എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും ഇന്നുമുതൽ പ്രത്യേക മെട്രോ സർവീസ്
Mail This Article
ദുബായ് ∙ എക്സ്പോ 2020യിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും ഇന്നു മുതൽ പ്രത്യേകം സർവീസുമായി ദുബായ് മെട്രോ. ഇതോടെ ജബൽ അലി മെട്രോ സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ട സാഹചര്യം ഒഴിവായി.
ജബൽ അലിയിൽ വൈ ജംക്‌ഷൻ സ്ഥാപിച്ചതോടെ എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും നേരിട്ടുള്ള സർവീസുകൾ സാധ്യമായി. സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് ഒരാൾ യുഎഇ എക്സ്ചേഞ്ചിലേക്കു കയറിയാൽ അവർ ജബൽ അലിയിലെ ഇന്റർ ചേഞ്ച് സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറിക്കയറണമായിരുന്നു. തിരിച്ചു സെന്റർ പോയിന്റിലേക്കുള്ള യാത്രയിലും ഇതേ സാഹചര്യമായിരുന്നു. മെട്രോ റെഡ് ലൈനിൽ രണ്ടു ദിശയിലുള്ള അവസാന സ്റ്റേഷനുകളാണ് എക്സ്പോ 2020യും യുഎഇ എക്സ്ചേഞ്ചും. രണ്ടു സ്റ്റേഷനിലേക്കും പ്രത്യേകം ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യാത്രക്കാർക്ക് അതേ ട്രെയിനിൽ ലക്ഷ്യത്തിലെത്താം. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 സ്റ്റേഷനുകളാണ് ദുബായ് മെട്രോയ്ക്കുള്ളത്.
2030 ആകുമ്പോഴേക്കും മെട്രോ സഞ്ചരിക്കുന്ന ദൂരം 140 ചതുരശ്ര കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 96 ആകും. 2040ൽ ആകെ ദൂരം 228 ചതുരശ്ര കിലോമീറ്ററായി ഉയരും. സ്റ്റേഷനുകൾ 140 എണ്ണവും. മെട്രോ സർവീസുകൾ വർധിപ്പിക്കുന്നതിലൂടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് മെട്രോ ആശ്രയിക്കുന്നവരുടെ എണ്ണം 45 ശതമാനമാക്കുകയാണ് ലക്ഷ്യം.