വ.പ്രീത).

English Summary:

UAE Amnesty: Whom will get Benefit? Possible to Come Back? - Everything to Know about Amnesty Laws and Regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com